കുറഞ്ഞ ഇഎംഐ, ബൈ ബാക്ക്; വൻ ഓഫറുകളുമായി ജീപ്പ്
Mail This Article
അഡ്വഞ്ചര്‍ അഷ്വേഡ് പ്രോഗ്രാം അവതരിപ്പിച്ച് ജീപ്പ് ഇന്ത്യ. പ്രമുഖ വാഹന ലീസിങ് കമ്പനിയായ എഎല്‍ഡി ഓട്ടോമോട്ടീവുമായി സഹകരിച്ചാണ് ജീപ്പ് ഇന്ത്യ പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ജീപ്പ് കോംപസിലും മെറിഡിയന് എസ്യുവികളിലുമാണ് ജീപ്പ് അഡ്വഞ്ചര്‍ അഷ്വേഡ് പ്രോഗ്രാം കൊണ്ടുവന്നിരിക്കുന്നത്.
ഈ പദ്ധതി പ്രകാരം പരമാവധി നാലു വര്‍ഷ കാലയളവില്‍ ജീപ്പിന്റെ വാഹനം തിരിച്ചു നല്കിയാല്. വാഹനത്തിന്റെ എക്സ്ഷോറൂം വിലയുടെ 55 ശതമാനം വരെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്ന് എഎല്‍ഡി ഓട്ടോമോട്ടീവ് ഉറപ്പു നല്കുന്നു. പദ്ധതിയുടെ ആനുകൂല്യം ഉറപ്പിക്കണമെങ്കില്‍ പ്രതിവര്‍ഷം 20,000 കിലോമീറ്ററില്‍ കൂടുതല്‍ വാഹനം ഓടരുതെന്നും നിബന്ധനയുണ്ട്.
ബൈ ബാക്ക് ഓഫറിനു പുറമേ എക്സ്റ്റെന്‍ഡഡ് വാറന്‍ഡി, പ്രതിവര്‍ഷ അറ്റകുറ്റ പണികള്‍, റോഡ്സൈഡ് അസിസ്റ്റന്‍സ്, ഇന്‍ഷുറന്‍സ്(ആദ്യ വര്‍ഷം) എന്നിവയും ജീപ്പിന്റെ അഡ്വഞ്ചര്‍ അഷ്വേഡ് പ്രോഗ്രാമില്‍ ഉള്‍പ്പെടുന്നു. ജീപ് ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ പ്രതിമാസ തിരിച്ചടവ് പദ്ധതികള്‍ ഉപയോഗപ്പെടുത്തിയും ഇതില്‍ അംഗമാവാം.
വാഹനം മികച്ച നിലയിലാണെന്ന് ഉറപ്പിക്കാന്‍ വേണ്ട പരിശോധനകള്‍ അതാതു സമയങ്ങളില്‍ പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് ചെയ്യാനാവും. ടയറുകളും ബാറ്ററിയും അടക്കമുള്ള വാഹനത്തിന്റെ ഭാഗങ്ങളും പാക്കേജിന്റെ പരിധിയില്‍ വരുമെന്നതും ശ്രദ്ധേയമാണ്. അപ്രതീക്ഷിത അറ്റകുറ്റപണികളുടെ ചിലവ് സഹിക്കേണ്ടി വരുന്നില്ലെന്നതാണ് ഈ പദ്ധതിയില്‍ അംഗമാവുന്ന ജീപ്പ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഗുണമെന്നും കമ്പനി അവകാശപ്പെടുന്നു.
താരതമ്യേന കുറഞ്ഞ പ്രതിമാസ തിരിച്ചടവാണ് മറ്റൊരു സവിശേഷത. 39,999 രൂപമുതലുള്ള പ്രതിമാസ തിരിച്ചടവ് പദ്ധതികള്‍ അഡ്വഞ്ചര്‍ അഷ്വേഡ് പ്രോഗ്രാമിന്റെ ഭാഗമായുണ്ട്. പുതിയ പദ്ധതി വരുന്നതോടെ ഉപഭോക്താക്കള്‍ക്ക് കമ്പനിയിലുള്ള വിശ്വാസ്യത വര്‍ധിക്കുമെന്നും അത് വില്പനയില് പ്രതിഫലിക്കുമെന്നുമാണ് ജീപ്പിന്റെ കണക്കുകൂട്ടല്‍.
English Summary: Jeep Introduces Adventure Assured Program In India