ADVERTISEMENT

സ്മാർട് ഫോൺ ഉപയോഗം വ്യാപകമായി തുടങ്ങിയപ്പോൾ തന്നെ പെട്രോൾ പമ്പുകളിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കരുത് എന്ന മുന്നറിയിപ്പും വന്നു. കഴിഞ്ഞ ദിവസം കർണാടകയിലുണ്ടായ അപകടത്തിൽ ഒരു യുവതി മരിച്ചത് പെട്രോൾ പമ്പിലെ മൊബൈൽ ഉപയോഗം മൂലമാണെന്നായിരുന്നു വാർത്തകൾ. ശരിക്കും പെട്രോൾ പമ്പുകളിൽ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ തീപിടിക്കാനുള്ള സാധ്യതയുണ്ടോ?

 

തീപിടിക്കാനുള്ള സാധ്യത

 

ലോകത്ത് പെട്രോൾ പമ്പുകളിൽ ഉണ്ടായിട്ടുള്ള തീപിടുത്ത അപകടങ്ങളിൽ വളരെ കുറച്ച് എണ്ണം മാത്രമേ മൊബൈൽ ഫോണുമായി ബന്ധമുള്ളു. എന്നാൽ ഈ അപകടങ്ങളുടെ കാരണം മൊബൈൽ ഫോണിൽ നിന്നുണ്ടായ റേ‍ഡിയേഷനോ സ്പാർക്കോ ആണെന്നതിനു ശാസ്ത്രീയമായ തെളിവുകളൊന്നും തന്നെയില്ല. രണ്ടു തരത്തിലാണ് തീപിടിക്കാനുള്ള സാധ്യത കണക്കാക്കുന്നത്.

 

അതിലൊന്ന് വാഹനത്തിൽ പെട്രോൾ നിറയ്ക്കുമ്പോൾ ആവിയായി അന്തരീക്ഷത്തിലെത്തുന്ന പെട്രോൾ കണങ്ങൾക്കു തീപിടിക്കാനുള്ള സാധ്യതയാണ്. ഫോണില്‍ നിന്നുള്ള ഇലക്ട്രോമാഗ്‌നറ്റിക് റേഡിയേഷന്‍ മൂലം ചെറിയ സ്പാർക്ക് ഉണ്ടായാൽ പെട്രോളില്‍ നിന്നു ആവിയാകുന്ന കണങ്ങൾക്കു തീപിടിക്കാനിടയുണ്ട് എന്നുള്ള വിശദീകരണം ഇതുമായി ബന്ധപ്പെട്ടു കേള്‍ക്കുന്നുണ്ട്. ഇതിനു സാധ്യതയുണ്ടെന്നു പറയുമെങ്കിലും ഇലക്ട്രോമാഗ്‌നറ്റിക് റേഡിയേഷൻ മൂലമുണ്ടാകുന്ന സ്പാർക്കിനു തീപിടിപ്പിക്കാൻ തക്ക ശക്തിയുണ്ടെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. 

 

രണ്ടാമത്തേത് ബാറ്ററി പൊട്ടിത്തെറിക്കുന്നതുമായി ബന്ധപ്പെട്ടാണ്. ഇതിനു കുറച്ചുകൂടി സാധ്യത കാണുന്നുണ്ടെങ്കിലും ഇതുപോലുള്ള സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. െപട്രോൾ പമ്പുകളിൽ വച്ച് അല്ലെങ്കിലും ബാറ്ററിക്ക് ചൂടു കൂടി പൊട്ടിത്തെറിച്ച നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഫോണ്‍ ബാറ്ററിയില്‍ നിന്നുണ്ടായേക്കാവുന്ന തീപ്പൊരികളും തീപിടുത്തത്തിലേക്കു നയിച്ചേക്കാം.

 

പെട്രോൾ പമ്പിൽ ഗൂഗിൾ പേ ഉപയോഗം

 

യുപിഐ വഴിയുള്ള കാഷ്‌ലെസ് പേയ്മെന്റുകൾ പെട്രോൾ പമ്പിൽ ധാരാളം നടക്കാറുണ്ട്. 2016ല്‍ യുപിഐ വഴിയുള്ള ഇടപാടുകൾക്കു പ്രോത്സാഹനം നൽകുന്ന സമയത്ത് പമ്പുകളിൽ നിശ്ചിത അകലത്തിലും ഉയരത്തിലും ഫോൺ ഉപയോഗിക്കുന്നതു സുരക്ഷിതമാണെന്ന് പെട്രോളിയും ആന്റ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ പെട്രോളിയം മന്ത്രാലയത്തെ അറിയിച്ചിരുന്നു. 

 

പെട്രോൾ മൊബൈൽ ഫോൺ ഉപയോഗം തീപിടുത്തമുണ്ടാക്കും എന്നതിനെപ്പറ്റി വാദപ്രതിവാദങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇതിന് സാധ്യതയുണ്ടെന്നു കണക്കാക്കിയാണ് ഇപ്പോഴും പമ്പുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നു പറയുന്നത്. 

 

English Summary: Why Can’t You Use Your Phone At A Petrol Station?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com