ADVERTISEMENT

ഇറങ്ങാന്‍ പോകുന്ന കാറുകളുടെ കണക്കെടുത്താല്‍ സെപ്റ്റംബര്‍ ആഘോഷമാസമാണ്. മുഖം മിനുക്കിയെത്തുന്ന ടാറ്റയുടെ നെക്‌സോണും നെക്‌സോണ്‍ ഇ.വിയും മഹീന്ദ്ര ബൊലേറോ നിയോ+ എന്നിവയാണ് ഇന്ത്യന്‍ നിര്‍മാതാക്കളുടെ സെപ്തംബറിലെത്തുന്ന കാറുകള്‍. വോള്‍വോ സി40 റീചാര്‍ജും ലെക്‌സസിന്റെ എം.പി.വിയായ എല്‍എമ്മും ഏതാനും ദിവസങ്ങളില്‍ ഇന്ത്യന്‍ വിപണിയിലെത്തും. മെഴ്‌സിഡീസ് ബെന്‍സിന്റെ ഇക്യുഇ എസ്‍യുവിയും ബിഎംഡബ്ല്യു 2 സീരീസ് എം പെര്‍ഫോമെന്‍സ് എഡിഷനുമാണ് കാര്‍ പ്രേമികള്‍ കാത്തിരിക്കുന്ന ഈ മാസത്തെ മറ്റു റിലീസുകള്‍. 

ബിഎംഡബ്ല്യു 2 സീരീസ് എം പെര്‍ഫോമെന്‍സ് എഡിഷന്‍

സെപ്തംബര്‍ ഏഴിനാണ് ബിഎംഡബ്ല്യു 2 സീരീസ് എം പെര്‍ഫോമെന്‍സ് എഡിഷന്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നത്. അതി മനോഹരമായ കറുപ്പു നിറത്തില്‍ മാത്രമായിരിക്കും ബിഎംഡബ്ല്യു ഈ വാഹനം പുറത്തിറക്കുക. ബംപറിലും ഗ്രില്ലെയിലും കണ്ണാടികളിലുമൊക്കെയുള്ള വെള്ളി നിറം വാഹനത്തിന്റെ കാഴ്ച്ചയിലെ എടുപ്പു കൂട്ടുന്നുണ്ട്. 2.0 ലീറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന് 179hp കരുത്തും പരമാവധി 280Nm ടോര്‍ക്കും പുറത്തെടുക്കാനാവും. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്കുള്ള 2 സീരീസ് എം പെര്‍ഫോമെന്‍സ് എഡിഷന്റെ പരിമിതമായ എണ്ണം മാത്രമേ ബിഎംഡബ്ല്യു ഇന്ത്യയില്‍ വില്‍ക്കുകയുള്ളൂ. 

ടാറ്റ നെക്‌സോണ്‍, നെക്‌സോണ്‍ ഇവി

നെക്‌സോണും നെക്‌സോണ്‍ ഇവിയും സെപ്തംബര്‍ 14നാണ് ഇന്ത്യന്‍ വിപണിയിലെത്തുക. അകത്തും പുറത്തും മാറ്റങ്ങളോടെയാണ് നെക്‌സോണ്‍ മോഡലുകളുടെ വരവ്. കര്‍വ്, ഹാരിയര്‍ ഇ.വി എന്നിവയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള സ്‌റ്റൈലിങാണ് ടാറ്റ പുതിയ നെക്‌സോണിന് നല്‍കിയിട്ടുള്ളത്. കൂടുതല്‍ വലിയ സ്‌ക്രീനുകളും ടച്ച് ബെയ്‌സ്ഡ് ക്ലൈമറ്റ് കണ്‍ട്രോളും ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും നെക്‌സോണിലുണ്ടാവും. 1.2 ലീറ്റര്‍ പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകളില്‍ മാനുവല്‍ എഎംടി ഗിയര്‍ ബോക്‌സുകളില്‍ ലഭ്യമാണ്. പെട്രോള്‍ എന്‍ജിനില്‍ 7സ്പീഡ് ഡിസിടി ഗിയര്‍ബോക്‌സ് ഓപ്ഷനുണ്ട്. മുഖം മിനുക്കിയെത്തുന്ന നെക്‌സോണ്‍ ഇവിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ടാറ്റ പുറത്തുവിട്ടിട്ടില്ല. 

