ADVERTISEMENT

ഡീസല്‍ ഇന്ധനമാക്കിയ നാലു ചക്രവാഹനങ്ങള്‍ 2027ഓടെ നിരോധിക്കാന്‍ നിര്‍ദേശം നല്‍കി സര്‍ക്കാര്‍ സമിതി. പത്തു ലക്ഷത്തിലേറെ ജനസംഖ്യയുള്ളതും അന്തരീക്ഷ മലിനീകരണം കൂടുതലുള്ളതുമായ നഗരങ്ങളില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് പകരം ഇലക്ട്രിക് അല്ലെങ്കിൽ സിഎൻജി വാഹനങ്ങള്‍ ഉപയോഗിക്കണം. പെട്രോളിയം- പ്രകൃതി വാതക മന്ത്രാലയം രൂപീകരിച്ച സമിതിയുടെ നിര്‍ദേശങ്ങള്‍ നഗരങ്ങളില്‍ ഡീസല്‍ കാറുകള്‍ നിരോധിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.

 

ഹരിതഗൃഹ വാതകങ്ങള്‍ പുറംതള്ളുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ മുന്നിലാണ് ഇന്ത്യ. 2070 ആകുമ്പോഴേക്കും അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കണമെന്ന ലക്ഷ്യത്തിലാണ് ഈ നടപടികള്‍. നിലവില്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന വൈദ്യുതിയില്‍ 40 ശതമാനം പുനരുപയോഗിക്കാവുന്ന ഉറവിടങ്ങളില്‍ നിന്നുള്ളതാണ്. 

 

'2030നു ശേഷം വൈദ്യുത സിറ്റി ബസുകള്‍ മാത്രമേ അനുവദിക്കാവൂ. 2024 മുതല്‍ തന്നെ പുതിയ ഡീസല്‍ ബസുകള്‍ അനുവദിക്കരുത്' എന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മുന്‍ പെട്രോളിയം സെക്രട്ടറി തരുണ്‍ കപൂര്‍ തലവനായ എനര്‍ജി ട്രാന്‍സിഷന്‍ അഡ്‌വൈസറി കമ്മറ്റിയാണ് ഈ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. സമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അനുമതി പെട്രോളിയം മന്ത്രാലയം തേടുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

 

വൈദ്യുത-ഹൈബ്രിഡ് വാഹനങ്ങളുടെ പ്രചാരം വര്‍ധിക്കുന്നതിന് വൈദ്യുത വാഹന നിര്‍മാതാക്കള്‍ക്ക് ഇളവുകള്‍ നല്‍കുന്ന FAME(ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്റ് മാനുഫാക്ചുറിങ് ഓഫ് ഇലക്ട്രിക് ആന്റ് ഹൈബ്രിഡ് വെഹിക്കിള്‍സ്) പദ്ധതി നീട്ടണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നുണ്ട്. പെട്രോളിയം ഇന്ധനമായുള്ള വാഹനങ്ങളില്‍ അഞ്ചില്‍ രണ്ടു ഭാഗമാണ് ഡീസല്‍ വാഹനങ്ങളുള്ളത്. ഡീസല്‍ ഉപയോഗത്തിന്റെ 80 ശതമാനവും ചരക്കു വാഹനങ്ങള്‍ക്കു വേണ്ടിയുള്ളതാണ്. 

 

ഡീസല്‍ ഇന്ധനമായുള്ള വാഹനങ്ങള്‍ക്ക് പകരം ചരക്കു നീക്കത്തിന് റെയില്‍വേ സംവിധാനങ്ങളേയും സിഎന്‍ജി ഇന്ധനമാക്കിയ ട്രക്കുകളേയും ഉപയോഗിക്കണം. മൂന്നു വര്‍ഷത്തിനുള്ളില്‍ റെയില്‍വേ പൂര്‍ണമായും വൈദ്യുതീകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ദീര്‍ഘദൂര ബസുകള്‍ 10 മുതല്‍ 15 വര്‍ഷത്തിനകം ഡീസലില്‍ നിന്നും സിഎന്‍ജിയിലേക്ക് മാറണം. 

 

നിലവില്‍ 6.2% സിഎന്‍ജി വാഹനങ്ങളുള്ളത് 2030 ആകുമ്പോഴേക്കും 15 ശതമാനമാക്കി ഉയര്‍ത്താനും ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. രണ്ടു മാസത്തേക്കു വരെയുള്ള സിഎന്‍ജി ശേഖരിച്ചുവെക്കാനുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ നിര്‍മിക്കണമെന്ന നിര്‍ദേശവും പാനല്‍ മുന്നോട്ടുവെക്കുന്നു. 2020-2050 കാലയളവില്‍ സിഎന്‍ജിയുടെ ആവശ്യകത 9.78% കണ്ടു വര്‍ധിക്കുമെന്ന കണക്കുകൂട്ടലിലാണ് സിഎന്‍ജി സംഭരണം സംവിധാനങ്ങള്‍ ഒരുക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 

 

English Summary: Diesel Cars May Face Ban in Major Indian Cities by 2027, Govt Panel Proposes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com