വില 10 ലക്ഷം; ഉടൻ വിപണിയിലെത്തുന്ന 5 എസ്യുവികൾ
Mail This Article
നിരവധി കാരണങ്ങളാല്‍ ഇന്ത്യയില്‍ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പന കുത്തനെ ഉയരുകയാണ്. ഈ ജനപ്രീതി കണക്കിലെടുത്ത് പല കാര്‍ നിര്‍മാതാക്കളും പത്തു ലക്ഷത്തില്‍ താഴെ വിലയുള്ള എസ്‌യുവികള്‍ കൂടുതലായി പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ്. സബ് കോംപാക്ട് വിഭാഗത്തിലെ എസ്‌യുവികള്‍ കൂടി വരുന്നതോടെ ഇന്ത്യയില്‍ എസ്‌യുവികളുടെ വിപണിയിലെ സ്വാധീനം വര്‍ധിക്കും. ഇന്ത്യന്‍ വിപണിയിലേക്കെത്തുന്ന പത്തുലക്ഷത്തില്‍ താഴെ വിലയുള്ള അഞ്ച് എസ്‌യുവികളെ പരിചയപ്പെടാം.
ഹ്യുണ്ടേയ് എക്സ്റ്റര്‍
ഇന്ത്യന്‍ വിപണിയിലെ തങ്ങളുടെ ഏറ്റവും ചെറിയ എസ്‌യുവി ഹ്യുണ്ടേയ് വൈകാതെ പുറത്തിറക്കും. എക്സ്റ്റര്‍ എന്നു പേരിട്ടിരിക്കുന്ന എസ്‌യുവിയുടെ ബുക്കിങ് കമ്പനി ആരംഭിച്ചു. ഹ്യുണ്ടയ് കാറുകളില്‍ വെന്യുവിന് പിന്നിലായിട്ടായിരിക്കും എക്സ്റ്ററിന്റെ സ്ഥാനം. 82 ബിഎച്ച്പി കരുത്തുള്ള 1.2 ലീറ്റര്‍ പെട്രോള്‍ എൻജിനില്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ബോക്‌സാണ് നല്‍കിയിരിക്കുന്നത്. സിഎന്‍ജിയിലും എക്‌സ്റ്റര്‍ ലഭ്യമാണ്.
ടാറ്റ പഞ്ച് iCNG
പഞ്ചിന്റെ സിഎന്‍ജി മോഡല്‍ ടാറ്റ വൈകാതെ പുറത്തിറക്കും. ടിയാഗോ, ടിഗോര്‍, ടിയാഗോ എന്‍ആര്‍ജി, ആള്‍ട്രോസ് എന്നിവക്കു ശേഷം ടാറ്റ പുറത്തിറക്കുന്ന അഞ്ചാമത്തെ സിഎന്‍ജി മോഡലാണിത്. ട്വിന്‍ സിലിണ്ടര്‍ സാങ്കേതികവിദ്യയുള്ള വാഹനത്തില്‍ 1.2 ലീറ്റര്‍ ബൈ ഫ്യുവല്‍ പെട്രോള്‍ എൻജിനും 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമാണുണ്ടാവുക.
കിയ സോണറ്റ് ഫേസ് ലിഫ്റ്റ്
ഇന്ത്യന്‍ വിപണിയില്‍ സോണറ്റിനെ മുഖംമിനുക്കി അവതരിപ്പിക്കാനൊരുങ്ങുകയാണ് കിയ. അകത്തും പുറത്തും മാറ്റങ്ങളോടെയായിരിക്കും സോണറ്റിന്റെ വരവ്. 1.2 ലീറ്റര്‍ പെട്രോള്‍ എൻജിനിലും 1.0 ലീറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോളിലും 1.5 ലീറ്റര്‍ ഡീസല്‍ എൻജിനിലും സോണറ്റ് ലഭ്യമാണ്.
ടാറ്റ നെക്‌സോണ്‍ ഫേസ് ലിഫ്റ്റ്
കിയക്കൊപ്പം മുഖംമിനുക്കിയെത്തുന്ന മറ്റൊരു എസ്‌യുവിയാണ് ടാറ്റയുടെ നെക്‌സോണ്‍. ഓഗസ്റ്റില്‍ ടാറ്റ മോട്ടോഴ്‌സ് സബ് കോംപാക്ട് എസ്‌യുവിയായ നെക്‌സോണിന്റെ പുതുരൂപത്തെ വില്‍പനക്കെത്തിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രൂപകല്‍പനയിലും ഫീച്ചറുകളിലും കരുത്തിലുമെല്ലാം മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. പെട്രോള്‍, ഡീസല്‍ എൻജിനുകളിലും മാനുവല്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലും നെക്‌സോണ്‍ ലഭ്യമാവും.
മാരുതി സുസുക്കി ജിമ്‌നി
ഏറെക്കാലമായി കാത്തിരിക്കുന്ന മാരുതി സുസുക്കിയുടെ ജിമ്‌നിയാണ് പട്ടികയില്‍ അവസാനത്തേത്. അടുത്ത മാസമാണ് ജിമ്‌നിയുടെ വില ഔദ്യോഗികമായി മാരുതി സുസുക്കി പ്രഖ്യാപിക്കുകയെങ്കിലും 5 ഡോര്‍ എസ്‌യുവിക്ക് 9.99 ലക്ഷം രൂപ മുതലാവും വിലയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4 സ്പീഡ് എടിയുമാണ് 103 ബിഎച്ച്പി 1.5 ലീറ്റര്‍ പെട്രോള്‍ എൻജിനിലുള്ളത്.
English Summary: Five Upcoming SUV Under 10 Lakhs