ഇന്ത്യൻ നിർമിത ജിംനി 5 ഡോർ ജപ്പാനിലേക്ക്, രാജ്യാന്തര വിപണിയിൽ വൻ ഡിമാന്റ്
Mail This Article
ഇന്ത്യയിൽ നിർമിത ജിംനി ജന്മനാട്ടിൽ വിൽക്കാൻ സുസുക്കി. ജിംനിയുടെ 5 ഡോർ മോഡലിനെ ജപ്പാനീസ് വിപണിയിൽ എത്തിക്കാനാണ് സുസുക്കി ഒരുങ്ങുന്നത്. ടോക്കിയോ ഓട്ടോഷോയിൽ ജിംനിയെ പ്രദർശിപ്പിക്കും. ഇന്ത്യയ്ക്കായി വികസിപ്പിച്ച 5 ഡോർ ജിംനിക്ക് രാജ്യാന്തര വിപണികളിൽ വൻ ഡിമാന്റ് ആണെന്നാണ് സുസുക്കിയുടെ വാദം.
നിലവിൽ ജപ്പാൻ അടക്കമുള്ള വിപണികളിലേക്ക് ഇന്ത്യയിൽ നിർമിച്ച 3 ഡോർ ജിംനി കയറ്റി അയക്കുന്നുണ്ട്. 5 ഡോർ ജിംനിയുടെ ലെഫ്റ്റ്, റൈറ്റ് ഹാൻഡ് ഡ്രൈവ് മോഡലുകൾ ഇന്ത്യയിൽ നിർമിച്ചാണ് കയറ്റുമതി ചെയ്യുന്നത്. ഈ വർഷം ആദ്യം നടന്ന ന്യൂഡൽഹി ഓട്ടോഷോയിലാണ് മാരുതി സുസുക്കി ജിംനി പ്രദർശിപ്പിച്ചത്.
5 ഡോർ ജിമ്നിയുടെ വില മാരുതി പ്രഖ്യാപിച്ചത് ജൂൺ ആദ്യമാണ്. കെ 15 ബി പെട്രോൾ എൻജിനാണ് ജിമ്നിയിൽ. 104.8 എച്ച്പി കരുത്തും 134.2 എൻ എം ടോർക്കും ഈ എൻജിനുണ്ട്. 5 സ്പീഡ് മാനുവൽ, 4 സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സ്. ജിമ്നിയുടെ മാനുവൽ ലീറ്ററിന് 16.94 കിലോമീറ്ററും ഓട്ടമാറ്റിക്കിന് 16.39 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. കഠിനമായ ഓഫ് റോഡ് സാഹചര്യങ്ങളിലും മികച്ച പ്രകടനം ഇത് കാഴ്ചവയ്ക്കാനായി സുസുക്കി ഓൾഗ്രിപ്പ് പ്രോയാണ് ജിംനിയിൽ. ഫോർവീൽ ഡ്രൈവ് ഹൈ, ഫോർവീൽ ഡ്രൈവ് ലോ എന്നീ മോഡുകളും ഇതിലുണ്ട്.