ഇടിച്ച് തോൽപിക്കാനാവില്ല! ക്രാഷ് ടെസ്റ്റിലെ മിടുക്കന്മാർ ഇവർ
Mail This Article
ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റിന്റെ പുതുക്കിയ നിബന്ധനകള്‍ നിലവില്‍ വന്നിട്ട് ഒരു വര്‍ഷത്തിലേറെയായി. പുതിയ ക്രാഷ് ടെസ്റ്റ് പ്രകാരം വാഹനങ്ങള്‍ക്ക് 5 സ്റ്റാര്‍ ലഭിക്കണമെങ്കില്‍ നിരവധി കടമ്പകളുണ്ട്. ഇന്ത്യയില്‍ നിന്നും പത്തു കാറുകള്‍ മാത്രമാണ് ഇക്കാലത്ത് ക്രാഷ് ടെസ്റ്റ് നടത്തിയത്. പുതിയ ക്രാഷ് ടെസ്റ്റിലെ ഇന്ത്യന്‍ കാറുകളുടെ പ്രകടനം വിലയിരുത്താം.
പുതിയ ക്രാഷ് ടെസ്റ്റില്‍ ഇഎസ്സി(ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോള്), കാല്‍നടയാത്രക്കാരുടെ സുരക്ഷ, വശങ്ങളില് നിന്നുള്ള ആഘാതം, സീറ്റ് ബെല്‍റ്റ് മുന്നറിയിപ്പ് എന്നിങ്ങനെ പല വിഷയങ്ങള്‍ കൂടി കണക്കിലെടുത്താണ് സ്റ്റാര്‍ ലഭിക്കുന്നത്.
മഹീന്ദ്രയുടെ സ്കോര്‍പിയോ എന്‍ ക്രാഷ് ടെസ്റ്റില്‍ ഗംഭീര പ്രകടനമാണ് നടത്തിയത്. 34ല്‍ 29.5 പോയിന്റു നേടിയാണ് സ്കോര്‍പിയോ എന്‍ 5 സ്റ്റാര്‍ നേടിയത്. വശങ്ങളില് നിന്നുള്ള സുരക്ഷയിലും മികച്ച പ്രകടനമാണ് സ്കോര്‍പിയോ എന്‍ നടത്തിയത്. കുട്ടികളുടെ സുരക്ഷയില്‍ 49ല്‍ 28.93 പോയിന്റുമായി സ്കോര്‍പിയോ എന്‍ മൂന്ന് സ്റ്റാര്‍ നേടി. കാല്നടയാത്രിക്കാരുടെ സുരക്ഷയും രണ്ട് എയര്‍ബാഗുകളും സീറ്റ്ബെല്‍റ്റ് മുന്നറിയിപ്പും ഇ.എസ്.സിയുമെല്ലാം ചേര്‍ന്ന് സ്കോര്‍പിയോ എന്നിന് 5 സ്റ്റാര്‍ സുരക്ഷ നല്കി.
ഫോക്സ്വാഗണ് ടൈഗൂണും സ്കോഡ കുഷാകുമാണ് ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സുരക്ഷ നേടിയ മറ്റു രണ്ട് കാറുകള്‍. ജിഎന്‍സിഎപി ക്രാഷ് ടെസ്റ്റിന്റെ മാനദണ്ഡങ്ങള്‍ പുതുക്കിയ ശേഷം ആദ്യം ക്രാഷ് ടെസ്റ്റ് നടത്തിയ മോഡലുകളാണ് ജര്‍മന്‍കാരായ ടൈഗൂണും കുഷാകും. ഈ രണ്ടു മോഡലും 29.64 പോയിന്റുമായി 5സ്റ്റാര്‍ സുരക്ഷ നേടി. കുട്ടികളുടെ സുരക്ഷയില്‍ ടൈഗൂണും കുഷാകും 5 സ്റ്റാര്‍ നേടിയിട്ടുണ്ടെന്നതും എടുത്തു പറയേണ്ടതാണ്.
സുരക്ഷക്ക് പ്രാധാന്യം നല്‍കുന്നവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന മറ്റു രണ്ടു കാറുകളാണ് ഫോക്സ്വാഗണ് വെര്‍ട്ടസും സ്കോഡ സ്ലാവിയയും. 34ല്‍ 29.71 എന്ന പരമാവധി പോയിന്റുകളും ഈ രണ്ടു മോഡലുകളും നേടി. വശങ്ങളില് നിന്നുള്ള ആഘാതം പരീക്ഷിക്കുന്നതില്‍ 17ല്‍ 14.2 പോയിന്റു നേടിയിട്ടുള്ള ഈ മോഡലുകള്‍ കാല്നടയാത്രികര്ക്കുള്ള സുരക്ഷയുടെ കാര്യത്തിലും മുന്നിലാണ്. ആകെ സാധ്യമായ 49ല്‍ 42 പോയിന്റു നേടിയാണ് കുട്ടികളുടെ സുരക്ഷയില്‍ ഈ രണ്ടു കാറുകള്‍ 5 സ്റ്റാര്‍ നേടിയത്. ഇരട്ട എയര്‍ ബാഗ്, ഇ.എസ്.സി, ട്രാക്ഷന്‍ കണ്ട്രോള്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ട് എന്നിങ്ങനെ നിരവധി സുരക്ഷാ സൗകര്യങ്ങളുണ്ട് ഈ കാറുകള്‍ക്ക്. പുതിയ ജിഎന്‍സിഎപി ക്രാഷ് ടെസ്റ്റ് പ്രകാരം ഇന്ത്യയിലെ ഏറ്റവും സുരക്ഷയുള്ള മോഡലുകളെന്ന പേര് വെര്ട്ടസിനും സ്ലാവിയക്കും സ്വന്തം.
English Summary: Highest rated cars, SUVs in new GNCAP crash tests