ADVERTISEMENT

2021 സെപ്റ്റംബറിലാണ് ഫോ‍ഡ് ഇന്ത്യ നഷ്ടത്തെ തുടര്‍ന്ന് ഇന്ത്യയിലെ കാര്‍ നിര്‍മാണം അവസാനിപ്പിക്കുന്നത്. 2022 ഫെബ്രുവരിയില്‍ വൈദ്യുത കാര്‍ നിര്‍മാണം ഇന്ത്യയില്‍ ഫോഡ്‍‌ ആരംഭിച്ചെങ്കിലും മൂന്നു മാസങ്ങള്‍ക്കു ശേഷം മേയിൽ അതും അവസാനിപ്പിച്ചു. 2022 ജൂലൈയില്‍ പൂര്‍ണമായും ഇന്ത്യയിലെ കാര്‍ നിര്‍മാണം നിര്‍ത്തിയ ഫോഡ് ഇന്ത്യന്‍ വിപണിയില്‍ നിന്ന് 2022-23 സാമ്പത്തിക വര്‍ഷം 505 കോടി രൂപയുടെ ലാഭമുണ്ടായതായി അറിയിക്കുന്നു. 

2022-23 സാമ്പത്തികവര്‍ഷം 7,079 കോടി രൂപ വരുമാനമാണ് ഫോ‍ഡ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറവുണ്ടായെങ്കിലും പ്രവര്‍ത്തന രീതിയില്‍ വരുത്തിയ മാറ്റങ്ങളാണ് ഫോഡ് ഇന്ത്യയെ ലാഭത്തിലേക്കെത്തിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ 980 കോടി രൂപയുടെ കാറുകളാണ് ഫോഡ് ഇന്ത്യ വിറ്റത്. 6,099 കോടി രൂപയുടെ കാറുകള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്തു. കാറുകളുടെ എണ്ണം നോക്കിയാല്‍ 17,219 കാറുകളും 1,77,864 എന്‍ജിനുകളുമാണ് 2022-23 സാമ്പത്തികവര്‍ഷം ഫോഡ് ഇന്ത്യയില്‍ വിറ്റത്. മുന്‍ വര്‍ഷം ഇത് യഥാക്രമം 69,223 കാറുകളും 82,067 എന്‍ജിനുകളുമായിരുന്നു.

വാഹന വില്‍പനയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 75 ശതമാനം കുറവുണ്ടായെങ്കിലും എന്‍ജിന്‍ വില്‍പനയില്‍ ഫോഡ് 117 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. വാഹന വില്‍പനയിലെ കുറവ് എന്‍ജിന്‍ വില്‍പനയില്‍ പരിഹരിച്ചതോടെയാണ് ഫോഡ് ഇന്ത്യ 505 കോടി രൂപയുടെ ലാഭം നേടിയത്.

ഫോഡ് ഇന്ത്യയുടെ ഗുജറാത്തിലെ സാനന്ദിലുള്ള വാഹന നിര്‍മാണ ഫാക്ടറി 2023 ജനുവരിയില്‍ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് സ്വന്തമാക്കിയിരുന്നു. ടാറ്റ മോട്ടോഴ്‌സിനു കീഴിലുള്ള സ്ഥാപനമാണിത്. അതേസമയം സാനന്ദിലെ എന്‍ജിന്‍ നിര്‍മാണ ഫാക്ടറി ഇപ്പോഴും ഫോഡ് ഇന്ത്യയുടേത് തന്നെയാണ്. തമിഴ്‌നാട്ടിലെ മറൈമലൈ നഗറിലെ ഫാക്ടറി വില്‍ക്കാനുള്ള ശ്രമങ്ങള്‍ ഫോഡ് തുടരുന്നുമുണ്ട്.

2022 ജൂലൈയിലാണ് ഫോഡിന്റെ ചെന്നൈ പ്ലാന്റില്‍ നിന്നും അവസാനത്തെ ഇകോ സ്‌പോര്‍ട്ട് എസ്‌യുവി പുറത്തിറങ്ങിയത്. രണ്ടു മാസത്തെ ചര്‍ച്ചക്കു ശേഷം ജീവനക്കാര്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങളെ സംബന്ധിച്ച് യൂണിയന്‍ പ്രതിനിധികളുമായി ഫോഡ് ഇന്ത്യ ധാരണയിലെത്തുകയും ചെയ്തു. നഷ്ടത്തെ തുടര്‍ന്ന് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച ഫോഡിന്റെ തിരിച്ചുവരവിനുള്ള സാഹചര്യം കൂടി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ലാഭത്തിന്റെ കണക്കുകള്‍ ഒരുക്കുന്നുണ്ട്.

English Summary:

Ford India posts profits of Rs 505 crore in FY2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com