ADVERTISEMENT

പ്രതിവര്‍ഷം ഒരു കോടിയിലേറെ വാഹനങ്ങള്‍ നിരത്തിലിറക്കുന്ന ലോകത്തെ ഒന്നാംനിര കാര്‍ കമ്പനിയാണ് ടൊയോട്ട. എങ്കിലും വൈദ്യുതി വാഹനങ്ങളിലേക്ക് ചുവടു മാറ്റുന്നതില്‍ ജാപ്പനീസ് കമ്പനിക്ക് പിഴച്ചുപോയെന്നും വൈകി പോയെന്നുമുള്ള വാദങ്ങള്‍ സജീവമാണ്. ഇതിനിടെയാണ് തങ്ങളുടെ ഭാവിയിലെ വൈദ്യുത വാഹനങ്ങള്‍ക്ക് ഒറ്റ ചാര്‍ജില്‍ 1,000 കിലോമീറ്റര്‍ വരെ സഞ്ചാരിക്കാനാവുമെന്ന പ്രഖ്യാപനം ടൊയോട്ട നടത്തുന്നത്. പത്തുമിനിറ്റിനുള്ളിൽ വാഹനം ചാർജ് ചെയ്യാൻ സാധിക്കുമെന്നും ടൊയോട്ട പറയുന്നു.

 

മെഴ്‌സിഡീസ്, ബിഎംഡബ്ല്യു, ടെസ്‌ല തുടങ്ങിയ വൈദ്യുത വാഹന നിര്‍മാണ രംഗത്തെ അതികായര്‍ പോലും പരമാവധി 600- 700 കിലോമീറ്റര്‍ റേഞ്ച് നല്‍കുമ്പോഴാണ് ടൊയോട്ടയുടെ ഈ പ്രഖ്യാപനം. അടുത്ത തലമുറ ബാറ്ററികളും സോണിക് സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ഇത്രയും റേഞ്ച് സാധ്യമാക്കിയതെന്നാണ് ടൊയോട്ട അറിയിക്കുന്നത്. ആയിരം കിലോമീറ്റര്‍ മൈലേജുള്ള വൈദ്യുത വാഹനങ്ങള്‍ 2026ല്‍ പുറത്തിറക്കുമെന്നാണ് ടൊയോട്ടയുടെ പ്രഖ്യാപനം. 

 

ടൊയോട്ടയുടെ bZ4X ഇലക്ട്രിക് കാറിനെ അപേക്ഷിച്ച് 20 മിനുറ്റ് കുറവു സമയം കൊണ്ട് ചാര്‍ജു ചെയ്യുന്നതും 20 ശതമാനം ചിലവുകുറവുള്ളതുമായിരിക്കും പുതിയ ബാറ്ററി. ലിഥിയം അയേണ്‍ ബാറ്ററികളേക്കാളും ഊര്‍ജ്ജ കാര്യക്ഷമതയും കുറഞ്ഞ ചാര്‍ജിങ് സമയവുമുള്ള സോളിഡ് ബാറ്ററികളാണ് ടൊയോട്ട നിര്‍മിക്കുക. ഇത്തരം സോളിഡ് സ്‌റ്റേറ്റ് ബാറ്ററികളില്‍ ഓടുന്ന വാഹനങ്ങള്‍ 2028നുള്ളില്‍ പുറത്തിറക്കുമെന്നും കമ്പനി അറിയിക്കുന്നു. 

 

ടൊയോട്ടയുടെ ബിഇവി ഫാക്ടറിയിലായിരിക്കും പുതിയ ബാറ്ററികള്‍ നിര്‍മിക്കുക. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ ഫാക്ടറിയില്‍ 2030 ആകുമ്പോഴേക്കും 17 ലക്ഷം വാഹനങ്ങള്‍ പ്രതിവര്‍ഷം നിര്‍മിക്കാനാവുമെന്നാണ് ടൊയോട്ടയുടെ കണക്കുകൂട്ടല്‍. 2026 ആകുമ്പോഴേക്കും 15 ലക്ഷം വൈദ്യുത വാഹനങ്ങള്‍ വില്‍ക്കാനാവുമെന്നും ടൊയോട്ട കരുതുന്നു.

 

കാര്‍ നിര്‍മാണത്തിന് ജിഗാ കാസ്റ്റിങ് സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്നും ടൊയോട്ട അറിയിച്ചിട്ടുണ്ട്. ടെസ്‌ലയാണ് കാറിന്റെ ഭാഗങ്ങള്‍ പരമാവധി വലിപ്പത്തിലും കുറഞ്ഞ ഭാരത്തിലും നിര്‍മിക്കുന്ന ജിഗാ കാസ്റ്റിങ് വ്യാപകമായി ഉപയോഗിക്കുന്നത്. ഇതു വഴി നിര്‍മാണ ചിലവ് കുറക്കാന്‍ സാധിക്കും. ആകെ മൂന്നു ഭാഗങ്ങള്‍ ചേര്‍ത്തുവെച്ചാല്‍ കാറിന്റെ ബോഡി നിര്‍മാണം പൂര്‍ത്തിയാവും. 

 

റോക്കറ്റ് ഡിസൈനര്‍മാരായ മിറ്റ്‌സുബിഷി ഹെവി ഇന്‍ഡസ്ട്രീസുമായും ടൊയോട്ട സഹകരിക്കുന്നുണ്ട്. കാര്‍ സഞ്ചരിക്കുമ്പോള്‍ വായുവിന്റെ പ്രതിരോധം കൊണ്ട് പരമാവധി കുറച്ച് റേഞ്ച് വര്‍ധിപ്പിക്കാന്‍ വേണ്ടിയാണിത്. രൂപകല്‍പനയുടെ പ്രത്യേകതകള്‍ കൊണ്ടാണ് ഇത് സാധ്യമാവുന്നത്.

 

English Summary: Future Toyota EVs could come with over 1,000-km range, charge time of 10 mins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com