ടാറ്റ സുമോ ത്രില്ലിങ് വിഡിയോ; പക്ഷേ, ഇത് ജീവന് ആപത്താകുന്ന സാഹസം
Mail This Article
തകര്‍ന്നടിഞ്ഞ റോഡിലൂടെ അതിസാഹസിക യാത്ര നടത്തുന്ന ടാറ്റ സുമോയുടെ വിഡിയോ ഇപ്പോള്‍ വൈറലാണ്. അരുണാചല്‍പ്രദേശില്‍ നിന്നുള്ളതാണ് വിഡിയോ. ഹെയര്‍പിന്‍ വളവിന്റെ മുകളിൽ നിന്നു കൊണ്ടാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ടാര്‍ ചെയ്തതിന്റെ ഒരു ലക്ഷണവും കാണിക്കാത്ത ചളി നിറഞ്ഞ റോഡിലൂടെ ജീവന് ആപത്താകുന്ന തരത്തിലുള്ള സാഹസം കാണിച്ച് സുമോയുടെ പോക്ക്. ഈ വർഷം ആദ്യം പുറത്തുവന്ന വിഡിയോയിലെ സാഹസികത വിമർശിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നുണ്ട് സമൂഹമാധ്യമങ്ങൾ. ടാറ്റ സുമോയുടെ കഴിവിനെ പ്രശംസിക്കുമ്പോൾ ആളുകളുടെ ജീവൻ പണയം വച്ചുള്ള സാഹസം വേണ്ടെന്നാണ് മറ്റുചിലർ പറയുന്നത്.
തെന്നി, താഴേക്ക് നിരങ്ങി, എന്നിട്ടും പിൻമാറാതെ...
താഴെ കോടമഞ്ഞില്‍ നിന്നു പ്രത്യക്ഷപ്പെടുന്ന ടാറ്റ സുമോ കയറി വരുമ്പോള്‍ തന്നെ തെന്നി നീങ്ങുന്നുണ്ട്. പരമാവധി ആളുകളേയും ചരക്കും കയറ്റിയാണ് സുമോയുടെ വരവ്. പരമാവധി വലത്തേക്കു ചേര്‍ത്തുകൊണ്ട് മുകളിലേക്കു കയറ്റാന്‍ ഡ്രൈവര്‍ ശ്രമിക്കുന്നു. റോഡിന്റെ മധ്യഭാഗം കൂടുതല്‍ ചെളിയായതും കൊടും വളവാണെന്നതും ഡ്രൈവറെ ഇതിന് പ്രേരിപ്പിച്ചിട്ടുണ്ടാവാം. മുകളിലേക്ക് കയറിയെന്നു കരുതുമ്പോഴേക്കും വാഹനം പൂര്‍ണമായും ചളിയില്‍ പുതഞ്ഞു പോകുന്നു, ഒപ്പം താഴേക്ക് നിരങ്ങി തുടങ്ങുകയും ചെയ്യുന്നു. റോഡിന്റെ വലതു വശത്തുകൂടി കയറിപോയ സുമോ നടുവിലൂടെയാണ് താഴേക്കിറങ്ങി വരുന്നത്.
സംഭവം കൈവിട്ടുവെന്ന് തിരിച്ചറിഞ്ഞ ഡ്രൈവര്‍ മുന്നോട്ടു പോകാനുള്ള ശ്രമം അവസാനിപ്പിച്ചു. റിവേഴ്‌സ് ഗിയര്‍ ഇട്ട് പിന്നിലേക്ക് പോകുന്നു. അപ്പോഴും വാഹനം ഡ്രൈവറുടെ പൂര്‍ണമായ നിയന്ത്രണത്തിലല്ല. സുമോ തെന്നി മാറുന്നതു കാണാം. ഏതാണ്ട് അമ്പതു മീറ്ററോളം താഴേക്കു പോയ ശേഷം ഒരിക്കല്‍ കൂടി ശ്രമിച്ചു നോക്കാന്‍ ഡ്രൈവര്‍ തീരുമാനിച്ചു. ഇരമ്പിക്കൊണ്ടാണ് രണ്ടാം തവണ ടാറ്റ സുമോ കയറി വരുന്നത്. അപ്പോഴും വാഹനം റോഡില്‍ തെന്നുന്നുണ്ട്. പരമാവധി ഗ്രിപ്പു ലഭിക്കുന്നതിന് ചളി കുറഞ്ഞ വലതുഭാഗത്തു കൂടി പുല്ലില്‍ കയറ്റിയാണ് സുമോ മുന്നോട്ടെടുക്കുന്നത്.
'പെട്ടു... അല്ല രക്ഷപ്പെട്ടു, അല്ല പെട്ടു' എന്നൊക്കെ വിഡിയോ ചിത്രീകരിക്കുന്നയാള്‍ പറയുന്നതു കേള്‍ക്കാം. എന്തായാലും ഏതാണ്ട് 90 ശതമാനം ഹെയര്‍പിന്‍ വളവും കയറിയ ശേഷം വീണ്ടും ടാറ്റ സുമോ മുകളിലേക്കു കയറാനാവാതെ നിന്നു പോകുകയാണ്. ഇത്തവണ ഇതൊക്കെ കണ്ടു നിന്ന നാലഞ്ചു പേര്‍ ഓടി വന്ന് വാഹനം തള്ളി കൊടുക്കുകയും അപകടമില്ലാതെ ടാറ്റ സുമോ കയറി പോകുകയും ചെയ്തു.
വിഡിയോയില്‍ അപകടമില്ലാതെ രക്ഷപ്പെട്ടെങ്കിലും ആ വാഹനത്തിലുള്ളവരുടെയെല്ലാം ജീവന് ആപത്താകുന്ന സാഹസമാണ് ടാറ്റ സുമോയുടെ ഡ്രൈവര്‍ നടത്തിയതെന്ന് വ്യക്തം. അരുണാചല്‍ പ്രദേശ് പോലുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത്തരം സമാന്തര ഷെയര്‍ ടാക്‌സികള്‍ സജീവമാണ്. ഇതു മാത്രമാണ് പലപ്പോഴും ഉള്‍നാടുകളിലെ ജനങ്ങള്‍ക്ക് സഞ്ചരിക്കാനുള്ള മാര്‍ഗവും. ടാറ്റ സുമോയുടെ നിര്‍മാണം കമ്പനി നിര്‍ത്തിയെങ്കിലും ഇന്നും ഇതുപോലെ വെല്ലുവിളി നിറഞ്ഞപ്രദേശങ്ങളില്‍ ഈ എംയുവി ജനജീവിതത്തിന്റെ ഭാഗമാണ്.