നിക്ഷേപം 1000 കോടി; ജാവ, യെസ്ഡി, ബിഎസ്എ... പ്രതാപം വീണ്ടെടുക്കാൻ പഴയ പടക്കുതിരകൾ!
Mail This Article
ജാവ, യെസ്ഡി, ബിഎസ്എ തുടങ്ങിയ പഴയകാലത്തെ പ്രതാപികളെ വീണ്ടും വിപണിയിലെത്തിച്ച ക്ലാസിക് ലെജന്‍ഡ്‌സ് കൂടുതല്‍ നിക്ഷേപം ഇറക്കുന്നു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്‍ഡ്‌സ് 2026 സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ ആയിരം കോടി രൂപയാണ് മുടക്കുന്നത്. ഇന്ത്യയിലെ മിഡില്‍ വൈറ്റ്, ലൈഫ്‌സ്റ്റൈല്‍ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ ചലനങ്ങളുണ്ടാക്കിയ ക്ലാസിക് ലെജന്‍ഡ്‌സ് വിദേശ വിപണികളിലെ സാധ്യതകളും തേടുന്നുണ്ട്.
പുതിയ മോഡലുകള്‍ രൂപകല്‍പന ചെയ്യാനും മാര്‍ക്കറ്റു ചെയ്യാനും നിര്‍മിച്ച് വിതരണം ചെയ്യാനുമായിരിക്കും ഈ തുക വിനിയോഗിക്കുകയെന്നാണ് ക്ലാസിക് ലെജന്‍ഡ്‌സ് സ്ഥാപകന്‍ അനുപം തരേജ പ്രതികരിച്ചത്. ഇന്ത്യയില്‍ നിന്നൊരു അന്താരാഷ്ട്ര മോട്ടോര്‍സൈക്കിള്‍ കമ്പനിയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ കമ്പനി നേരിട്ട നഷ്ടം വരും വര്‍ഷങ്ങളില്‍ ലാഭമാക്കി മാറ്റാനും പുതിയ നടപടികള്‍ വഴി സാധിക്കുമെന്ന പ്രതീക്ഷയും അനുപം തരേജ പ്രകടിപ്പിച്ചു.
2020 സാമ്പത്തിക വര്‍ഷത്തില്‍ ലാഭത്തിലായിരുന്നെങ്കിലും പിന്നീടുള്ള മൂന്നു വര്‍ഷം ഈ പ്രകടനം ആവര്‍ത്തിക്കാന്‍ ക്ലാസ്‌ക് ലെജന്‍ഡ്‌സിന് സാധിച്ചിരുന്നില്ല. ബ്രിട്ടനേയും യൂറോപിനേയും മറ്റു പ്രധാന അന്താരാഷ്ട്ര വിപണികളേയും ലക്ഷ്യമിട്ട് ഒരു വൈദ്യുത മോട്ടോര്‍ സൈക്കിള്‍ നിര്‍മിക്കാനുള്ള ശ്രമങ്ങളിലാണ് ക്ലാസിക് ലെജന്‍ഡ്‌സ്. 2024 ആകുമ്പോഴേക്കും വിപണിയിലെത്തുന്ന ഈ വൈദ്യുത മോട്ടോര്‍ സൈക്കിള്‍ ഈ വിഭാഗത്തിലെ ഏറ്റവും വില കുറഞ്ഞ മോഡലുകളിലൊന്നാവുമെന്നും കമ്പനി അവകാശപ്പെടുന്നു.
ഇന്ത്യന്‍ വിപണിയില്‍ 250 സിസിക്ക് മുകളിലുള്ള റെട്രോ സ്‌റ്റൈല്‍, ക്ലാസിക്, മിഡില്‍വൈറ്റ് മോട്ടോര്‍സൈക്കിള്‍ വിഭാഗങ്ങളിലെ പ്രധാനി റോയല്‍ എന്‍ഫീല്‍ഡിലാണ്. ആകെ 1.6 കോടി ഇരുചക്രവാഹനങ്ങള്‍ പ്രതിവര്‍ഷം വില്‍ക്കുന്ന ഇന്ത്യയിലെ ഈ വിഭാഗത്തില്‍ എട്ടു ലക്ഷം വാഹനങ്ങളാണ് ഈ വിഭാഗത്തില്‍ വിറ്റഴിയുന്നത്. 2018ല്‍ പ്രവര്‍ത്തനം ആരംഭിച്ച ക്ലാസിക് ലെജന്‍ഡ്‌സ് റോയല്‍ എന്‍ഫീല്‍ഡിന് വെല്ലുവിൡയാവാനാണ് ശ്രമിക്കുന്നത്.
ചെക് ബ്രാന്‍ഡായ ജാവയെ അവതരിപ്പിച്ചുകൊണ്ടാണ് ക്ലാസിക് ലെജന്‍ഡ്‌സ് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് യെസ്ഡിയേയും അവതരിപ്പിച്ചു. കമ്പനിയുടെ 60 ശതമാനം ഓഹരിയും മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ളതാണ്. അനുപം തരേജയുടേയും ബൊമന്‍ ഇറാനിയുടേയും നേതൃത്വത്തിലുള്ള ഫി കാപ്പിലിന്റെ കൈവശമാണ് ബാക്കി ഓഹരികളുള്ളത്. പ്രതിമാസം 4,500-5,000 ജാവ, യെസ്ഡി മോഡലുകളാണ് വില്‍ക്കുന്നത്.
പ്രതിവര്‍ഷം ഒരുലക്ഷം യൂനിറ്റുകളായി വില്‍പന വര്‍ധിപ്പിക്കാനാണ് ക്ലാസിക് ലെഡന്‍ഡ്‌സിന്റെ പദ്ധതി. ഇതില്‍ 25 മുതല്‍ 30 ശതമാനം വരെ കയറ്റി അയക്കാനും കമ്പനി ലക്ഷ്യമിടുന്നു. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ബിഎസ്എ മോഡലുകള്‍ യുകെയിലേക്കും യൂറോപിലേക്കും കയറ്റി അയക്കുന്നുണ്ട്. ജാവയെ നേരത്തെ തന്നെ ചെക് റിപ്പബ്ലിക്കിലും അവതരിപ്പിച്ചിട്ടുണ്ട്.
English Summary: Mahindra-backed Classic Legends makes a ₹1,000-crore bet to become an Indian global bike company