ADVERTISEMENT

മുകേഷ് അംബാനി കുടുംബം മൂന്നാമത്തെ റോള്‍സ് റോയ്‌സ് കള്ളിനന്‍ കഴിഞ്ഞ വര്‍ഷമാണ് സ്വന്തമാക്കിയത്. പ്രത്യേകം കസ്റ്റമൈസേഷനും ഇഷ്ട നമ്പറുമൊക്കെ ചേര്‍ന്നതോടെ വലിയ തുകയാണ് ഈ കാറിനു മുടക്കേണ്ടി വന്നത്. അംബാനിയുടെ കാറിന്റെ പെയിന്റിനു മാത്രം ഒരു കോടി രൂപയിലേറെ ചെലവു വന്നുവെന്നാണ് റിപ്പോര്‍ട്ട്. 

 

ടസ്‌കന്‍ സണ്‍ കളറാണ് പുതിയ റോള്‍സ് റോയ്‌സിന് നല്‍കിയിരിക്കുന്നത്. ഈ പ്രത്യേക പെയിന്റ് അടിക്കാന്‍ മാത്രം ഒരു കോടി രൂപയോളം ചെലവു വരും. പ്രത്യേകം നിര്‍മിച്ച 21 ഇഞ്ച് വീലുകളാണ് അംബാനിയുടെ റോള്‍സ് റോയ്‌സ് കള്ളിനനില്‍ ഉള്ളത്. ഇതിന്റെ വിലയും കമ്പനിയോ അംബാനിയോ പുറത്തുവിട്ടിട്ടില്ല. വാര്‍ത്താ ഏജന്‍സി പിടിഐയുടെ റിപ്പോര്‍ട്ടു പ്രകാരം അംബാനിയുടെ റോള്‍സ് റോയ്‌സ് കള്ളിനന് 13.14 കോടി രൂപയാണ് വില. റോള്‍സ് റോയ്‌സ് കള്ളിനന് അടിസ്ഥാന വില 6.8 കോടി രൂപയാണെങ്കിലും വാഹനത്തിന്റെ കസ്റ്റമൈസേഷനുകളാണ് കാറിനോളം തന്നെ വില പിന്നെയും കൂട്ടിയത്. മുകേഷ് അംബാനി ഈ റോള്‍സ് റോയ്‌സ് കള്ളിനന് എന്തൊക്കെ സൗകര്യങ്ങളും മാറ്റങ്ങളുമാണ് വരുത്തിയിട്ടുള്ളതെന്ന് ഇന്നും പുറത്തുവിട്ടിട്ടില്ല.

 

അംബാനിയുടെ കള്ളിനനില്‍ ശ്രദ്ധിക്കപ്പെടുന്ന മറ്റൊന്ന് റജിസ്‌ട്രേഷന്‍ നമ്പറാണ്. ഈ വാഹനത്തിന് 0001 എന്ന നമ്പറാണുള്ളത്. സാധാരണ വി.ഐ.പി നമ്പറുകള്‍ക്ക് നാലു ലക്ഷം രൂപയാണ് മോട്ടോര്‍ വാഹന വകുപ്പ് ഈടാക്കാറ്. നിലവിലെ സീരീസിലുള്ള എല്ലാ 0001 നമ്പറുകളും പലരും വാങ്ങിയതിനാല്‍ പുതിയ സീരീസിലുള്ള 0001 നമ്പറാണ് അംബാനിയുടെ കള്ളിനന് അനുവദിച്ചത്. ഇതിനുവേണ്ടി മാത്രം റീജനല്‍ ട്രാസ്‌പോര്‍ട്ട് ഓഫീസ് 12 ലക്ഷം രൂപ ഈടാക്കി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറില്‍ നിന്നു പ്രത്യേകം അനുമതി വാങ്ങിയാണ് ഈ നമ്പര്‍ അംബാനി സ്വന്തമാക്കിയത്. റോള്‍സ് റോയ്‌സിന് 20 ലക്ഷം രൂപയാണ് നികുതി അടച്ചിട്ടുള്ളത്. 2037 ജനുവരി വരെയുള്ള റജിസ്‌ട്രേഷനും റോഡ് സുരക്ഷാ നികുതിയായി 40,000 രൂപയും അടച്ചിട്ടുണ്ട്.

 

റോള്‍സ് റോയ്‌സുകളുടെ ശേഖരം തന്നെയുണ്ട് മുകേഷ് അംബാനിക്ക്. റോള്‍സ് റോയ്‌സ് ഫാന്റം ഡ്രോപ്‌ഹെഡ് കൂപ്പെ, 13 കോടി വിലയുള്ള പുതു തലമുറ ഫാന്റം എക്‌സ്റ്റെന്‍ഡഡ് വീല്‍ബേയ്‌സ് എന്നിവക്കു പുറമേയാണ് മൂന്ന് റോള്‍സ് റോയ്‌സ് കള്ളിനന്‍ എസ്.യു.വികളുമുള്ളത്. ജനുവരിയില്‍ റജിസ്റ്റര്‍ ചെയ്ത പുതിയ റോള്‍സ് റോയ്‌സ് ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹ സമ്മാനമാണെന്നാണ് സൂചന.

 

English Summary: Ambani’s third Rolls Royce has a paint job that costs Rs 1 crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com