‘ലിറ്റിൽ കോമറ്റ്’ ഇനി കുടുംബാംഗം; ചെറു ഇലക്ട്രിക് കാറിൽ സംവിധായകൻ
Mail This Article
എംജിയുടെ ചെറു ഇലക്ട്രിക് കാർ കോമറ്റ് വാങ്ങി യുവസംവിധായകൻ സാജിദ് യാഹിയ. അഭിനേതാവ്, നിർമാതാവ് എന്നീ നിലകളിൽ തിളങ്ങിയ സാജിദ് യാഹിയ എംജിയുടെ കൊച്ചി ഡീലർഷിപ്പിൽ നിന്നാണ് പുതിയ വാഹനം വാങ്ങിയത്. കുടുംബവുമായി എത്തി പുതിയ വാഹനത്തിന്റെ താക്കോൽ സ്വീകരിക്കുന്ന ചിത്രവും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
ചെറിയ കോമറ്റ് ഇനി ഒരു കുടുംബാംഗമാണ് എന്നാണ് ചിത്രത്തിനൊപ്പം സാജിദ് യാഹിയ കുറിച്ചിരിക്കുന്നത്. എംജി അടുത്തിടെയാണ് ചെറു ഇലക്ട്രിക് കാറായ കോമറ്റിനെ പുറത്തിറക്കുന്നത്. മൂന്നു വകഭേദങ്ങളിലായി ലഭിക്കുന്ന വാഹനത്തിന്റെ വില 7.98 ലക്ഷം രൂപ മുതൽ 9.98 ലക്ഷം രൂപ വരെയാണ്.
കോമറ്റിന് ഒറ്റ ചാർജിൽ 230 കിലോമീറ്റർ സഞ്ചരിക്കാനാകും. 17.3 കിലോവാട്ട് ലിഥിയം അയൺ ബാറ്ററിയാണ് കോമറ്റിൽ ഉപയോഗിക്കുന്നത്.41 ബിഎച്ച്പി കരുത്തും 110 എൻഎം ടോർക്കും വാഹനത്തിനുണ്ട്. 3.3 kW എസി ചാർജർ ഉപയോഗിച്ചാൽ 7 മണിക്കൂറിൽ പൂർണമായും ചാർജ് ചെയ്യും.
ടാറ്റാ നാനോ, മാരുതി സുസുക്കി ഓൾട്ടോ തുടങ്ങിയ വാഹനങ്ങളെക്കാൾ ചെറിയ രൂപമാണ് എംജി കോമറ്റിന്. എംജി സിഎസിനെപ്പോലെ തന്നെ എംജിയുടെ ലോഗോയ്ക്ക് പിന്നിലാണ് ചാർജിങ് പോർട്ടിന്റെ സ്ഥാനം. എൽഇഡി ഹെഡ്‌ലാംപും ഡിആർഎല്ലും എൽഇഡി ടെയിൽ ലാംപുമുണ്ട്. മുന്നിൽ എല്‍ഇഡി സ്ട്രിപ്പും നൽകിയിരിക്കുന്നു. 12 ഇഞ്ച് വീലാണ്. അപ്പിൾ ഗ്രീൻ വിത്ത് ബ്ലാക് റൂഫ്, അറോറ സിൽവർ, സ്റ്റാറി ബ്ലാക്, കാൻഡി വൈറ്റ്, കാൻഡ് വൈറ്റ് വിത്ത് ബ്ലാക് റൂഫ് എന്നീ നിറങ്ങളിൽ കോമറ്റ് ലഭിക്കും.
English Summary: Actor Director Sajid Yahiya Bought MG Comet