പൊളിക്കൽ നയം; കേന്ദ്ര സേനകളുടെ 11000 വാഹനങ്ങൾക്ക് ബാധകം
Mail This Article
കേന്ദ്ര സേനയുടെ ഭാഗമായ 15 വര്‍ഷത്തിലേറെ പഴക്കമുള്ള 11,000ത്തിലേറെ വാഹനങ്ങള്‍ പൊളിക്കാന്‍ തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ വാഹന പൊളിക്കല്‍ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു തീരുമാനം വന്നിരിക്കുന്നത്. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്), സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്), ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി), സശസ്ത്ര സീമ ബല് (എസ്എസ്ബി), നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്(എന്‍എസ്ജി), അസം റൈഫിള്‍സ് എന്നിവയുടെ കാലപ്പഴക്കമുള്ള വാഹനങ്ങളാണ് പൊളിക്കുക.
ഇന്ത്യയിലെ സൈനിക വിഭാഗങ്ങള്‍ക്ക് ആകെ ഒരു ലക്ഷത്തിലേറെ വാഹനങ്ങള്‍ സ്വന്തമായുണ്ട്. വിശാലമായ രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പലതരത്തിലുള്ള ദൗത്യങ്ങള്‍ക്ക് ഈ വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. വാഹനം പൊളിക്കുന്ന നയം മാതൃകാപരമായി നടപ്പാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമം.
സംസ്ഥാന പൊലീസ് സേനകളിലേയും പഴക്കം വന്ന വാഹനങ്ങള്‍ പൊളിച്ചു നീക്കും. സാങ്കേതികമായും സുരക്ഷിതമായും കൂടുതല്‍ മികവുള്ള പുതിയ വാഹനങ്ങള്‍ ഇവയ്ക്കു പകരം സേനാ വിഭാഗങ്ങള്‍ക്കു ലഭിക്കുമെന്നാണു സൂചന. യാത്രികരുടെ സുരക്ഷ മാത്രമല്ല ഉയര്‍ന്ന മലിനീകരണവും സര്‍ക്കാരിനെ വാഹന പൊളിക്കല്‍ നയം കര്‍ശനമായി നടപ്പാക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.
പ്രകൃതിക്ക് അനുയോജ്യമായ വാഹനങ്ങള്‍ പകരം വാങ്ങുന്നതും മലിനീകരണം കുറയ്ക്കാന്‍ സഹായിക്കും. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്കും വാഹന പൊളിക്കല്‍ നയം ഉണര്‍വാകുമെന്നു കരുതപ്പെടുന്നു. പല വാഹന നിര്‍മാണ കമ്പനികളും സ്വന്തം പൊളിക്കല്‍ സംവിധാനങ്ങള്‍ ആരംഭിക്കാനും തയ്യാറായിട്ടുണ്ട്. ഇതും വാഹന പൊളിക്കല്‍ നയം വേഗത്തില്‍ നടപ്പാക്കാന്‍ സഹായിക്കും.
പതിനഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കണമെന്ന നയം പല ഘട്ടങ്ങളിലായിട്ടായിരിക്കും നടപ്പാക്കാനാവുക. സര്‍ക്കാര്‍ വകുപ്പുകളും വിഭാഗങ്ങളും തന്നെ ഇതിനു മുന്‍കയ്യെടുത്താല്‍ വാഹന പൊളിക്കല്‍ നയം എളുപ്പത്തില്‍ നടപ്പാക്കാനാവും. കേന്ദ്ര സേനാ വിഭാഗങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനൊപ്പം രാജ്യത്തെ വാഹന വ്യവസായത്തിനു തന്നെ ഉണര്‍വു നല്‍കുന്നതാണ് പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കാനുള്ള തീരുമാനം.