ശ്രദ്ധ കപൂറിന്റെ ലംബോര്‍ഗിനി മുതല്‍ കാര്‍ത്തിക് ആര്യന്റെ മക‌്‌ലാറന്‍ വരെ; ബോളിവുഡിലെ സൂപ്പര്‍കാറുകൾ
Mail This Article
ചലച്ചിത്രതാരങ്ങളുടെ ജീവിതത്തിന്റെ അടയാളമാണ് പലപ്പോഴും അവര്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍. ആഡംബര സെഡാൻ മുതല്‍ യൂറോപ്യന്‍ എസ്‌യുവികൾ വരെ ഉപയോഗിക്കുന്നവരുണ്ട്. അവരില്‍ നിന്നെല്ലാം പലപ്പോഴും വ്യത്യസ്തത ആഗ്രഹിക്കുന്നവരാണ് സ്‌പോര്‍ട്‌സ് - സൂപ്പര്‍കാറുകളിലേക്ക് എത്തുന്നത്. ബോളിവുഡില്‍ ഏറ്റവുമൊടുവില്‍ ഇത്തരത്തില്‍ വാര്‍ത്തയായത് നടി ശ്രദ്ധ കപൂറിന്റെ ചുവപ്പന്‍ ലംബോര്‍ഗ്‌നിയാണ്. ബോളിവുഡ് താരങ്ങളുടെ സ്‌പോര്‍ട്‌സ് - സൂപ്പര്‍കാര്‍ ശേഖരങ്ങൾ നോക്കാം.
കാര്‍ത്തിക് ആര്യന്റെ മക‌്‌ലാറന്‍ ജിടി
ഇന്ത്യയില്‍ മക‌്‌ലാറന്‍ ജിടി ആദ്യമായി സ്വന്തമാക്കിയ വ്യക്തിയാണ് കാര്‍തിക് ആര്യന്‍. ഓറഞ്ച് നിറത്തിലുള്ള ഈ വാഹനം അദ്ദേഹത്തിനു സമ്മാനിച്ചത് ടീസിരിസ് ഉടമയായ പ്രൊഡ്യൂസര്‍ ഭൂഷന്‍ കുമാറാണ്. ഇന്ത്യയില്‍ ലഭ്യമായതില്‍ വച്ച് ഏറ്റവും വിലയേറിയ സൂപ്പര്‍കാറുകളില്‍ ഒന്നാണ് മക്്‌ലാറന്‍ ജിടി. 4.0 ലീറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് വി8 എന്‍ജിന് 613 എച്ച്പി പരമാവധി കരുത്തും 630 എന്‍എം ടോര്‍ക്കുമുണ്ട്.
സഞ്ജയ് ദത്തിന്റെ ഫെറാരി ജിടിബി 599
ഫെറാരി വാഹനങ്ങളുടെ വലിയൊരു ആരാധകനാണ് നടൻ സഞ്ജയ്ദത്ത്. ഇന്ത്യയിലെന്നല്ല വാഹനലോകത്ത് തന്നെ അത്യപൂര്‍വമായ ഫെറാരി 599 ജിടിബി ആണ് അദ്ദേഹത്തിന്റെ അമൂല്യമായ സമ്പാദ്യങ്ങളിലൊന്ന്. 2006 മുതല്‍ 12 വരെ നിര്‍മിക്കപ്പെട്ട ഈ ഫെറാറിയ്ക്ക് 6.0 ലീറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് വി12 എന്‍ജിനാണ് കരുത്ത്. 621 എച്ച്പിയാണ് പരമാവധി കരുത്ത്. 608 എന്‍എം ടോര്‍ക്കുമുണ്ട്.
രണ്‍വീര്‍ സിങ്ങിന്റെ ആസ്റ്റന്‍ മാര്‍ട്ടിന്‍ റാപിഡ്
ഇന്ത്യയില്‍ ആസ്റ്റന്‍ മാര്‍ട്ടിന്‍ റാപിഡ് ഉപയോഗിക്കുന്ന ഏക ബോളിവുഡ് താരമാണ് രണ്‍വീർ സിങ്. ജയിംസ് ബോണ്ട് ചിത്രങ്ങളുടെ കടുത്ത ആരാധകനായതാണ് ആസ്റ്റന്‍ മാര്‍ട്ടിന്‍ ഉപയോഗിക്കാൻ രണ്‍വീറിനെ ഏറ്റവും അധികം സ്വാധിനിച്ച ഘടകം. 4 ഡോര്‍ സ്‌പോര്‍ട്‌സ് കാറായ റാപിഡ് 5.9 ലീറ്റര്‍ വി12 എന്‍ജിനുള്ള വാഹനമാണ്. 478 എച്ച്പി കരുത്തും 600 എന്‍എം ടോര്‍ക്കുമുണ്ട്. ജയിംസ് ബോണ്ട് ചിത്രങ്ങളില്‍ പലപ്പോഴും കഥാപാത്രമായ വാഹനങ്ങള്‍ നിര്‍മിച്ചിട്ടുള്ളത് ആസ്റ്റന്‍ മാര്‍ട്ടിനാണ്.
