പുതിയ സെല്‍റ്റോസ്, മാരുതി ഇന്‍വിക്ടോ; ഈ മാസം വിപണിയിലെത്തുന്ന 4 വാഹനങ്ങള്‍
Mail This Article
2023ന്റെ രണ്ടാം പകുതി ആരംഭിക്കുന്നത് മികച്ച വാഹനങ്ങളുടെ വരവോടെയാണ്. ലക്ഷ്വറി വിഭാഗത്തില്‍ ഒരു വലിയ വിപണി അവതരണമാണ് ഈ മാസം അരങ്ങേറുന്നത്. മിഡ്‌സൈസ് എസ്‌യുവി മോഡലിന് പ്രധാന മുഖംമാറ്റത്തിനൊരുങ്ങുകയാണ് കിയ. പ്രീമിയം എംപിവി വിഭാഗത്തിലേക്ക് 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വാഹനം മാരുതി സുസുക്കി പുറത്തിറക്കും. ചെറുവാഹനങ്ങളുടെ ഇടയിലേക്ക് വിലക്കുറവുള്ള മോഡലുമായി ഹ്യുണ്ടേയ് എത്തും. വരാനിരിക്കുന്ന ആ പുതു താരങ്ങളെ അറിയാം.
കിയ സെല്‍റ്റോസ് ഫേസ്‌ലിഫ്റ്റ്
കിയ സെല്‍റ്റോസ് മുഖംമാറ്റത്തോടെ എത്തുകയാണ്. ലോക വിപണിയില്‍ 2022 ജൂണ്‍ മുതല്‍ വിപണിയിലുള്ള മോഡലാണ് ഇന്ത്യയിലെ അണിയറയുടെ മറവിലുള്ളത്. മുഖംമാറ്റം മാത്രമല്ല, പുതിയ ഫീച്ചര്‍ അപ്‌ഡേറ്റുകളും പവര്‍ട്രെയിനും വാഹനത്തിലുണ്ട്. പൂര്‍ണമായി പുതുക്കിയ മുന്‍-പിന്‍ഭാഗങ്ങളും ഒപ്പം ഇന്റീരിയര്‍ മാറ്റങ്ങളും വാഹനത്തിലുണ്ട്. ഇരട്ട കണക്ഷനുകളോടു കൂടിയ എന്റര്‍ടെയിന്‍മെന്റ് സംവിധാനവും വാഹനത്തിലുണ്ട്. 1.5 ലീറ്റര്‍ 115 എച്ച്പി പെട്രോള്‍ ഡീസല്‍ എന്‍ജിനുകള്‍ കരുത്തിനായി വാഗ്ദാനം ചെയ്യപ്പെടുമ്പോള്‍ വെര്‍നയിലും കാരന്‍സിലും കരുത്ത് പകരുന്ന 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 160 എച്ച്പിയുമായി സെല്‍റ്റോസിനൊപ്പമുണ്ടാകും.
മാരുതി സുസുക്കി ഇന്‍വിക്ടോ
ടൊയോട്ട ഇന്നോവ ഹൈക്രോസ് മോഡലിന്റെ ബാഡ്ജ് എന്‍ജിനീയേഡ് പതിപ്പായ ഇന്‍വിക്ടോയുടെ ഹൈബ്രിഡ് പതിപ്പു മാത്രം വിപണിയിലെത്തിക്കാനാണ് മാരുതി ഒരുങ്ങുന്നത്. 2.0 ലീറ്റര്‍ 183 എച്ച്പി പെട്രോള്‍ ഹൈബ്രിഡ് പവര്‍ ട്രെയിന്‍ മാത്രമായിരിക്കും ഇന്‍വിക്ടോ മോഡലിന് ഉണ്ടാകുന്നത്. 2.0 ലീറ്റര്‍ 172 എച്ച്പി നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍ വാഹനത്തിനു ലഭിക്കില്ല. പുറത്തു വന്ന ചിത്രങ്ങളില്‍ നിന്ന് ചെറിയ സൗന്ദര്യ വര്‍ധക മാറ്റങ്ങള്‍ ഉണ്ടെന്നു കാണാം. ഇന്റീരിയറിനും വലിയ മാറ്റമില്ല. അപ്‌ഹോള്‍സ്റ്ററി, പുതിയ നിറങ്ങള്‍ എന്നിവ വാഹനത്തിലുണ്ടാകും. അതേപോലെ വിപണിയില്‍ ചടുലമാകാന്‍ കുറഞ്ഞ വില ക്രമീകരിക്കുന്നതിന് പല ഹൈ എന്‍ഡ് ഫീച്ചറുകള്‍ വാഹനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഹ്യുണ്ടേയ് എക്സ്റ്റര്‍
