കറുപ്പഴകിൽ നിസാൻ മാഗ്നെറ്റ് കുറോ പതിപ്പ്, വില 8.27 ലക്ഷം രൂപ മുതൽ
Mail This Article
മാഗ്നൈറ്റ് കുറോ 8.27 ലക്ഷം രൂപക്ക് പുറത്തിറക്കി നിസാന്‍. കുറോ പെട്രോള്‍ എംടി, കുറോ ടര്‍ബോ പെട്രോള്‍ എംടി, കുറോ ടര്‍ബോ പെട്രോള്‍ സിവിടി എന്നീ വകഭേദങ്ങളിലാണ് വാഹനം എത്തുന്നത്. ജാപ്പനീസ് ഭാഷയില്‍ കറുപ്പ് എന്നാണ് കുറോ എന്ന് വാക്കിന്റെ അര്‍ഥം. അടിമുടി കറുപ്പഴകിലാണ് നിസാന്‍ അവരുടെ മാഗ്നൈറ്റ് കുറോ പുറത്തിറക്കിയിരിക്കുന്നത്. ഗ്രില്ലെ, സ്കിഡ് പ്ലേറ്റ്, റൂഫ് റെയില്‍സ്, ഡോര്‍ ഹാന്‍ഡില്‍സ്, അലോയ് വീല്‍, വിന്‍ഡോ ആസെന്റ്സ് എന്നിങ്ങനെ ഒരുവിധപ്പെട്ട ഭാഗങ്ങളിലെല്ലാം കറുപ്പു നിറമാണ്. നിസാന്‍, മാഗ്നൈറ്റ്, കുറോ ബാഡ്ജുകള്‍ മാത്രമാണ് പ്രധാനമായും കറുപ്പല്ലാത്ത നിറത്തിലുള്ളത്. ചുവന്ന ബ്രേക്ക് കാലിപ്പേഴ്സും ശ്രദ്ധിക്കപ്പെടും.
വാഹനത്തിന്റെ ഉള്ളിലേക്കു വന്നാല്‍ റൂഫ് ലൈനര്‍, സണ്‍ വൈസറുകള്‍, ഉള്ളിലെ ഡോര്‍ ഹാന്‍ഡില്‍, സ്റ്റിയറിങ് വീല്‍, എ.സി വെന്റ് എന്നിവയെല്ലാം കറുപ്പിലാണ്. 8 ഇഞ്ച് ടച്ച്സ്ക്രീന്‍, 360 ഡിഗ്രി ക്യാമറ, 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റെ ക്ലസ്റ്റര്‍, ഓട്ടോമെറ്റിക് ക്ലൈമറ്റ് കണ്ട്രോള്, വയര്‍ലെസ് ചാര്‍ജര്‍, റിയര്‍ എസി വെന്റ് എന്നീ സൗകര്യങ്ങളും വാഹനത്തിലുണ്ട്.
രണ്ട് എന്ജിന് ഓപ്ഷനുകളാണ് മാഗ്നൈറ്റ് കുറോക്കുള്ളത്. 72എച്ച്പി, 96എന്‍എം, 1.0 ലീറ്റര്‍ പെട്രോള്‍ അല്ലെങ്കില്‍ 100എച്ച്പി, 160എന്‍എം, 1.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്ജിന്. രണ്ട് എന്‍ജിനുകളിലും 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് സ്റ്റാന്‍ഡേഡായി വരുന്നത്. ടര്‍ബോ പെട്രോളില്‍ സിവിടിയും ലഭ്യമാണ്.
അടിസ്ഥാന വകഭേദമായ കുറോ പെട്രോള്‍ എംടിക്ക് 8.27 ലക്ഷം രൂപയാണ് വില. കുറോ ടര്‍ബോ പെട്രോള്‍ എംടിക്ക് 9.65 ലക്ഷം രൂപയും കുറോ ടര്‍ബോ പെട്രോള്‍ സിവിടിക്ക് 10.46 ലക്ഷം രൂപയുമാണ് വില. പ്രധാന എതിരാളിയായ റെനോ കൈഗര്‍ അര്നബന് നൈറ്റ് എഡിഷന് 8.95 ലക്ഷം രൂപ മുതല്‍ 11.15 ലക്ഷം രൂപ വരെയാണ് വില. ഹ്യൂണ്ടെയ് വെന്യു, ടാറ്റ നെക്സോണ്‍, കിയ സോനറ്റ്, മഹീന്ദ്ര എക്സ്യുവി300, മാരുതി സുസുകി ഫ്രോങ്ക്സ് എന്നിവയാണ് മറ്റ് എതിരാളികള്‍.