റോള്‍സ് റോയ്‌സ്, ലംബോര്‍ഗിനി, ഫെരാരി... ഇഡി പിടിച്ചെടുത്തത് 60 കോടിയുടെ കാറുകൾ
Mail This Article
ഡല്‍ഹിയിലെയും ഗുരുഗ്രാമിലെയും ഏഴു സ്ഥലങ്ങളില്‍നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തത് 60 കോടി രൂപ വിലയുള്ള ആഡംബര കാറുകള്‍. റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പുകളായ എം3എമ്മിനും ഐആര്‍ഇഒ ഗ്രൂപ്പിനുമെതിരായ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. റോള്‍സ് റോയ്‌സ്, ലംബോര്‍ഗിനി, ഫെരാരി, ലാന്‍ഡ് റോവര്‍, ബെന്റ്‌ലി, മെഴ്‌സിഡീസ് മെയ്ബ തുടങ്ങി 17 ആഡംബര കാറുകളാണ് ഇ.ഡി പിടിച്ചെടുത്തിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരായ നടപടിയുടെ ഭാഗമായിട്ടാണ് ജൂണ്‍ ഒന്നിന് പരിശോധന നടത്തിയതെന്ന് ഇഡി അറിയിച്ചിട്ടുണ്ട്. ദീര്‍ഘകാലമായി അന്വേഷണം നടക്കുന്ന ഐആര്‍ഇഒ ഗ്രൂപ്പിനെതിരെ ഒന്നിലേറെ എഫ്ഐആറുകള്‍ ഇഡി റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാറുകള്‍ക്കു പുറമേ സ്വര്‍ണക്കട്ടികളും 5.75 കോടിരൂപ വിലമതിക്കുന്ന ആഭരണങ്ങളും 15 ലക്ഷം രൂപ പണമായും ഈ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പുകളില്‍നിന്ന് ഇഡി പിടിച്ചെടുത്തിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കാനുള്ള എളുപ്പവഴിയായാണ് ആഡംബര കാറുകളെ പലരും കാണുന്നത്. സ്മര്‍ഫിങ് എന്നാണ് ഈ രീതി അറിയപ്പെടുന്നത്. വലിയൊരു തുക ഒന്നിച്ചു ചെലവാക്കുന്നതിന് പകരം ചെറിയ തിരിച്ചടവുകളാക്കി കള്ളപ്പണം ഉള്‍ക്കൊള്ളിച്ച് വലിയ തുക വെളുപ്പിക്കാന്‍ ആഡംബര കാറുകള്‍ സഹായിക്കും. അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇത്തരം കള്ളപ്പണ ഇടപാടുകള്‍ കണ്ടെത്തുക എളുപ്പവുമല്ല. അതുകൊണ്ടാണ് പല കള്ളപ്പണക്കാരുടെയും ഗാരേജുകളില്‍ പരിശോധന നടത്തുമ്പോള്‍ വമ്പന്‍ സൂപ്പര്‍കാറുകള്‍ പ്രത്യക്ഷപ്പെടുന്നത്.
ഇത്തരത്തില്‍ പിടിച്ചെടുക്കുന്ന സൂപ്പര്‍കാറുകള്‍ പൊലീസ് നിരീക്ഷണത്തിലേക്ക് മാറ്റുകയാണ് ചെയ്യുക. പിന്നീട് കോടതിയില്‍ പണം കെട്ടിവെച്ച് തിരിച്ചെടുക്കാനും സാധിക്കും. പലപ്പോഴും ഇത്തരത്തില്‍ പിടിച്ചെടുക്കുന്ന കാറുകള്‍ വര്‍ഷങ്ങളോളം അനാഥമായി കിടന്നു നശിക്കാറാണ് പതിവ്. പിടിച്ചെടുക്കുന്ന സൂപ്പര്‍കാറുകളുടെ പല ഭാഗങ്ങളും മോഷണം പോയിട്ടുമുണ്ട്.
English Summary: ED raids 7 locations of IREO, M3M Groups in Delhi, Gurugram