25.4 കി.മീ വരെ മൈലേജ്; ഡീസല്‍ എസ്യുവികളിലെ മൈലേജ് രാജാക്കാന്മാർ ഇവർ
Mail This Article
ഇന്ത്യന്‍ കാര്‍ വിപണിയിലെ ഏറ്റവും ശക്തമായ സെഗ്മെന്റാണ് സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിളുകള്‍. പല ഘടകങ്ങളും എസ്യുവികളില് ഏതുവേണമെന്നു തെരഞ്ഞെടുക്കുന്നതില്‍ ഇന്ത്യന്‍ കാറുടമകളെ സ്വാധീനിക്കാറുണ്ട്. ഇന്ധനക്ഷമത കൂടുതലും വില കുറവുമുള്ള എസ്യുവികള്‍ക്ക് അവരുടേതായ വിപണി വിഹിതം നമ്മുടെ നാട്ടിലുണ്ട്. 20 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ലീറ്ററിന് 25.4 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമതയുള്ള ഡീസല്‍ എസ്യുവികളെ പരിചയപ്പെടാം.
ടാറ്റ നെക്സോണ്‍
അടുത്തിടെയാണ് ടാറ്റ നെക്സോണ്‍ മോഡല്‍ മുഖം മിനുക്കിയെത്തിയത്. 115 എച്ച്പി കരുത്തും പരമാവധി 260 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന ഡീസല്‍ എന്‍ജിനാണ് പുതിയ നെക്സോണിലുള്ളത്. മാനുവല്‍ വേരിയന്റിന് എആര്‍എഐ സര്‍ട്ടിഫൈഡ് ലീറ്ററിന് 25.4 കിലോമീറ്റര്‍ മൈലേജുണ്ട്. അതേസമയം എഎംടി വേരിയന്റിലേക്കു വന്നാല്‍ 23.64 കിലോമീറ്ററായി ഇന്ധനക്ഷമത കുറയും. വില 8.10 ലക്ഷം രൂപ മുതല്‍ 15.50 ലക്ഷം വരെ.
കിയ സോനറ്റ്
1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് കിയ സോനറ്റിനുള്ളത്. 115എച്ച്പി പവറും പരമാവധി 250എന്‍എം ടോര്‍ക്കും ഈ എന്ജിന് പുറത്തെടുക്കും. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്സുമായി എന്ജിന് ബന്ധിപ്പിച്ചിരിക്കുന്നു. മാനുവല്‍ വേരിയന്റിന് ലീറ്ററിന് 24.1 കിലോമീറ്ററാണ് ഇന്ധനക്ഷമത. ഓട്ടോമാറ്റിക്കില്‍ ഇത് 19 കിലോമീറ്ററായി കുറയും. വില 7.79 ലക്ഷം മുതല്‍ 14.89 ലക്ഷം രൂപ വരെ.
മഹീന്ദ്ര എക്സ്യുവി 300
1.5 ലീറ്റര്‍ ഡീസല്‍ എന്ജിന് 117എച്ച്പി കരുത്തും 300എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കാനാവും. എക്സ്യുവി 300 ഡീസല്‍ മാനുവല്‍ വേരിയന്റിന് 20.1 കിലോമീറ്റര്‍ വരെയാണ് ഇന്ധക്ഷമത. എആര്‍എഐ കണക്കുകള്‍ പ്രകാരം എഎംടി വേരിയന്റിന് 20 കിലോമീറ്ററാണ് ഇന്ധനക്ഷമത. വില 7.99 ലക്ഷം രൂപ മുതല്‍ 14.76 ലക്ഷം വരെ.
ഹ്യുണ്ടേയ് ക്രേറ്റ
ഇന്ത്യയിലെ ഏറ്റവും വില്പനയുള്ള മിഡ്സൈസ് എസ്യുവികളിലൊന്ന്. 1.5 ലീറ്റര്‍ ഡീസല്‍ എന്ജിന്. എആര്‍എഐ അംഗീകരിച്ച ഇന്ധനക്ഷമത മാനുവല്‍ വേരിയന്റിന് 21.4 കിലോമീറ്റര്‍. ഓട്ടോമാറ്റിക് വേരിയന്റിന് 18.5 കിലോമീറ്റര്‍. വില 10.87 ലക്ഷം രൂപ മുതല്‍ 19.20 ലക്ഷം രൂപ വരെ.
ടാറ്റ ഹാരിയര്‍
2.0 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് എന്ജിന്. 170 എച്ച്.പി കരുത്തും പരമാവധി 350എന്‍എം ടോര്‍ക്കും പുറത്തെടുക്കും. ഒന്നുകില്‍ 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. മാനുവല്‍ വേരിയന്റിന് ലിറ്ററിന് 16.35 കിലോമീറ്റര്‍ മൈലേജ്. ഓട്ടോമാറ്റിക്കില്‍ ഇന്ധനക്ഷമത ലിറ്ററിന് 14.6 കിലോമീറ്റര്‍. വില 15.20 ലക്ഷം രൂപ മുതല്‍ 24.27 ലക്ഷം വരെ.
മഹിന്ദ്ര ബൊലേറോ നിയോ
100 എച്ച്പി കരുത്തും പരമാവധി 260എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന 1.5 ലീറ്റര്‍ എന്‍ജിനാണ് മഹീന്ദ്ര ബൊലേറോ നിയോക്കുള്ളത്. 5 സ്പീഡ് ഗിയര്‍ബോക്സ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇന്ധനക്ഷമത ലിറ്ററിന് 18.04 കിലോമീറ്റര്‍. വില 9.63 ലക്ഷം മുതല്‍ 12.14 ലക്ഷം രൂപ വരെ.
English Summary: Top Mileage Diesel SUVs