ADVERTISEMENT

ആദ്യത്തെ കാര്‍ സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് പഞ്ചാബില്‍ നിന്നുള്ള ബോളിവുഡ് നടി വാമിക്ക ഗബ്ബി. 'ഗോദ'യെന്ന സിനിമയിലൂടെ മലയാളികള്‍ക്കും സുപരിചിതയാണ് വാമിക്ക. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വാമിക്ക ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. ആഡംബരവും കരുത്തും ഒരുമിക്കുന്ന ജീപ്പ് മെറിഡിയന്‍ എസ്‌യുവിയാണ് വാമിക്കയുടെ ആദ്യ വാഹനം. 

 

വാമിക്ക ഇന്‍സ്റ്റയില്‍ പങ്കുവെച്ച വിഡിയോയില്‍ സ്വപ്‌ന വാഹനം സ്വന്തമാക്കുന്നതിന്റെ ആവേശവും സന്തോഷവും ആവോളമുണ്ട്. ജീവിതത്തില്‍ ആവര്‍ത്തിക്കാത്ത അനുഭവമെന്നാണ് ആദ്യ വാഹനം സ്വന്തമാക്കിയതിനെ വാമിക്ക വിശേഷിപ്പിക്കുന്നത്. 'ഉപാധികളില്ലാതെ സ്‌നേഹിക്കുകയും പിന്തുണക്കുകയും ചെയ്ത മാതാപിതാക്കളോടും ആരാധകരോടും നന്ദി പറയുന്നു' എന്നാണ് വാമിക്ക ഇന്‍സ്റ്റയില്‍ കുറിച്ചത്. 

 

മനോഹരമായ വെല്‍വെറ്റ് റെഡ് നിറത്തിലുള്ള ജീപ്പ് മെറിഡിയനാണ് വാമിക്കയുടേത്. കഴിഞ്ഞ വര്‍ഷമാണ് ജീപ്പിന്റെ പ്രീമിയം എസ്‌യുവി മെറിഡിയന്‍ ഇന്ത്യയിലെത്തിയത്. രണ്ടു വേരിയന്റുകളിലായി മാനുവല്‍, ഓട്ടമാറ്റിക്ക്, ഫോര്‍വീല്‍ ഡ്രൈവ് മോഡുകളില്‍ മെറിഡിയന്‍ ലഭ്യമാണ്. ഇന്ത്യന്‍ വിപണിക്കുവേണ്ടി ജിപ്പ് രൂപകല്‍പന ചെയ്ത ആദ്യത്തെ മൂന്നു നിരകളുള്ള എസ്‌യുവിയാണ് മെറിഡിയന്‍. 

 

ഇന്ത്യയിലെ ജീപ്പിന്റെ ആദ്യ വാഹനമായ കോംപാസ് അടിസ്ഥാനമാക്കിയുള്ള വാഹനമാണ് മെറിഡിയന്‍.  ഗ്രാന്‍ഡ് ചെറോക്കീ, ഗ്രാന്‍ഡ് വാഗണീര്‍ എന്നിവയിലേതുപോലെ 80 ഡിഗ്രി വരെ തുറക്കാവുന്ന വലിപ്പമുള്ളതും നീളമേറിയതുമായ വാതിലുകളാണ് മെറിഡിയനിലുമുള്ളത്. 

 

ഉള്ളിലേക്കു വന്നാല്‍ കോപസിനോടാണ് സാമ്യത. കോംപസിലെ 10.25 ഇഞ്ച് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും മെറിഡിയനിലുണ്ട്. സുരക്ഷയുടെ കാര്യത്തിലും ഒട്ടും പിന്നിലുള്ള വാഹനമല്ല മെറിഡിയന്‍. അടിസ്ഥാന വകഭേദം മുതല്‍ ആറ് എയര്‍ ബാഗുകള്‍ അടക്കം 60ലേറെ സുരക്ഷാ ഫീച്ചറുകളാണ് മെറിഡിയനില്‍ ജീപ്പ് ഒരുക്കിയിരിക്കുന്നത്. 

 

രണ്ടു ലീറ്റര്‍, നാലു സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍. 10.8 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും നൂറിലേക്ക് കുതിക്കും. പരമാവധി വേഗം 198 കിലോമീറ്റര്‍. 9 സ്പീഡ് ഓട്ടമാറ്റിക്ക്, 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുകള്‍. മികച്ച ഓഫ് റോഡര്‍ കൂടിയായ മെറിഡിയനില്‍ സാന്‍ഡ്, മഡ്, ഓട്ടോ ഡ്രൈവ് മോഡുകളാണുള്ളത്. വാമിക്ക ഗബ്ബിക്കു പുറമേ മോഡലും നടിയുമായ ഉര്‍ഫി ജാവേദും ജീപ്പ് മെറിഡിയന്‍ സ്വന്തമാക്കിയിരുന്നു.

 

English Summary: Wamika Gabbi Bought Jeep Meridian

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com