ഇളവുകൾ കൂടുതൽ വേണോ? കാർ വാങ്ങുന്ന സമയവും പ്രധാനമാണ്
Mail This Article
പുതിയ കാര്‍ വാങ്ങാന്‍ തീരുമാനിച്ചാല്‍, ഒരു നൂറു ചോദ്യങ്ങള്‍ നമ്മുടെ മനസിലേക്കെത്തും. അതില്‍ പലതും വളരെ പ്രധാനപ്പെട്ടതുമാണ്. വാങ്ങുന്ന കമ്പനിയും മോഡലും തുടങ്ങി ഏതു സമയത്ത് വാങ്ങണം എന്നതു വരെയുള്ള തീരുമാനങ്ങള്‍ കാറിനേയും നമ്മളേയും ബാധിച്ചേക്കാം. അതുകൊണ്ടുതന്നെ കാറുവാങ്ങാന്‍ പോവുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
വര്‍ഷത്തിന്റെ എല്ലാ സമയത്തും പുതിയ മോഡലുകള്‍ കാര്‍ കമ്പനികള്‍ പുറത്തിറക്കാറുണ്ട്. ഇതില്‍ ചിലത് മറ്റുള്ളവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ സാമ്പത്തികമായി മെച്ചമാവാറുമുണ്ട്. എന്നാല്‍ ചില പ്രത്യേക സമയങ്ങളില്‍ വാഹനം വാങ്ങാന്‍ ചെന്നാല്‍ സാധാരണയിലും കൂടുതല്‍ ഓഫറുകള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. അതെ, അങ്ങനെയും ചില സമയങ്ങളുണ്ട്. വര്‍ഷത്തിന്റെയും സാമ്പത്തിക വര്‍ഷത്തിന്റേയും അവസാനത്തില്‍ കാര്‍ വാങ്ങാന്‍ പോയാലാണ് കൂടുതല്‍ സൗജന്യങ്ങള്‍ക്കുള്ള സാധ്യതയുള്ളത്. കാരണം സെയില്‍സ് ടാര്ഗറ്റിലേക്കെത്താനുള്ള അവസാനവട്ട പാച്ചിലിലായിരിക്കും കാര്‍ ഡീലര്‍മാര്‍. കാര്‍ വാങ്ങാന്‍ മറ്റൊരു നല്ലകാലം ഉത്സവ സീസണാണ്. ഈ കാലത്തും സാധാരണയില്‍ കൂടുതലായി ഓഫറുകള്‍ ലഭിക്കാറുണ്ട്.
നമ്മുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വ്യക്തമായ ബോധ്യത്തോടെ വേണം കാര്‍ വാങ്ങാന്‍ പോകേണ്ടത്. ഇഷ്ട മോഡല്‍ എന്തു തന്നെയായാലും അതു വാങ്ങിയാല്‍ നമുക്ക് സാമ്പത്തികമായി ബാധ്യതയാവില്ലെന്ന് ഉറപ്പിക്കാന്‍ സാധിക്കണം. വായ്പയെടുത്താണ് കാര്‍ വാങ്ങുന്നതെങ്കില്‍ എത്ര തിരിച്ചടവു വരും? തുടക്കത്തില്‍ എത്ര രൂപ നല്‍കേണ്ടി വരും? എന്നതുപോലുള്ള കാര്യങ്ങള്‍ വിശദമായി മനസിലാക്കിയിരിക്കണം. ഒരു കാര്വാങ്ങുകയെന്നത് ബുദ്ധിപരമായി ചെയ്താല്‍ നിക്ഷേപം കൂടിയാണ്.
നിങ്ങളുടെ നിലവിലെ കാര്‍ മാറ്റിയാണ് പുതിയ കാര്‍ വാങ്ങാന്‍ പോവുന്നതെങ്കില്‍ നിങ്ങളുടെ കാറിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് നല്ല ബോധ്യം വേണം. മികച്ച കണ്ടീഷനിലുള്ള കാര്‍ മാറ്റിയെടുക്കാന്‍ ശ്രമിച്ചാല്‍ മാന്യമായ വില ലഭിക്കും. എന്നാല്‍ അറ്റകുറ്റപണികള്‍ വ്യക്തമായി നടത്താത്ത കാറാണെങ്കില്‍ വിലയിലും കുറവുണ്ടാവും. അതുകൊണ്ടുതന്നെ വില്പന വില വര്‍ധിപ്പിക്കാന്‍ സാധ്യതയുള്ള രീതിയില്‍ കാറിന്റെ അറ്റകുറ്റ പണികള്‍ ചെയ്യുന്നത് നല്ലതാണ്.
നിങ്ങള്‍ എപ്പോഴാണ് കൈവശമുള്ള കാര്‍ മാറ്റി പുതിയത് വാങ്ങുന്നതെന്നതും നിര്‍ണായകമാണ്. തുടര്‍ച്ചയായി അറ്റകുറ്റപണികള്‍ ആവശ്യമായ കാറാണെങ്കില്‍ അധികം വൈകിക്കാതെ മാറുന്നതാണ് നല്ലത്. അതേസമയം പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലാത്ത കാറാണ് കൈവശമുള്ളതെങ്കില്‍ പുതിയ കാര്‍ സാവകാശം സമയമെടുത്ത് വാങ്ങുന്നതാണ് നല്ലത്. ഇത് ഏറ്റവും മികച്ച മോഡല്‍ കുറഞ്ഞ വിലയില്‍ ലഭിക്കാന്‍ സഹായിക്കും.
നിലവില്‍ വിപണിയിലുള്ള കാറുകളുടെ വിവരങ്ങള്‍ അറിയാന്‍ ഇപ്പോള്‍ താരതമ്യേന എളുപ്പമാണ്. വ്യത്യസ്ത മോഡലുകളുടെ സൗകര്യങ്ങളും വിലയുമെല്ലാം താരതമ്യം ചെയ്യാനാവും. ഇപ്പോഴുള്ള മോഡലുകള്‍ മാത്രമല്ല സമീപ ഭാവിയില്‍ വരാനിരിക്കുന്ന മോഡലുകളെക്കുറിച്ചു കൂടി മനസിലാക്കണം. ഇഷ്ട മോഡല്‍ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ അതിന്റെ നിരവധി റിവ്യൂകള്‍ ഓണ്‍ലൈനില്‍ നിന്നു തന്നെ കാണാനാവും. പുതിയ കാര്‍ വാങ്ങാന്‍ ആവശ്യമായ വിവരങ്ങളെല്ലാം തന്നെ ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി നിങ്ങളുടെ വിരല്‍തുമ്പില്‍ ലഭിക്കും. ആ വിവരങ്ങള്‍ സമയമെടുത്ത് മനസിലാക്കി ഉചിതമായ തീരുമാനമെടുത്താല്‍ പിഴവു പറ്റില്ല.