521 കി.മീ എന്ന കൊതിപ്പിക്കും റേഞ്ച്! ഒന്നാം പിറന്നാൾ ആഘോഷിച്ച് ആറ്റോ 3
Mail This Article
ഇന്ത്യയിൽ എത്തിയതിന്റെ ഒന്നാം വാർഷികം ആഘോഷിച്ച് ബിവൈഡി ആറ്റോ 3. കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച ആറ്റോ 3 എസ്‍യുവിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്നാണ് ബിവൈഡി അറിയിക്കുന്നത്. ഇന്ത്യയിൽ മാത്രമല്ല, ലോകവ്യാപകമായി 50 രാജ്യങ്ങളിൽ ആറ്റോ 3 വിൽപനയിലുണ്ട്. രാജ്യാന്തര വിപണിയിൽ അറങ്ങേറി വെറും 19 മാസം കൊണ്ടുതന്നെ 5 ലക്ഷം നിർമാണം എന്ന് റെക്കോർഡ് നേട്ടവും ആറ്റോ 3 സ്വന്തമാക്കിയിരുന്നു.
ഒറ്റ ചാർജിൽ 521 കിലോമീറ്റർ റേഞ്ച് ലഭിക്കുന്ന 60.48 kWh ബാറ്ററിയാണ് വാഹനത്തിൽ. നൂറു കിലോമീറ്റർ വേഗം കൈവരിക്കാൻ 7.3 സെക്കൻഡ് മാത്രം മതി. ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ 80 ശതമാനം ചാർജ് ചെയ്യാൻ 50 മിനിറ്റ് മാത്രം മതി.
പ്രധാന എതിരാളികൾ സിഎസും കോനയും
എംജി സിഎസ് ഇവി, ഹ്യുണ്ടേയ് കോന അടക്കമുള്ള എസ്‌യുവികൾക്ക് കനത്ത വെല്ലുവിളിയാണ് ആറ്റോ 3. നീളം, വീതി, ഉയരം എന്നിവ യഥാക്രമം 4,455 എംഎം 1,875 എംഎം 1,615 എംഎം. 2,720 എംഎം വീൽബേസുണ്ട്. ഗ്രൗണ്ട് ക്ലിയറൻസ് 150 എംഎം. എംജി സിഎസിനെക്കാൾ 132 എംഎമ്മും ഹ്യുണ്ടേയ് കോനയെക്കാൾ 275 എംഎം നീളക്കൂടുതലും ആറ്റോ 3നുണ്ട്.
കരുത്തൻ
ബിവൈഡിയുടെ ഇ–പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിർമാണം. രാജ്യന്തര വിപണിയിൽ രണ്ടു 49.92 kWh, 60.48 kWh എന്നിങ്ങനെ രണ്ടു ബാറ്ററി പാക്കുകളുണ്ടെങ്കിലും ഇന്ത്യയിൽ 60.48 kWh മാത്രമാണുള്ളത്. ഒറ്റചാർജിൽ 512 കിലോമീറ്ററാണ് എആർഎഐ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത. കൂടുതൽ സുരക്ഷിതമായ ബ്ലേഡ് ബാറ്ററി സാങ്കേതികവിദ്യയാണ് ആറ്റോ 3യിൽ ഉള്ളത്.
240 ബിഎച്ച്പി കരുത്തും 310 എൻഎം ടോർക്കും നൽകുന്ന പെർമനന്റ് മാഗ്‌നെറ്റ് സിങ്ക്രനസ് മോട്ടറാണ് ആറ്റോ 3യിൽ. 1,680–1,750 കിലോഗ്രാം ഭാരമുള്ള ഈ എസ്‌യുവി 7.3 സെക്കൻഡ് കൊണ്ട് 0–100കിമീ വേഗത്തിലെത്തും. രണ്ടു ബാറ്ററി പാക്കുകളുണ്ടാകും. ടൈപ് 2 എസി എന്നിവയാണ് ചാർജിങ് ഒാപ്ഷനുകൾ. 80 kW ഡിസി ഫാസ്റ്റ് ചാർജർ വഴി 50 മിനിറ്റിൽ ബാറ്ററി 80 ശതമാനം വരെ ചാർജ് ചെയ്യാനും കഴിയും. ടൈപ് 2 എസി ചാർജർ ഉപയോഗിച്ചാൽ 10 മണിക്കൂറില്‍ പൂർണമായും ചാർജ് ചെയ്യാൻ.
ഫീച്ചറുകൾ
എൽഇഡി ഹെഡ്‌ലാംപ്, 18 ഇഞ്ച് അലോയ് വീൽ, പാനോരമിക് സൺറൂഫ്, പവർ അസിസ്റ്റ് മുൻ സീറ്റുകൾ, ഡിജിറ്റൽ മീറ്റർ കൺസോൾ, വിവിധ ആംഗിളിൽ തിരിക്കാവുന്ന 12.8 ഇഞ്ച് ടച്ച്‌സ്ക്രീൻ ഇൻഫൊടെയ്‌ൻമെന്റ് സിസ്റ്റം, പനോരമിക് സൺറൂഫ്, വയർലെസ് ചാർജർ, എൽഇഡി ടെയിൽ ലാംപ്, പിഎം 2.5 എയർ ഫിൽറ്റർ, ഇലക്ട്രിക് ടെയിൽ ഗേറ്റ്, ആംബിയന്റ് ലൈറ്റിങ്, ആപ്പിൾ കാർ പ്ലെ, ആൻഡ്രോയിഡ് ഓട്ടോ എന്നീ ഫീച്ചറുകളുണ്ട്.
സുരക്ഷ
7 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ഇഎസ്പി), ഹിൽ ഡിസെന്റ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്റർ, റഡാർ അടിസ്ഥാനമാക്കിയുള്ള അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം (എഡിഎസ്), ഫുള്ളി അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ഒാട്ടോണമസ് എമർജൻസി ബ്രേക്കിങ്, കൊളീഷൻ വാണിങ്, ബ്ലൈൻഡ് സ്പോർട്ട് വാണിങ് ഇങ്ങനെ ഒട്ടേറെ സുരക്ഷാ സംവിധാനങ്ങളുണ്ട് ആറ്റോ 3 യിൽ.
വാറന്റി
വാഹനം പുറത്തിറങ്ങുന്നതിന്റെ പ്രൊമോഷണൽ പാക്കേജിന്റെ ഭാഗമായി മൂന്നു വർഷത്തേയ്ക്ക് 4 ജി ഡേറ്റ സൗജന്യമായി നൽകുന്നുണ്ട്. കൂടാതെ 6 വർഷം റോഡ്സൈഡ് അസിസ്റ്റൻസും 6 സൗജന്യ മെയിന്റനൻസ് സർവീസും. ആറു വർഷം അല്ലെങ്കിൽ 1.50 ലക്ഷം കിലോമീറ്റർ വാറന്റിയുമായാണ് വാഹനമെത്തുന്നത്. ബാറ്ററിക്ക് എട്ടുവർഷം അല്ലെങ്കിൽ 1.60 ലക്ഷം കിലോമീറ്റർ വാറന്റി നൽകുന്നുണ്ട്.