ADVERTISEMENT

റോയല്‍ എന്‍ഫീല്‍ഡിന്റെ പുത്തന്‍ 450 സിസി ഹിമാലയന്‍ പരീക്ഷണ ഓട്ടം നടത്തി ഇന്ത്യയുടെ ഡാക്കര്‍ റാലി താരം സി.എസ് സന്തോഷ്. ദുഷ്‌കരമായ ഡാക്കര്‍ റാലി പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യക്കാരനാണ് സി.എസ് സന്തോഷ്. വിപണിയില്‍ എത്തും മുമ്പേ പുതിയ ഹിമാലയന്റെ കരുത്തും കുറവുകളും സന്തോഷ് പരീക്ഷിക്കുന്നതിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. 

 

കര്‍ണാടകയിലെ കോലാറിലുള്ള ബിഗ് റോക്ക് ഡര്‍ട്ട് പാര്‍ക്കില്‍ ഹിമാലയന്‍ 450യുമായി കുതിക്കുന്ന വിഡിയോ അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് പോസ്റ്റു ചെയ്തിരിക്കുന്നത്. ബിഗ്‌റോക്ക് മോട്ടോ പാര്‍ക്ക് ഓഫ് റോഡ് സ്‌കൂള്‍ മേധാവി കൂടിയാണ് സി.എസ് സന്തോഷ്. വെള്ളവും ചെളിയും ചെങ്കുത്തായ കയറ്റവും ഇറക്കവും വളവുമെല്ലാമുള്ള പാതയിലൂടെയാണ് പുത്തന്‍ ഹിമാലയന്‍ 450 പറക്കുന്നത്. എന്തു ലക്ഷ്യത്തിലാണ് ഈ വാഹനം പുറത്തിറക്കുന്നതെന്ന വ്യക്തമായ സൂചനയാണ് ഈ വിഡിയോ നല്‍കുന്നത്.

 

പരമാവധി പ്രശ്‌നങ്ങള്‍ പരിഹരിച്ച് പുതു ഹിമാലയന്‍ പുറത്തിറക്കാനാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ശ്രമം. ഇതിന്റെ ഭാഗമായാണ് ഈ ടെസ്റ്റ് ഡ്രൈവ് നടത്തുന്നത്. ടെസ്റ്റ് ഡ്രൈവിനു ശേഷം സന്തോഷിന്റെ കൂടി അഭിപ്രായങ്ങള്‍ പരിഗണിച്ചായിരിക്കും ഹിമാലയന്‍ 450ല്‍ റോയല്‍ എന്‍ഫീല്‍ഡ് അവസാന വട്ട മിനുക്കു പണികള്‍ നടത്തുക. അടുത്ത വര്‍ഷം ഡാക്കര്‍ റാലിയില്‍ സന്തോഷ് ഹിമാലയന്‍ 450യുമായാണ് മത്സരിക്കുക.

 

2.60 ലക്ഷത്തിനും 2.70 ലക്ഷത്തിനും ഇടയില്‍ വില പ്രതീക്ഷിക്കുന്ന ഹിമാലയന്‍ 450 സെപ്റ്റംബറില്‍ നിരത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കാഴ്ചയില്‍ ഇപ്പോള്‍ വിപണിയിലുള്ള ഹിമാലയന്‍ 411 സമാനമാണ് പുതിയ ഹിമാലയനും. പുറം കാഴ്ച്ചയേക്കാള്‍ ഉള്ളിലാണ് പുതിയ ഹിമാലയന്‍ വ്യത്യസ്തനാവുന്നത്.

 

450 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എൻജിനാണ് പുതിയ ഹിമാലയനുള്ളത്. 40 ബി.എച്ച്.പി കരുത്തും പരമാവധി 37Nm ടോര്‍ക്കും പുറത്തെടുക്കാന്‍ ഈ എൻജിന് സാധിക്കും. ആറ് സ്പീഡ് ഗിയര്‍ ബോക്‌സുമായാണ് ഹിമാലയന്‍ 450യുടെ എൻജിന്‍ ബന്ധിപ്പിച്ചിരിക്കുന്നത്. നിലവിലെ ഹിമാലയനില്‍ അഞ്ച് സ്പീഡ് ട്രാന്‍സ്മിഷനാണുള്ളത്. ബ്ലുടൂത്ത് കണക്ടിവിറ്റിയും ഫുള്‍ ഡിജിറ്റല്‍ ടി.എഫ്.ടി ഇന്‍സ്ട്രുമെന്റ് കണ്‍സോളും പുതിയ ഹിമാലയനില്‍ പ്രതീക്ഷിക്കുന്നുണ്ട്. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കിനൊപ്പം ഡ്യുവല്‍ ചാനല്‍ എ.ബി.എസും സുരക്ഷ വര്‍ധിപ്പിക്കും. 

 

അഡ്വഞ്ചര്‍ ബൈക്കുകളുടെ വിഭാഗത്തില്‍ കടുത്ത മത്സരമാണ് ഹിമാലയന്‍ നേരിടുന്നത്. ഹിമാലയന്റെ പ്രധാന എതിരാളിയായ കെടിഎം 390 അഡ്വഞ്ചര്‍ അടുത്തിടെ ഫുള്ളി അഡ്ജസ്റ്റബിള്‍ സസ്‌പെന്‍ഷനുമായി ഇറങ്ങിയിരുന്നു. ജൂലൈയില്‍ ഹാര്‍ലി ഡേവിഡ്‌സണും ട്രയംഫും 400 സിസി മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

 

English Summary:  Upcoming Royal Enfield Himalayan 450 Shows Off-Road Capabilities with CS Santosh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com