ചെറു വാഹനങ്ങളുടെ ഇടയിലേക്ക് ഹ്യുണ്ടേയുടെ പുതിയ മത്സരാര്‍ഥിയാണ് എക്സ്റ്റര്‍. ഗ്രാന്‍ഡ് ഐ10 നിയോസ്, ഓറ തുടങ്ങിയ വാഹനങ്ങളുടെ രൂപത്തോടു സാമ്യമുള്ള വാഹനമായ എക്‌സ്റ്റര്‍ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ഫുള്‍ ബ്ലാക് തീം ഇന്റീരിയറുള്ള വാഹനത്തിന് 4.2 ഇഞ്ച് ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുണ്ട്. 8 ഇഞ്ച് ആണ് ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം. 1.2 ലീറ്റര്‍ കാപ്പ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്. ഇ20 ഫ്യുവല്‍ റെഡി എന്‍ജിന് തുണ 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും സ്മാര്‍ട് ഓട്ടോ എഎംടിയുമാണ്. സിഎന്‍ജി വകഭേദവും വാഹനത്തിനുണ്ടാകും.
മെഴ്‌സിഡീസ് ബെന്‍സ് ജിഎല്‍സി രണ്ടാം തലമുറ
കൃത്യമായ തീയതി പുറത്തുവിട്ടിട്ടില്ലെങ്കിലും മെഴ്‌സിഡീസ് ബെന്‍സ് അവരുടെ രണ്ടാം തലമുറ ജിഎല്‍സി എസ്‌യുവി ഇന്ത്യയില്‍ ഈ മാസമെത്തിക്കുമെന്നാണ് സൂചന. 50000 രൂപ നല്‍കി വാഹനം ബുക്ക് ചെയ്യാനുള്ള നടപടികള്‍ കമ്പനി ആരംഭിച്ചു കഴിഞ്ഞു. ജിഎല്‍സി 200 2.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിനിലും ജിഎല്‍സി 220ഡി 2.0 ലീറ്റര്‍ ഡീസല്‍ എന്‍ജിനിലും വിപണിയിലെത്തും. 204എച്ച്പി - 320 എന്‍എം പെട്രോള്‍ വകഭേദവും 197എച്ച്പി - 440 എന്‍എം ഡീസല്‍ വകഭേദവുമാണ് അവ. 2 എന്‍ജിന്‍ വകഭേദങ്ങള്‍ക്കും 48 വാട്ട് 23 എച്ച്പി അധിക കരുത്ത് പ്രധാനം ചെയ്യുന്ന മോട്ടറും ഉണ്ടാകും. വലുപ്പക്കൂടുതലും ആഡംബരവും സാങ്കേതികതയും ചേര്‍ന്ന ഇന്റീരിയറുമെല്ലാം പുതുമയായി വാഹനത്തിലുണ്ട്. പുതിയ സി-ക്ലാസിനോടു സാമ്യത തോന്നിക്കുന്ന ഇന്റീരിയറില്‍ ഇരട്ട സ്‌ക്രീനുകള്‍ ആധിപത്യം സ്ഥാപിക്കുന്നുണ്ട്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ 12.3 ഇഞ്ച് യൂണിറ്റും ഇന്‍ഫോടെയിന്‍മെന്റ്് 11.9 ഇഞ്ച് പോര്‍ട്രെയിറ്റ് ഓറിഡന്റഡ് ടച്ച് സ്രീനുമാണ്.
നാലു വാഹനങ്ങളും വ്യത്യസ്ത വിഭാഗങ്ങളിലാണെങ്കിലും നിര്‍മാതാക്കള്‍ക്ക് ഏറെ പ്രതീക്ഷയുള്ള മോഡലുകളാണ് ഇവ. 2023 പാതി വിപണിയില്‍ ചടുല മാറ്റങ്ങള്‍ക്ക് ഈ വാഹനങ്ങള്‍ കാരണമാകുമോ എന്നു കാത്തിരുന്ന് കാണാം.
English Summary: Four Big launch/unveils in July