ജോണ്‍ ഏബ്രഹാമിന്റെ നിസാന്‍ ജിടി-ആര്‍
വാഹന ശേഖരത്തിന്റെ കാര്യത്തില്‍ ഏറെ വ്യത്യസ്തനാണ് ജോണ്‍ ഏബ്രഹാം. ലോകത്തിലെ തന്നെ ഏറ്റവും കരുത്തേറിയ വാഹനങ്ങളോടാണ് അദ്ദേഹത്തിന് എന്നും പ്രിയം. നിസാന്‍ ജിടിആര്‍ ആണ് അദ്ദേഹത്തിന്റെ ശേഖരത്തിലെ വ്യത്യസ്ത മുഖം. മുന്‍പ് നിസാന്‍ ഗ്രൂപ്പിന്റെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസഡറായിരുന്ന കാലത്താണ് അദ്ദേഹം കറുത്ത നിറത്തിലുള്ള ജിടിആര്‍ സ്വന്തമാക്കുന്നത്. 3.8 ലീറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് വി6 പെട്രോള്‍ എന്‍ജിനുള്ള വാഹനത്തിനു പരമാവധി കരുത്ത് 570 എച്ച്പിയും 637 എന്‍എം ടോര്‍ക്കുമാണ്.
ശ്രദ്ധ കപൂറിന്റെ ലംബോര്‍ഗിനി ഹുറാകാന്‍ ടെക്‌നിക്ക
ലംബോര്‍ഗിനിയുടെ ഏറ്റവും മികച്ച സൂപ്പര്‍കാറായ ഹൂറാകാന്‍ ടെക്‌നിക്ക എന്ന മോഡല്‍ അടുത്തിടെയാണ് ബോളിവുഡിന്റെ പ്രിയ നായിക ശ്രദ്ധ കപൂര്‍ സ്വന്തമാക്കിയത്. 4 കോടി രൂപയോളം വിലവരുന്ന സൂപ്പര്‍കാര്‍ നവരാത്രിയുടെ ഭാഗമായാണ് ശ്രദ്ധ വാങ്ങിയത്. 5.2 ലീറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് വി10 എന്‍ജിന് പരമാവധി കരുത്ത് 640 എച്ച്പിയാണ്. സിയാന്‍ ഹൈബ്രിഡ് ഹൈപ്പര്‍കാറുമായി ഡിസൈന്‍ എലമെന്റുകള്‍ പങ്ക് വയ്ക്കുന്ന വാഹനത്തിന് മുന്നിലും പിന്നിലും കറുപ്പ് നിറത്തിലുള്ള ഭാഗങ്ങളുണ്ട്്.
പോര്‍ഷെ 911 - റാം കപൂര്‍, സണ്ണി ഡിയോള്‍, ബോബി ഡിയോള്‍
റാംകപൂറും ബോബി ഡിയോളും പതിവായി ഉപയോഗിക്കുന്നത് പോര്‍ഷെ 911 ആണ്. എന്നാല്‍ ഇരുവരുടെയും വ്യത്യസ്ത മോഡലുകളാണ്. 2014 മോഡല്‍ വാഹനമാണ് ബോബി ഡിയോളിന്റേത്. 3.4 ലീറ്റര്‍ ഫ്‌ളാറ്റ് 6 എന്‍ജിന് പരമാവധി കരുത്ത് 400 എച്ച്പിയാണ്. റാം കപൂര്‍ ഉപയോഗിക്കുന്ന 2022 മോഡല്‍ 911 4.0 ലീറ്റര്‍ എന്‍ജിനാണ്. 380 എച്ച്പിയാണ് കരുത്ത്. 911 മോഡലിന്റെ ജിടി3 ആണ് സണ്ണി ഡിയോള്‍ ഉപയോഗിക്കുന്നത്. 2023 മോഡലിന് ഏകദേശം 3 കോടി രൂപയോളം വിലയുണ്ട്. വലിയ പോര്‍ഷെ ഫാനായ സണ്ണിയുടെ പക്കല്‍ 911, 991, 964 എന്നീ പോര്‍ഷെ മോഡലുകളും ഉണ്ട്.
ലംബോര്‍ഗ്‍നി ഉറുസ് - രണ്‍വീര്‍ സിങ്, കാര്‍തിക് ആര്യന്‍, രോഹിത് ഷെട്ടി
ചലച്ചിത്ര താരങ്ങളുടെ സ്വപ്‌നവാഹന പട്ടികയില്‍ ഇടം നേടിയ താരമാണ് ലംബോര്‍ഗ്നിയുടെ സൂപ്പര്‍ എസ്‌യുവിയായ ഉറുസ്. രണ്‍വീര്‍ സിങ്, കാര്‍തിക് ആര്യന്‍, രോഹിത് ഷെട്ടി എന്നിവരാണ് നിലവില്‍ ഉറുസ് ഉപയോഗിക്കുന്നത്. 4.0 ലീറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് വി8 പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്റെ ഹൃദയം. 650 എച്ച്പി കരുത്തും 850 എന്‍എം ടോര്‍ക്കുമുള്ള വാഹനം ഏറ്റവും കരുത്ത് കൂടിയ എസ്‌യുവി കൂടിയാണ്.