ബിഎസ് 3 പെട്രോൾ, ബിഎസ് 4 ഡീസൽ കാറുകൾക്ക് നിരോധനം; കർശന നിയന്ത്രണങ്ങളുമായി ഡൽഹി
Mail This Article
വായുമലിനീകരണം അതീവഗുരുതര നിലയിലേക്ക് എത്തിയതിനെ തുടർന്ന് ബിഎസ് 3 പെട്രോൾ, ബിഎസ് 4 ഡീസൽ വാഹനങ്ങൾ നിരത്തിലിറങ്ങുന്നതു താൽകാലികമായി നിരോധിച്ച് കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ്. എയർ ക്വാളിറ്റി ഇൻഡക്സ് 450 മാർക്ക് കടന്നതിനെ തുടർന്ന് ഗ്രേഡഡ് ആക്‌ഷൻ പ്ലാൻ സ്റ്റേജ് 4 നടപ്പാക്കി. ഇതേ തുടർന്നാണ് ബിഎസ് 3 പെട്രോള്‍, ബിഎസ് 4 ഡീസൽ കാറുകൾ നിരോധനം ഏർപ്പെടുത്തിയത്.
സിഎൻജി, ഇലക്ട്രിക് ഹെവി വാഹനങ്ങളും അവശ്യ വസ്തുക്കളുമായി വരുന്ന ട്രക്കുകളും ഒഴികെ ബാക്കി എല്ലാ ട്രക്കുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഡൽഹി എൻസിആർ പരിതിയിൽ പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്. വിലക്കു ലംഘിച്ച് വാഹനം നിരത്തിലിറക്കിയാൽ മോട്ടര്‍ വാഹനനിയമം സെക്‌ഷന്‍ 194(1) അനുസരിച്ച് കേസെടുക്കുമെന്നും 20,000 രൂപ വരെ പിഴ ചുമത്തുമെന്നുമാണ് കമ്മിഷന്റെ മുന്നറിയിപ്പ്.
ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണത്തിൽ സംസ്ഥാന സർക്കാരിനു തീരുമാനം എടുക്കാമെന്ന് കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് അറിയിച്ചിരുന്നു. ഗ്രേഡഡ് റെസ്പോണ്‍സ് ആക്‌ഷന്‍ പ്ലാനിന്റെ വിലയിരുത്തല്‍ അനുസരിച്ച് ഡല്‍ഹിയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് അതീവ ഗുരുതരമാണ്. വാഹനങ്ങള്‍ക്കു പുറമെ, പല മേഖലകളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.