ADVERTISEMENT

പ്രീമിയം ഹാച്ച്ബാക്ക് ഐ20യുടെ പുതിയ പതിപ്പ് പുറത്തിറക്കി ഹ്യുണ്ടേയ്. 6.99 ലക്ഷം മുതൽ 11.01 ലക്ഷം രൂപ വരെയാണ് പുതിയ മോഡലിന്റെ എക്സ്ഷോറൂം വില. മുന്നിലും പിന്നിലും മാറ്റങ്ങളും ഇന്റീരിയറിലെ പുതിയ കളർ സ്കീമും ഫീച്ചറുകളുമായിട്ടാണ് ഐ20 എത്തിയിരിക്കുന്നത്. 1.2 ലീറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനോട് കൂടി മാത്രമേ പുതിയ മോഡൽ ലഭിക്കൂ.

 

05-KV i20-10x6.5_2 Car

ഇറ, മാ‍ഗ്‌ന, സ്പോർട്സ്, ആസ്ത, ആസ്ത (ഓപ്ഷണൽ) എന്നീ വേരിയന്റുകളിൽ മാനുവൽ, സിവിടി ഓപ്ഷനുകളിലാണ് വാഹനം ലഭിക്കുന്നത്. ഇറ മാനുവലിന് 6.99 ലക്ഷം രൂപയും മാഗ്‌ന മാനുവലിന് 7.69 ലക്ഷം രൂപയുമാണ് വില. സ്പോർട്സ് വേരിയന്റിന്റെ മാനുവൽ പതിപ്പിന് 8.23 ലക്ഷം രൂപയും ഓട്ടമാറ്റിക്കിന് 9.37 ലക്ഷം രൂപയും. ആസ്ത പതിപ്പിൽ മാനുവൽ മാത്രമേയുള്ളൂ, വില 9.28 ലക്ഷം രൂപ. ആസ്ത ഓപ്ഷണല്‍ മാനുവലിന് 9.97 ലക്ഷം രൂപയും ഓട്ടമാറ്റിക്കിന് 11.01 ലക്ഷം രൂപയുമാണ് വില.

 

ഇറ എന്ന പുതിയ അടിസ്ഥാന വകഭേദം എത്തിയതോടെ അടിസ്ഥാന വില 47000 രൂപ വരെ കുറഞ്ഞിട്ടുണ്ട്. എന്നാൽ സമാനമായ മോഡലുകളുടെ വില 20000 രൂപ മുതൽ 27000 രൂപ വരെ വർധിച്ചു. ചെറിയ മാറ്റങ്ങളുള്ള മുൻ ഗ്രില്ലാണ് വാഹനത്തിന്. ഉയർന്ന വകഭേദത്തിന് ഫുൾ എൽഇഡി ഹെഡ്‌ലാംപ് യൂണിറ്റാണ് നൽകിയിരിക്കുന്നത്. മാറ്റങ്ങൾ വരുത്തിയ എൽഇഡി ഡേറ്റൈം റണ്ണിങ് ലാംപുകളുമുണ്ട്. മുൻബംബറിലെ 

 

എയൻ ഇൻലെറ്റുകൾക്കും ഡിസൈൻ മാറ്റമുണ്ട്. സൈഡ് പ്രൊഫൈലിൽ വലിയ മാറ്റങ്ങളില്ല. 16 ഇഞ്ച് അലോയ് വീലുകളുടെ ഡിസൈനിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ചെറിയ മാറ്റങ്ങൾ വരുത്തിയ ഡ്യുവൽ ടോൺ ബംബറാണ് പിന്നിൽ. 

 

ഇന്റീരിയറിൽ കാര്യമാത്രമായ മാറ്റങ്ങളൊന്നുമില്ല. പുതിയ ബ്ലാക് ആൻഡ് ഗ്രേ ഡ്യുവൽ ടോൺ ഇന്റീരിയർ നൽകിയിരിക്കുന്നു. ഇന്റീരിയറിലെ ആംബിയന്റ് ലൈറ്റിനും ചെറിയ മാറ്റങ്ങളുണ്ട്‌. 10.25 ഇഞ്ച് ടച്ച് സ്ക്രീൻ ഇന്റീരിയർ, ഓൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആപ്പിൾ കാർപ്ലെ, ആൻഡ്രോയിഡ് ഓട്ടോ, ഏഴു സ്പീക്കറുകളുള്ള മ്യൂസിക് സിസ്റ്റം, വയർലെസ് ചാർജർ, സൺറൂഫ്, ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, അറുപതിൽ അധികം കണക്റ്റഡ് ഫീച്ചറുകൾ, ഒടിഎ അപ്ഡേറ്റ്, സി ടൈപ്പ് ചാർജിങ് സ്ലോട്ട് എന്നിവയുണ്ട്. സുരക്ഷയ്ക്കായി ആറ് എയർബാഗുകളും എബിഎസും ഇബിഡിയും ഇഎസ്‌സിയും ഹിൽഹോൾഡ് അസിസ്റ്റും റിവേഴ്സ് പാർക്കിങ് സെൻസറും ടിപിഎംഎസുമുണ്ട്. 

 

1.2 ലീറ്റർ നാലു സിലിണ്ടർ പെട്രോൾ എൻജിൻ മാത്രമാണ് പുതിയ മോഡലിൽ ലഭിക്കുക. അഞ്ച് സ്പീഡ് മാനുവൽ, സിവിടി ഗിയർബോക്സുകളുണ്ട്. 88 ബിഎച്ച്പി കരുത്തും 115 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. കഴിഞ്ഞ മോഡലിൽ ഉണ്ടായിരുന്ന 1 ലീറ്റർ ടർബോ പെട്രോൾ എൻജിൻ പുതിയ മോഡലിൽ ഇല്ല. വൺ ലീറ്റർ എൻജിൻ ഐ20 എൻ ലൈനിലൂടെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

English Summary: 2023 Hyundai i20 facelift launched at Rs 6.99 lakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com