ADVERTISEMENT

ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് ലേലത്തില്‍ പോയ നമ്പര്‍ പ്ലേറ്റ് എന്ന റെക്കോർഡ് ഇനി ദുബായിലെ ടെസ്‌ല മോഡല്‍ എക്‌സിന് സ്വന്തം. ഏകദേശം 2 കോടി രൂപയാണ് മോഡൽ എക്സിന്റെ വില. P7 എന്ന നമ്പറിനു വേണ്ടി പേരു വെളിപ്പെടുത്താത്ത ഒരാള്‍ 15 ദശലക്ഷം ഡോളറാണ് (122.59 കോടി രൂപ) മുടക്കിയത്. അതായത് ഈ വാഹന ഉടമ മുടക്കിയത് 60 ടെസ്‌ല മോഡല്‍ എക്‌സ് കാറുകള്‍ക്ക് തുല്യമായ പണമായിരുന്നു.

ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ വാഹന നമ്പര്‍ ലേലം നടന്നത് 2008ൽ ആയിരുന്നു. അന്ന് 14.3 ദശലക്ഷം ഡോളറിനാണ് വാഹന നമ്പർ ലേലം നടന്നത്. ഇപ്പോള്‍ ഇത്രയും വലിയ തുകയ്ക്കു റജിസ്‌ട്രേഷന്‍ നമ്പര്‍ 'P7' സ്വന്തമാക്കിയത് എന്തിനാണെന്ന കാരണം വ്യക്തമല്ല. നേരത്തെ D5 എന്ന വാഹന റജിസ്‌ട്രേഷന്‍ നമ്പറും വലിയ തുകക്ക് ലേലത്തില്‍ പോയിരുന്നു. ഇന്ത്യക്കാരനായ ബല്‍വിന്ദര്‍ സിങ് ആണ് 'D5' എന്ന നമ്പര്‍ സ്വന്തം വാഹനത്തിനു വേണ്ടി സ്വന്തമാക്കിയത്. ഒരിക്കല്‍ ഒറ്റ അക്ക റജിസ്‌ട്രേഷനുള്ള കാറുകള്‍ക്ക് മാത്രം പ്രവേശനം നല്‍കുന്ന ആഡംബര ഹോട്ടലിനു പുറത്തുവെച്ച് ബല്‍വിന്ദര്‍ സിങിനെ തടഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് വലിയ തുകമുടക്കി D5 എന്ന നമ്പര്‍ ബല്‍വിന്ദര്‍ വാങ്ങിയത്.  

ലോകത്തിലെ ഏറ്റവും മൂല്യമുള്ള നമ്പര്‍ പ്ലേറ്റ് 'F1' എന്ന വാഹന നമ്പറിനാണ്. 1904 മുതല്‍ എസെക്‌സ് സിറ്റി കൗണ്‍സിലിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഈ നമ്പര്‍ 2008ല്‍ അവര്‍ ലേലത്തില്‍ വയ്ക്കുകയായിരുന്നു. ബ്രിട്ടനില്‍ നിന്നുള്ള ഖാന്‍ ഡിസൈന്‍ ഉടമ അഫ്‌സല്‍ ഖാന്‍ തന്റെ ബുഗാട്ടി വെയ്‌റണിനു വേണ്ടി നാലു കോടി രൂപക്കാണ് ഈ നമ്പര്‍ സ്വന്തമാക്കിയത്. എന്നാല്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ ഈ നമ്പറിന്റെ മൂല്യം കുത്തനെ ഉയര്‍ന്നു. ഇന്ന് F1 എന്ന ഈ വാഹന റജിസ്‌ട്രേഷന്‍ നമ്പറിന് ഏതാണ്ട് 132 കോടി രൂപ മൂല്യം കണക്കാക്കപ്പെടുന്നു.

English Summary: World’s most expensive number plate sold at Rs. 122.59 crore spotted on Tesla Model X

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com