ബോംബിട്ടാലും ഈ ബിഎംഡബ്ല്യു കുലുങ്ങില്ല, ആദ്യ അതിസുരക്ഷ വൈദ്യുതി കാർ
Mail This Article
ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു വെടിവെപ്പിനേയും സ്‌ഫോടനങ്ങളേയും പ്രതിരോധിക്കാന്‍ ശേഷിയുള്ള i7, 7സീരീസ് കാറുകള്‍ പുറത്തിറക്കി. ഇതില്‍ i7 ബിഎംഡബ്ല്യു പുറത്തിറക്കുന്ന ആദ്യത്തെ അതീവ സുരക്ഷാ വൈദ്യുതി കാറാണ്. രണ്ടു കാറുകളിലും വിആർ 9 ബാലിസ്റ്റിക് പ്രൊട്ടക്ഷനാണ് ബിഎംഡബ്ല്യു നല്‍കിയിരിക്കുന്നത്. ഡ്രോണ്‍ വഴിയുള്ള ആക്രമണങ്ങളെ വരെ പ്രതിരോധിക്കാന്‍ ശേഷിയുള്ള കാറുകളാണിത്. പ്രത്യേകം സുരക്ഷ ആവശ്യമുള്ള രാഷ്ട്ര തലവന്‍മാരെയും മറ്റും ലക്ഷ്യം വച്ചാണ് ബിഎംഡബ്ല്യു ഈ ആഡംബര സുരക്ഷാ വാഹനങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.
മിഷെലിന്‍ പാക്‌സ് റണ്‍ ഫ്‌ളാറ്റ് ടയറുകളാണ് i7ല്‍ ആദ്യം ശ്രദ്ധിക്കപ്പെടുന്ന ഭാഗങ്ങളിലൊന്ന്. മികച്ച ബ്രേക്കിങ് സംവിധാനമുള്ള 20 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിലുള്ളത്. ടയറിലെ വായു പൂര്‍ണമായും നഷ്ടമായാല്‍ പോലും മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ വാഹനത്തെ പ്രാപ്തമാക്കുന്ന പ്രത്യേകതരം ടയറുകളാണ് i7 ന്റെ മറ്റൊരു പ്രത്യേകത.
അധിക സുരക്ഷയുള്ള ബിഎംഡബ്ല്യു മോഡലുകളും സാധാരണ മോഡലുകളും തമ്മില്‍ പുറമേക്ക് കാര്യമായ വ്യത്യാസങ്ങളില്ല. ബിഎംഡബ്ല്യു പ്രൊട്ടക്ഷന്‍ കോര്‍ എന്നു പേരിട്ടിരിക്കുന്ന പ്രത്യേകം നിര്‍മിച്ച ഉരുക്കു ചട്ടക്കൂടാണ് i7ന് സുരക്ഷ നല്‍കുന്നത്. വാഹനത്തിന്റെ അടിഭാഗത്തും ഈ ചട്ടക്കൂട് സുരക്ഷ നല്‍കുന്നുണ്ട്. കനമേറിയ ബുള്ളറ്റ് പ്രൂഫ് ചില്ലുകളാണ് വാഹനത്തിലുള്ളത്. ഇന്ധന ടാങ്കിലേക്ക് വെടിയേറ്റാല്‍ സ്വയം പ്രതിരോധം തീര്‍ത്ത് ഇന്ധന ചോര്‍ച്ച തടയുന്ന സെല്‍ഫ് സീലിങ് കേസിങും i7ന്റെ സുരക്ഷാ സൗകര്യങ്ങളിലൊന്നാണ്.
വെടിവയ്പ്പിനെ മാത്രമല്ല ഗ്രേനേഡുകളേയും ഡ്രോണ്‍ ആക്രമണങ്ങളേയും ഫലപ്രദമായി നേരിടാന്‍ ഈ വാഹനത്തിന് സാധിക്കും. വാഹനത്തിന്റെ ഡ്രൈവര്‍ക്കും യാത്രികര്‍ക്കും പുറത്തുള്ളവരുമായി ഡോര്‍ തുറക്കാതെ തന്നെ ആശയവിനിമയം നടത്തുന്നതിനുള്ള സംവിധാനവുമുണ്ട്. വാഹനത്തിലെ കണ്ണാടികളിലാണ് മൈക്രോഫോണുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. പുറത്ത് സ്പീക്കറും വാഹനത്തിനുള്ളില്‍ മൈക്രോഫോണും സ്പീക്കറുകളും ഈ ബി.എം.ഡബ്ല്യു വാഹനത്തിലുണ്ട്. സംഗീതം ആസ്വദിക്കുന്നതിനും മറ്റുമായി 28 സ്പീക്കര്‍ 1,265 വാട്ട് ബോവേഴ്‌സ് ആന്‍ഡ് വില്‍കിന്‍സ് ഡയമണ്ട് സറൗണ്ട് സൗണ്ട് സിസ്റ്റമാണുള്ളത്.
