ഇന്ത്യൻ സൂപ്പർസ്റ്റാർ! കരിസ്മ എക്സ്എംആര്‍ വാങ്ങാന്‍ ഇതാ അഞ്ചു കാരണങ്ങള്‍
Mail This Article
യുവജനങ്ങളുടെ ആവേശമാവാന്‍ ഇടവേളക്കു ശേഷം കരിസ്മ എത്തിയിരിക്കുകയാണ്. എന്തുകൊണ്ട് ഹീറോ കരിസ്മ എക്സ്എംആര്‍ വാങ്ങണമെന്ന് തിരയുന്നവര്‍ക്കായി ഇതാ അഞ്ചു കാരണങ്ങള്‍.
രൂപകല്പന
ഹീറോ കരിസ്മ എക്സ്എംആറിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്ന് രൂപകല്പനയാണ്. കരുത്തിനെ കുറിക്കുന്ന ഇന്ധന ടാങ്ക്, സ്പ്ലിറ്റ് സീറ്റുകള്‍, ഹാന്‍ഡില്‍ ബാറിലെ ക്ലിപ്, ഒതുങ്ങിയ എക്സ്ഹോസ്റ്റ്, മെലിഞ്ഞ എല്‍ഇഡി ലാംപുകള്‍ എന്നിങ്ങനെ എക്സ്എംആറിന്റെ സുന്ദര ഭാഗങ്ങളുടെ പട്ടിക വലുതാണ്. യുവത്വം തുളുമ്പുന്ന സ്പോര്‍ട്ടിയായ ഡിസൈന്‍ എന്ന് പുതിയ കരിസ്മയെ വിശേഷിപ്പിക്കാം. ഐതിഹാസികമെന്നു വിശേഷിപ്പിക്കാവുന്ന മഞ്ഞ നിറത്തിനു പുറമേ ടര്‍ബോ റെഡിലും മാറ്റ് ഫാന്റം ബ്ലാക്കിലും ഹീറോ കരിസ്മ എക്സ്എംആര്‍ പുറത്തിറങ്ങും.
കരുത്ത്
210 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, 4 വാല്‍വ്, ഡിഒഎച്ച്സി എന്‍ജിനാണ് ഹീറോ കരിസ്മ എക്സ്എംആറിലുള്ളത്. 9,250 ആര്‍പിഎമ്മില്‍ 25.15bhp കരുത്തും 7,250 ആര്‍പിഎമ്മില്‍ പരമാവധി 20.4Nm ടോര്‍ക്കും പുറത്തെടുക്കാന്‍ കരിസ്മ എക്സ്എംആറിനാവും. സ്ലിപ് ആന്‍ഡ് അസിസ്റ്റ് ക്ലച്ചുകളോടെ 6 സ്പീഡ് ഗിയര്‍ബോക്സാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്.
ഹാര്ഡ്വെയര്
ഉരുക്കില്‍ തീര്‍ത്ത പുതിയ ട്രെല്ലിസ് ഫ്രെയിമാണ് ഹീറോ കരിസ്മ എക്സഎംആറിലുള്ളത്. മുന്നില്‍ 37എംഎം ടെലസ്കോപിക് സസ്പെന്‍ഷനും പിന്നില്‍ 6 സ്റ്റെപ് പ്രീലോഡ് അഡ്ജസ്റ്റബിള് മോണോ സസ്പെന്‍ഷനുമാണ് സഞ്ചാരസുഖം ഉറപ്പിക്കുന്നത്. മുന്നില്‍ 300 എംഎം ഡിസ്ക് ബ്രേക്കും പിന്നില്‍ 230 എംഎം ഡിസ്ക് ബ്രേക്കുമുണ്ട്. ഡുവല്‍ ചാനല്‍ എബിഎസ് കൂടി വരുന്നതോടെ ബ്രേക്കിങ് സിസ്റ്റം കൂടുതല്‍ കാര്യക്ഷമമായിട്ടുണ്ട്.
ഫീച്ചറുകള്‍
ഓട്ടോ ഓണ്‍/ഓഫ് സൗകര്യങ്ങളോടെയുള്ള എല്‍ഇഡി ഹെഡ്ലാംപ്, ഹസാഡ് സ്വിച്ച്, ബാക്ക്ലിറ്റ് സ്വിച്ച്ഗിയര്‍, എല്‍ഇഡി ടെയില്ലാംപ്സ്, എല്‍ഇഡി ടേണ്‍ ഇന്‍ഡികേറ്റര്‍, ബ്ലൂടൂത്ത് കണക്ടിവിറ്റിയോടെയുള്ള എല്‍സിഡി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിങ്ങനെ പോകും പുതിയ കരിസ്മയിലെ സൗകര്യങ്ങള്‍. ഫോണ്‍ കണക്ടിവിറ്റി, കോള്‍/എസ്എംഎസ് അലര്‍ട്ട്, നാവിഗേഷന്‍, ഗിയര്‍ പൊസിഷന്‍ ഇന്‍ഡികേറ്റര്‍, ട്രിപ്പ് മീറ്റര്‍, ഇന്ധനം കുറഞ്ഞാലുള്ള മുന്നറിയിപ്പ് എന്നിങ്ങനെ പിന്നെയും നീണ്ടതാണ് ഈ ഇന്ത്യന്‍ സൂപ്പര്‍ബൈക്കിന്റെ സവിശേഷതകള്‍.
വില
ഇന്‍ട്രൊഡക്ടറി ഓഫറായി 1,72,900 രൂപയാണ് ഹീറോ കരിസ്മ എക്സ്എംആറിന് വിലയിട്ടിരിക്കുന്നത്. ഈ ഓഫര്‍ തീരുന്ന മുറക്ക് കരിസ്മയുടെ വിലയില്‍ വര്‍ധനവുണ്ടാവും. ഏകദേശം 10,000 രൂപ അധികം നല്‍കിയാലേ ഭാവിയില്‍ കരിസ്മ എക്സ്എംആര്‍ വാങ്ങാനാവൂ.
English Summary: Top 5 Things About The Newly Launched Hero Karizma XMR Motorcycle