‘അത് വിശ്വസിക്കരുത്,’ ചെറു ബൈക്കിന്റെ ഓൺറോഡ് വില പുറത്തുവിട്ട് ട്രയംഫ്
Mail This Article
ചെറു ബൈക്ക് സ്പീഡ് 400ന്റെ ഓൺ റോഡ് വില പുറത്തുവിട്ട് ട്രയംഫ്. 2.32 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന ട്രയംഫ് ചെറുബൈക്കിന്റെ വില 3.2 ലക്ഷം മുതൽ 3.5 ലക്ഷം രൂപ വരെയാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരണമുണ്ടായിരുന്നു. ഇതേ തുടർന്നാണ് ട്രയംഫ് ഓൺറോഡ് വില പ്രഖ്യാപിച്ചത്. വിവിധ സംസ്ഥാനങ്ങളുടെ നികുതി നിരക്കുകൾ വച്ച് ഏകദേശം 2.67 ലക്ഷം രൂപ മുതൽ 2.87 ലക്ഷം രൂപവരെയാണ് വില.
ബജാജ് ട്രയംഫ് സഖ്യത്തിൽ പുറത്തിറക്കുന്ന ആദ്യ ബൈക്ക് സ്പീഡ് 400ന്റെ പ്രാരംഭ വില 2.32 ലക്ഷം രൂപ മുതലാണ്. രണ്ടാമത്തെ ബൈക്ക് സ്ക്രാംബ്ലർ 400 എക്സിന്റെ വില പിന്നീട് പ്രഖ്യാപിക്കും. സ്ട്രീറ്റ് ട്വിന്‍ എന്ന മോഡലിനോടു വളരെ സാമ്യമുള്ള ഡിസൈനാണ് സ്പീഡ് 400ന്.
398 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് വാഹനത്തില്‍. ട്രയംഫ് വികസിപ്പിച്ച ടിആര്‍ സീരിസ് എന്‍ജിനാണിത്. 8000 ആർപിഎമ്മിൽ 40 എച്ച്പി കരുത്തും 6500 ആർപിഎമ്മിൽ 37.5 എൻഎം ടോർക്കും ഈ എൻജിൻ ഉൽപാദിപ്പിക്കും. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. ലിക്വിഡ് കൂള്‍ഡ് എൻജിനാണ് ഇത്. ട്രയംഫിന്റെ വലിയ വാഹനങ്ങളിലേതു പോലെ തന്നെ ത്രികോണാകൃതിയിലുള്ള എന്‍ജിന്‍ കവറും വാഹനത്തിനു വലതുവശത്തുണ്ട്. ബ്രിട്ടീഷ് നിര്‍മാതാക്കളായ ട്രയംഫിന്റെ നിര്‍മാണ മികവുകള്‍ വാഹനത്തിന്റെ ഭൂരിഭാഗം മേഖലകളിലും പ്രകടമാണ്.
ട്യൂബുലര്‍ സ്റ്റീലില്‍ നിര്‍മിച്ച സ്‌പൈന്‍-പെരിമീറ്റര്‍ ഹൈബ്രിഡ് ഫ്രെയിമാണ് വാഹനത്തിലുള്ളത്. 17 ഇഞ്ച് വീലുകളാണ് സ്പീഡ് 400 സീരിസില്‍. മെറ്റ്‌സെലര്‍ സോഫ്റ്റ് കോംപൗണ്ട് ടയറുകളാണ്. എല്‍ഇഡി ലൈറ്റ് സംവിധാനങ്ങളും, റൈഡ് ബൈ വയര്‍ സാങ്കേതിക വിദ്യയും ഡ്യുവല്‍ ചാനല്‍ എബിഎസ്, മാറ്റാന്‍ സാധിക്കുന്ന വിധത്തിലുള്ള ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയും യുഎസ്ബി സി ചാര്‍ജിങ് പോര്‍ട്ട്, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റേഷന്‍ എന്നിവയും വാഹനത്തിലുണ്ട്.
English Summary: Triumph announces on-road prices of the Speed 400