ADVERTISEMENT

അമേരിക്കന്‍ ഓഹരി വിപണിയില്‍ ലിസ്റ്റു ചെയ്തതിന് പിന്നാലെ ഫോഡിനേയും ജനറല്‍ മോട്ടോഴ്‌സിനേയുമെല്ലാം പിന്നിലാക്കി വിയറ്റ്‌നാം കമ്പനി. വൈദ്യുത വാഹന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ വിന്‍ ഫാസ്റ്റാണ് അമ്പരപ്പിക്കുന്ന കുതിപ്പു നടത്തിയിരിക്കുന്നത്. വിന്‍ഫാസ്റ്റിന്റെ വിപണി മൂല്യം 85 ബില്യണ്‍ ഡോളറായാണ് കണക്കാക്കുന്നത്. വിപണി മൂല്യത്തിന്റെ കാര്യത്തില്‍ ഫോര്‍ഡ്(47.9 ബില്യണ്‍ ഡോളര്‍), ജനറല്‍ മോട്ടോഴ്‌സ്(46.2 ബില്യണ്‍ ഡോളര്‍) എന്നിവയേക്കാള്‍ മുന്നിലാണ് വിന്‍ ഫാസ്റ്റ്. 751 ബില്യണ്‍ ഡോളര്‍ വിപണിമൂല്യമുള്ള ടെസ്‌ലക്കു മുന്നിലെത്തുമ്പോള്‍ വിപണി മൂല്യത്തിന്റെ കാര്യത്തില്‍ ഈ വന്‍ കമ്പനികളെല്ലാം കുഞ്ഞന്മാരാവുകയും ചെയ്യും. 

 

വിയറ്റ്‌നാമിലെ ഏറ്റവും വലിയ ധനികനായ ഫാം നാട്ട് വോങാണ് വിന്‍ഫാസ്റ്റിന്റെ 99 ശതമാനം ഓഹരികളും കൈവശം വെച്ചിരിക്കുന്നത്. 185 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികള്‍ മാത്രമാണ് പൊതുജനങ്ങള്‍ക്ക് വാങ്ങാനും വില്‍ക്കാനും സാധിക്കുക. അഞ്ചു വര്‍ഷങ്ങളായി വിന്‍ഫാസ്റ്റിന്റെ വൈദ്യുത വാഹനങ്ങള്‍ നിരത്തുകളിലുണ്ട്. നിലവില്‍ 20,000ത്തിലേറെ വിന്‍ ഫാസ്റ്റ് വാഹനങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. 

 

വിയറ്റ്‌നാമില്‍ ബ്രേക്ക് ഈവനായ വിന്‍ഫാസ്റ്റ് വരും വര്‍ഷങ്ങളില്‍ ലാഭത്തിലെത്തുമെന്ന പ്രതീക്ഷ കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് പ്രകടിപ്പിച്ചു. വിയറ്റ്‌നാമിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പായ വിന്‍ഗ്രൂപ്പിന്റെ ഭാഗമാണ് വിന്‍ഫാസ്റ്റ്. അമേരിക്കയില്‍ ടെസ്‌ലയുടേയും ചൈനയില്‍ ബിവൈഡിയുടേയും പാത പിന്തുടര്‍ന്നാണ് വിന്‍ഫാസ്റ്റ് വൈദ്യുത കാര്‍ നിര്‍മാണ രംഗത്തേക്ക് എത്തിയത്. വിന്‍ഫാസ്റ്റ് സ്ഥാപകന്‍ 2.5 ബില്യണ്‍ ഡോളറാണ് ഈ വര്‍ഷം കമ്പനിയില്‍ നിക്ഷേപിച്ചത്. 

 

അമേരിക്കയില്‍ കഴിഞ്ഞ ഡിസംബറിലാണ് വിന്‍ഫാസ്റ്റ് ആദ്യമായി തങ്ങളുടെ കാറുകള്‍ വില്‍പനക്കെത്തിച്ചത്. തുടക്കത്തിലേ വലിയ വിമര്‍ശനങ്ങള്‍ വിന്‍ഫാസ്റ്റ് നേരിടേണ്ടി വരികയും ചെയ്തിരുന്നു. പ്രധാനമായും കാറിന്റെ ഭാഗങ്ങള്‍ക്ക് നിലവാരമില്ലെന്നതായിരുന്നു ആരോപണം. വാഹനം ഇടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന സോഫ്റ്റ‌്‌വയര്‍ പിഴവും ഈ കാറുകളിലുണ്ടെന്ന് അമേരിക്കയിലെ നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ ആരോപിച്ചു. ഇതോടെ വിയറ്റ്‌നാം വാഹനനിര്‍മാതാക്കള്‍ക്ക് വലിയ തോതില്‍ വാഹനങ്ങള്‍ തിരിച്ചു വിളിക്കേണ്ടി വരികയും ചെയ്തിരുന്നു. 

 

അമേരിക്കന്‍ ഓഹരിവിപണിയില്‍ നേരത്തെ അവതരിപ്പിക്കപ്പെട്ട വൈദ്യുത വാഹന നിര്‍മാണ കമ്പനികള്‍ക്ക് അത്ര നല്ല പ്രതികരണമല്ല ലഭിച്ചിരുന്നത്. ന്യൂയോര്‍ക്ക് സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ അവതരിപ്പിച്ച ലോര്‍ഡ്‌സ്ടൗണ്‍ മോട്ടോര്‍ കോര്‍പ്, നികോള കോര്‍പ്, ഫരാഡേ ഫ്യൂച്ചര്‍ ഇന്റലിജന്റ് ഇലക്ട്രിക് എന്നീ കമ്പനികള്‍ക്ക് വന്‍ നിരിച്ചടി നേരിട്ടിരുന്നു. ഇവ ഓഹരി വിപണിയിലേക്കെത്തിയതോടെ വിപണി മൂല്യത്തിന്റെ 90 ശതമാനം വരെ ഇടിവുണ്ടായി. എന്നാല്‍ വിപണി മൂല്യത്തില്‍ വിയറ്റ്‌നാം കമ്പനിക്ക് വന്‍ കുതിപ്പാണുണ്ടായത്. ഈ വര്‍ഷം അരലക്ഷം വൈദ്യുത കാറുകള്‍ പുറത്തിറക്കാനാണ് വിന്‍ഫാസ്റ്റ് തയ്യാറെടുക്കുന്നത്.

 

English Summary: Vietnam's VinFast targets US Electric Car Market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com