tata-nexon

മെഴ്‌സിഡീസ് ബെന്‍സ് ഇക്യുഇ എസ്‌യുവി

മെഴ്‌സിഡീസിന്റെ ഇന്ത്യയിലെ മൂന്നാമത്തെ ഇ.വിയായ ഇക്യുഇ എസ്.യു.വി സെപ്തംബര്‍ 15ന് പുറത്തിറങ്ങും. 90.6kWh ബാറ്ററിയുള്ള വാഹനത്തില്‍ 170kW ഡിസി ഫാസ്റ്റ് ചാര്‍ജിംങാണുള്ളത്. പരമാവധി റേഞ്ച് 590 കി.മീ. ഉള്ളില്‍ രണ്ട് ഡാഷ്‌ബോര്‍ഡ് ലേ ഔട്ടുകളാണ് നല്‍കിയിട്ടുള്ളത്. സി ക്ലാസിലേതു പോലെയുള്ള കുത്തനെയുള്ള ടച്ച്‌സ്‌ക്രീനും ഹൈപ്പര്‍സ്‌ക്രീന്‍ ലേ ഔട്ടുമാണുള്ളത്. 

mercedes-benz-eqe

ലെക്‌സസ് എല്‍എം

ലെക്‌സസ് ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിക്കുന്ന എം.പി.വിയായ എല്‍എം സെപ്തംബര്‍ അവസാനത്തോടെ പ്രതീക്ഷിക്കാം. ടൊയോട്ട വെല്‍ഫയറിലെ ജിഎ-കെ മോഡുലാര്‍ പ്ലാറ്റ്‌ഫോമാണ് ലെക്‌സസിന്റെ എല്‍എമ്മിലുമുള്ളത്. നാല് അല്ലെങ്കില്‍ ഏഴ് സീറ്റ് മോഡലുകളില്‍ ലഭ്യമാണ്. 4 സീറ്ററില്‍ എയര്‍ലൈന്‍ സ്‌റ്റൈല്‍ റീക്ലൈനര്‍ സീറ്റുകളും 47 ഇഞ്ച് ടിവി, 23 സ്പീക്കര്‍ സറൗണ്ട് സൗണ്ട് ഓഡിയോ സിസ്റ്റവും പില്ലോ സ്‌റ്റൈല്‍ ഹെഡ് റെസ്റ്റുമുണ്ട്. 2.5 ലീറ്റര്‍ 4 സിലിണ്ടര്‍ സെല്‍ഫ് ചാര്‍ജിങ് ഹൈബ്രിഡ് പവര്‍ട്രെയിനാണ് വാഹനത്തിലുള്ളത്. 4 വീല്‍ ഡ്രൈവിനെ പിന്തുണക്കുന്ന എല്‍എമ്മിന് 250hp കരുത്തും പരമാവധി 239Nm ടോര്‍ക്കും പുറത്തെടുക്കാനാവും.

മഹീന്ദ്ര ബൊലേറോ നിയോ+

ഇന്ത്യയില്‍ സെപ്തംബറില്‍ അവസാനത്തേക്കായി പുറത്തിറങ്ങുന്ന വാഹനം മഹീന്ദ്ര ബൊലേറോ നിയോ+ ആണ്. ബൊലേറോക്കും ബൊലേറോ നിയോക്കും ശേഷം ഈ നിരയില്‍ പുറത്തിറങ്ങുന്ന മൂന്നാമത്തെ എസ്.യു.വിയാണ് ബൊലേറോ നിയോ+. 7 സീറ്റ്, 9 സീറ്റ് ഓപ്ഷനുകളില്‍ ഈ ബൊലേറോ ലഭ്യമാണ്. സ്‌കോര്‍പിയോക്ക് സമാനമായ 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് നിയോ+ന് നല്‍കിയിരിക്കുന്നത്.

English Summary: New car, SUV Launches in September 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com