ചാർജ് ചെയ്യാൻ പുറമെയുള്ള സഹായം വേണ്ട; കാറിനു മുകളിലൊരു ‘പവർബാങ്ക്’!
Mail This Article
വൈദ്യുതിവാഹനത്തിന്റെ ചാര്‍ജ് തീരാറായാല്‍ വാഹനത്തിനു മുകളിലെ ബാക്കപ് ബാറ്ററിയില്‍നിന്നു ചാര്‍ജ് ചെയ്യാന്‍ സാധിച്ചാലോ? അങ്ങനെയൊരു ആശയത്തിനാണ് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോഡ് പേറ്റന്റ് അപേക്ഷ നല്‍കിയിരിക്കുന്നത്. വാഹനത്തിന് മുകളില്‍ ബാക്കപ് ബാറ്ററി വയ്ക്കുന്ന സംവിധാനത്തിന്റെ പകര്‍പ്പവകാശം സ്വന്തമാക്കാനാണ് ഫോഡിന്റെ ശ്രമം.
ഓഫ് റോഡിങ്ങിനോ ക്യാംപിങ്ങിനോ പോവുമ്പോള്‍ ബാക്കപ് ബാറ്ററി കൂടിയുണ്ടാവുന്നത് നല്ല കാര്യമാണെന്ന് എല്ലാവരും സമ്മതിക്കും. ‘വൈദ്യുതി വാഹനത്തിന് മുകളില്‍ വയ്ക്കാനാവുന്ന ബാക്കപ് ബാറ്ററി’ എന്നാണ് തങ്ങളുടെ പേറ്റന്റ് അപേക്ഷയില്‍ ഫോഡ് പറയുന്നത്. ഈ പേറ്റന്റ് അപേക്ഷയുടെ വിശദാംശങ്ങള്‍ lightningowners.com ആണ് പുറത്തുവിട്ടിരിക്കുന്നത്.
പലതരം ബാറ്ററി മോഡ്യൂളുകള്‍ ചേര്‍ത്തുള്ള ബാറ്ററി സംവിധാനമാണിത്. വയറുകളും കണക്ഷന് പോട്ടും റൂഫ് റാക്കുമൊക്കെ ഈ ഡിസൈനില്‍ കാണാനാവും. വാഹനത്തിനു മുകളിലെ ഈ റൂഫ് റാക്കില്‍ ബാറ്ററി മാത്രമല്ല ബാഗുകളും മറ്റു സാധനങ്ങളും തുടങ്ങി ചെറിയ തോണി വരെ കൊണ്ടുപോകാനാവുമെന്നും ഫോഡ് പറയുന്നു.
ആവശ്യമുള്ളപ്പോള്‍ വാഹന ഉടമകള്‍ക്ക് ഈ ബാക്കപ് ഇവി ബാറ്ററിയില്‍നിന്നു വാഹനത്തിലെ ബാറ്ററിയിലേക്കു ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഇത്തരം സംവിധാനം ആവശ്യമായി വരുന്ന സാഹചര്യം കൂടി ഫോഡ് പകര്‍പ്പവകാശ അപേക്ഷയില്‍ പറയുന്നുണ്ട്. ചാര്‍ജിങ് സംവിധാനങ്ങള്‍ ലഭ്യമല്ലാത്ത സ്ഥലങ്ങളിലേക്ക് ക്യാംപിങ്ങിനോ ഓഫ് റോഡിങ്ങിനോ പോവുമ്പോള്‍ ഇത്തരം ബാക്കപ് ബാറ്ററികള്‍ അനുഗ്രഹമാണെന്നാണ് ഫോഡിന്റെ അവകാശവാദം. ഇത് വാങ്ങാനും വാടകയ്ക്ക് എടുക്കാനും അവസരമുണ്ടാവും. വാഹനത്തിന്റെ അധിക ഉൽപന്നമായിട്ടാവും ഫോഡ് ബാക്കപ് ഇവി ബാറ്ററി പുറത്തിറക്കുക.
ഒറ്റനോട്ടത്തില്‍ നല്ല ആശയമായി തോന്നുമെങ്കിലും ഇത് പ്രാവര്‍ത്തികമാക്കാന്‍ ഫോഡിനു മുന്നില്‍ വെല്ലുവിളികള്‍ പലതുണ്ട്. പ്രത്യേകിച്ചും ഈ ബാക്കപ് ബാറ്ററിക്ക് എത്ര ഭാരമുണ്ടെന്നു വ്യക്തമല്ല. സാധാരണ വൈദ്യുതി കാറുകളുടെ ബാറ്ററിക്ക് 450 കിലോഗ്രാമിലേറെ ഭാരമുണ്ടാവാറുണ്ട്. ഇത്രയും ഭാരമുള്ള ബാറ്ററിയാണ് വാഹനത്തിന് മുകളില്‍ ഘടിപ്പിക്കുന്നതെങ്കില്‍ വളരെയെളുപ്പം മറിയാനുള്ള സാധ്യതയുമുണ്ട്. സോളാര്‍ ബാറ്ററിയെ ബാക്കപ് ബാറ്ററിയായി ഫോഡ് ഉപയോഗിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
English Summary: Ford files patent for roof-mounted backup EV battery