‘ശുദ്ധഗതിക്കാരനായ അദ്ദേഹത്തെ പലരും ചതിച്ചു’
Mail This Article
കോട്ടയ്ക്കൽ∙ അന്തരിച്ച സിനിമാ സംവിധായകൻ സിദ്ദീഖിന് മലപ്പുറത്ത് മറ്റൊരു മേൽവിലാസമുണ്ട്., ബസുടമ. ലാവർണ ബസ് ഗ്രൂപ്പിൽ 7 വർഷമായി പാർട്ണറാണ് അദ്ദേഹം. ബിസിനസ് പങ്കാളി എന്നതിനൊപ്പം ഏറെ ബഹുമാനിക്കുന്ന കലാകാരനാണ് "സിദ്ദീഖ് അണ്ണനെ"ന്ന് ഗ്രൂപ്പിലെ മറ്റൊരു പാർട്ണറായ പരുത്തിക്കുന്നൻ മുഹമ്മദ്ഷാഫി പറയുന്നു.
സിദ്ദീഖ് നേരത്തേ ചെയ്ത ബിസിനസ് സംരംഭങ്ങളെല്ലാം വേണ്ടവിധം വിജയിച്ചില്ല. ശുദ്ധഗതിക്കാരനായ അദ്ദേഹത്തെ പലരും ചതിക്കുകയായിരുന്നുവെന്ന് ഷാഫി പറയുന്നു. അടുത്ത സ്നേഹിതൻ വഴിയാണ് 17 വർഷം മുൻപ് ഷാഫി സിദ്ദീഖിനെ പരിചയപ്പെടുന്നത്. സൗഹൃദം വളർന്നതോടെ പല ബിസിനസ് പദ്ധതികളെക്കുറിച്ചും ചർച്ച ചെയ്തു. അവസാനമാണ് ബസ് വ്യവസായത്തിലേക്കു തിരിയുന്നത്. 2016ൽ ആദ്യത്തെ കാരവാൻ വാങ്ങി. തമിഴ്നാട്ടിൽ നിന്നുള്ളവയാണ് സിനിമാ ചിത്രീകരണത്തിനും മറ്റുമായി അതുവരെ ഉപയോഗിച്ചിരുന്നത്.
8 കാരവാനുകളാണ് "ലാവർണ ആൻഡ് എസ് ട്രാവത്സ് " എന്ന പേരിൽ നിലവിലുള്ളത്. സിനിമാ ചിത്രീകരണവും ദൂരയാത്രകളും ലക്ഷ്യമിട്ട് കൊച്ചി കേന്ദ്രീകരിച്ചാണ് ഇവ ഓടുന്നത്. കോട്ടയ്ക്കൽ കേന്ദ്രീകരിച്ച് പുതിയ ബിസിനസ് സംരംഭം തുടങ്ങാൻ ഇരുവരും തീരുമാനിച്ചിരുന്നു. അതിനായി ഇവിടെ ബാങ്ക് അക്കൗണ്ടും സിദ്ദീഖ് തുടങ്ങി. അദ്ദേഹത്തിന്റെ തിരക്ക് കാരണം പദ്ധതി നീണ്ടുപോയി.
മുപ്പതോളം തവണ കോഴിച്ചെനയിലെ വീട്ടിൽ സിദ്ദീഖ് വന്നതായി ഷാഫി പറയുന്നു. ഏറ്റവും അവസാനമായി വന്നത് ഏപ്രിൽ 29ന് ആണ്. തിരിച്ച് സിദ്ദീഖിന്റെ ഫ്ലാറ്റിലും പലതവണ പോയി. കോട്ടയ്ക്കലിലെ സ്കൂൾ വാർഷികാഘോഷത്തിൽ പങ്കെടുക്കാനായി മാത്രം ഷാഫി ക്ഷണിച്ചതുപ്രകാരം സിദ്ദീഖ് ഒരുതവണ വന്നത് ഖത്തറിൽ നിന്നാണ്. ചടങ്ങിനുശേഷം അവിടേക്കുതന്നെ തിരിച്ചുപോയി.
തിരൂർ - മഞ്ചേരി റൂട്ടിലോടുന്ന 2 ലാവർണ ബസുകളിൽ പ്രദർശിപ്പിക്കാനായി തയാറാക്കിയ ഗതാഗത ബോധവൽക്കരണ വീഡിയോ അവതരിപ്പിക്കുന്നത് സിദ്ദീഖാണ്. ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായും പ്രവർത്തിക്കുന്നു. സിദ്ദീഖിന്റെ ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് കഴിഞ്ഞദിവസങ്ങളിൽ കൊച്ചിയിലെ ആശുപത്രിയിൽ കഴിയുകയായിരുന്നു ഷാഫി.
English Summary: Sidddque Is the Partner Of Laverna and S Travels Malappuram