പിന്നിലെ യാത്രികര്‍ക്ക് ആവശ്യമുണ്ടെങ്കില്‍ ചില്ലുകള്‍ അതാര്യമാക്കി വയ്ക്കാനും സാധിക്കും. തണുത്ത കാലാവസ്ഥയിലും പുറത്തേക്കുള്ള കാഴ്ച്ചകള്‍ മങ്ങാതിരിക്കാനായി വിന്‍ഡ് സ്‌ക്രീനിലും സൈഡ് വിന്‍ഡോസിലും ഇലക്ട്രിക് ഹീറ്റിങ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനത്തിനുള്ളില്‍ അധികമായി ഒരു ഇന്റീരിയര്‍ മിറര്‍ കൂടി നല്‍കിയിട്ടുണ്ട്. പിന്നിലെ ക്യാമറയിലുള്ള ദൃശ്യങ്ങളാണ് ഇതില്‍ തെളിയുക. ഏതെങ്കിലും വാഹനം പിന്തുടരുന്നുണ്ടോ എന്ന് ഇതുവഴി എളുപ്പം അറിയാനാവും.
ബി.എം.ഡബ്ല്യു i7ന്റെ ഇലക്ട്രിക് മോട്ടോറുകള്‍ക്ക് 536hp കരുത്തും പരമാവധി 745 Nm ടോര്‍ക്കും പുറത്തെടുക്കാനാവും. അധിക സുരക്ഷാ ഉപകരണങ്ങള്‍ മൂലം വാഹനത്തിന്റെ ഭാരത്തില്‍ വര്‍ധനവുണ്ടാവുന്നത് വേഗതയെ ഒരു പരിധി വരെ ബാധിക്കുന്നുണ്ട്. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലേക്കെത്തുന്നതിന് ബി.എം.ഡബ്ല്യു i7 പ്രൊട്ടക്ഷന് ഒമ്പത് സെക്കന്‍ഡ് വേണം. അധിക സുരക്ഷയില്ലാത്ത മോഡലിന് ഈ വേഗത്തിലേക്കെത്താന്‍ 4.7 സെക്കന്‍ഡ് മതിയാവും. പരമാവധി വേഗത സുരക്ഷയുള്ള വാഹനത്തിന് മണിക്കൂറില്‍ 160 കിലോമീറ്ററാണെങ്കില്‍ സാധാരണ മോഡലില്‍ ഇത് മണിക്കൂറില്‍ 240 കിലോമീറ്ററാണ്. ബി.എം.ഡബ്ല്യു ഐ7 പ്രൊട്ടക്ഷന്റെ റേഞ്ച് പുറത്തുവിട്ടിട്ടില്ല. ഭാരം കൂടുതലുള്ളതിനാല്‍ വാഹനത്തിന്റെ റേഞ്ചിനേയും ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്.
ബി.എം.ഡബ്ല്യു 7 സീരീസ് പ്രൊട്ടക്ഷന്‍ വാഹനങ്ങളില്‍ മൈല്‍ഡ് ഹൈബ്രിഡ് ടര്‍ബോചാര്‍ജ്ഡ് 4.4 ലിറ്റര്‍ വി8 എന്‍ജിനാണുള്ളത്. 523hp കരുത്തും പരമാവധി 750 Nm ടോര്‍ക്കും പുറത്തെടുക്കാന്‍ ഈ എന്‍ജിന് സാധിക്കും. ഓള്‍ വീല്‍ ഡ്രൈവ് പിന്തുണക്കുന്ന ഈ മോഡലിനു i7 പ്രൊട്ടക്ഷനെ അപേക്ഷിച്ച് വേഗതയും കുതിപ്പും കൂടുതലാണ്. 100 കിലോമീറ്റര്‍ വേഗത്തിലേക്കെത്താന്‍ 7 സീരീസിനു 6.6 സെക്കന്‍ഡു മതി. പരമാവധി വേഗത മണിക്കൂറില്‍ 210 കിലോമീറ്ററാണ്.
English Summary: BMW unveils its first armoured electric luxury sedan via the i7 Protection