ഇന്ധനക്ഷമത കൂടിയ ഹൈബ്രിഡ് മാത്രം, മാരുതി ഇൻവിക്റ്റോയിൽ 2 ലീറ്റർ പെട്രോൾ എൻജിൻ ഇല്ല
Mail This Article
മാരുതി സുസുക്കിയുടെ പ്രീമിയം എംപിവി ഇൻവിക്റ്റോയിൽ ഹൈബ്രിഡ് എൻജിൻ മാത്രം. ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനപ്പെടുത്തിയാണ് വാഹനം നിർമിക്കുന്നതെങ്കിലും ഹൈബ്രിഡ് എൻജിൻ മാത്രമാണ് ഉണ്ടാകുക. 183 ബിഎച്ച്പി കരുത്തുള്ള 2 ലീറ്റർ പെട്രോൾ ഹൈബ്രിഡ് എൻജിനും ഇ സിവിടി ഗിയർബോക്സുമാണ് വാഹനത്തിന്. ലീറ്ററിന് 21 കിലോമീറ്ററിൽ അധികം ഇന്ധനക്ഷമത ഹൈബ്രിഡിൽ നിന്ന് ലഭിക്കും. ഹൈബ്രിഡ് മാത്രമായിരിക്കു പുതിയ വാഹനത്തിലെന്ന് മാരുതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പെട്രോൾ പതിപ്പിന്റെ ബുക്കിങ് നിലവിൽ സ്വീകരിക്കുന്നില്ല. ജൂലൈ അഞ്ചിന് വാഹനം വിപണിയിലെത്തും.
ടൊയോട്ടയുടെ ബെംഗളൂരുവിലെ ബിഡഡി ശാലയിലാണ് വാഹനം നിർമിക്കുന്നത്. മാരുതി നിരയിലെ ഏറ്റവും വില കൂടിയതും ഓട്ടമാറ്റിക് മോഡലിൽ മാത്രം ലഭിക്കുന്ന ഏക മോഡൽ ഇൻവിക്റ്റോ ആയിരിക്കും. ഇന്നോവയുടെ പുതിയ ഹൈക്രോസിനെ അടിസ്ഥാനപ്പെടുത്തിയാണെങ്കിലും മാരുതിയുടെ മോഡലിൽ ഏറെ മാറ്റങ്ങളുണ്ടാകും. ഹണികോമ്പ് ഫിനിഷിലുള്ള പുതിയ ഗ്രിൽ, ഗ്രാൻഡ് വിറ്റാരയ്ക്ക് സമാനമായി ഹെഡ്‌ലാംപുകളെ യോജിപ്പിച്ചുകൊണ്ടുള്ള ക്രോം സ്ട്രിപ്പ്. എന്നിവ ഈ മോഡലിലുണ്ടാകും. ടൊയോട്ടയുടെ ടിഎൻജിഎ–സി ആർക്കിടെക്ച്ചറിലാണ് എംപിവിയുടെ നിർമാണം. ഇന്നോവ ഹൈക്രോസിലുള്ള എഡിഎഎസ് ഫീച്ചറുകൾ ഇല്ലാതെയായിരിക്കും മാരുതി പതിപ്പ് വിപണിയിലെത്തുക.
2017 ലാണ് ടൊയോട്ടയും സുസുക്കിയും സഹകരണത്തിൽ എത്തുന്നത്. തുടർന്ന് ബലേനോ, ബ്രെസ തുടങ്ങിയ വാഹനങ്ങളുടെ ടൊയോട്ട പതിപ്പുകൾ കമ്പനി വിപണിയിലെത്തിച്ചു. അടുത്തിടെ പുറത്തിറങ്ങിയ ഗ്രാൻഡ് വിറ്റാരയും ഹൈറൈഡറും മാരുതിയും ടൊയോട്ടയും ചേർന്ന് വികസിപ്പിച്ച വാഹനമാണ്. കൂടാതെ സിയാസ്‍, എർട്ടിഗ തുടങ്ങിയ വാഹനങ്ങളുടെ ടൊയോട്ട പതിപ്പും ഉടൻ വിപണിയിലെത്തും.
English Summary: Maruti Invicto to be Hybrid Only