ഇന്ത്യയിൽ ഇത് ‘ഒരെണ്ണം മാത്രം’; വില 5.40 കോടി, ദുൽക്കറിന്റെ ഫെരാരിയുടെ പ്രത്യേകതകൾ
Mail This Article
മോളിവുഡിലെ ആദ്യ ഫെരാരി സൂപ്പർകാറാണ് ദുൽക്കർ സൽമാൻ കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. റൂസോ റുബിനോ മെറ്റാലിസാറ്റോ എന്ന നിറത്തിലുള്ള ഇന്ത്യയിലെ ഏക ഫെരാരി 296 ജിടിബിയാണിത്. പ്ലഗ് ഇൻ ഹൈബ്രിഡ് സൂപ്പർകാറായ ഫെരാരി 296 ജിടിബിക്ക് ഏറെ പ്രത്യേകതകളുണ്ട്. ന്യൂഡൽഹിയിലെ ഫെരാരി ഷോറൂമിൽ നിന്നാണ് ദുൽക്കർ പുതിയ കാർ വാങ്ങിയത്.
ദുൽക്കറിന്റെ താൽപര്യത്തിന് അനുസരിച്ച് കാറിൽ ഏറെ കസ്റ്റമൈസേഷൻ വരുത്തിയുണ്ട്. ഫ്രണ്ട് ലിപ് സ്പോയിലർ, റിയർ എയർഡാം മെഷ്, സൈഡ് സ്കേർട്ടിങ്, റോക്കർ പാനൽ, റിയർ ഡിഫ്യൂസർ എന്നിവയ്ക്ക് സാറ്റൺ ബ്ലാക് നിറമാണ്. എ–പില്ലറിനും വിന്റോ ട്രയാങ്കിളിനും ബ്രേക്ക് ലൈറ്റുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഹോറസോണ്ടൽ സ്ട്രിപ്പിനും കറുപ്പ് നിറം നൽകിയിരിക്കുന്നു. ടിന്റഡ് ട്രാൻസ്പെരന്റ് ഗ്ലാസുകൊണ്ടാണ് എൻജിൻ കംപാർട്ടുമെന്റ് കവർ ചെയ്തിരിക്കുന്നത്.
20 ഇഞ്ച് 5 സ്പോക്ക് ലൈറ്റ്‌വെയിറ്റ് അലുമിനിയം വീൽസ്, മഞ്ഞ നിറത്തിലുള്ള കാർബൺ സെറാമിക് ബ്രേക് കാലിപേഴ്സ്, റിമ്മില്‍ മഞ്ഞ നിറത്തിലുള്ള ഫെരാരി ലോഗോ എന്നിവയുണ്ട്. ഇന്റീരിയർ കുവോയോ ലെതർ, അൽകന്റോ എന്നീ ഫിനിഷിലാണ്. അതിൽ ബോർഡോ സ്‌റ്റിച്ചുകളും നീറോ ലെതർ ഇൻസേർട്ടുകളുമുണ്ട്. മാറ്റ് ഗ്രേ അലുമിനിയവും ഷൈനി ബ്ലാക് കാർബൺ ഫൈബറും ഉപയോഗിച്ചാണ് ഇന്റീരിയർ ട്രിമ്മുകൾ നിർമിച്ചിരിക്കുന്നത്. ഡയറ്റോണ സ്റ്റൈലിലുള്ള സീറ്റുകളാണ്. ഡോർ ത്രെഡ്പ്ലെയിറ്റ്സിൽ ഫെരാരി എന്ന് ആലേഖനം ചെയ്തിട്ടുണ്ട്.
5.40 കോടിരൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. എന്നാൽ ഉപഭോക്താവിന്റെ താൽപര്യത്തിന് അനുസരിച്ചുള്ള കസ്റ്റമൈസേഷൻ കൂടി ചേരുമ്പോൾ വില ഉയരും. ഏറെ നാളുകൾക്ക് ശേഷം ഫെരാരി പുറത്തിറക്കുന്ന വി 6 പ്രൊഡക്‌ഷൻ കാറാണ് 296 ജിടിബി. മുൻപ് ഫെരാരി ഡിനോ ബ്രാൻഡുകളിൽ മാത്രമാണ് വി6 എൻജിൻ ഉപയോഗിച്ചിരുന്നത്. ദ് റിയൽ ഫെരാരി വിത്ത് ജെസ്റ്റ് 6 സിലിണ്ടേഴ്സ് എന്നാണ് 296 എന്ന സൂപ്പർകാർ പുറത്തിറക്കിക്കൊണ്ട് ഫെരാരി പ്രഖ്യാപിച്ചത്. 2022 ലാണ് ഫെരാരി 296 ജിടിബി വിപണിയിൽ എത്തിച്ചത്.
പ്ലഗ് ഇൻ ഹൈബ്രിഡ് സ്പോർട്സ് കാറായ 296 ജിടിബിയിൽ 3 ലീറ്റർ പെട്രോൾ എൻജിനും 7.45 കിലോവാട്ട് ബാറ്ററിയും ഉപയോഗിക്കുന്നു. ഇലക്ട്രിക്കിൽ മാത്രം 25 കിലോമീറ്റർ ദൂരം കാർ സഞ്ചരിക്കും. രണ്ട് പവർ സോഴ്സുകളും കൂടി ചേർന്ന് വാഹനത്തിന് 830 ബിഎച്ച്പി കരുത്ത് നല്‍കുന്നുണ്ട്. 6250 ആർപിഎമ്മിൽ 740 എൻഎം ആണ് ടോർക്ക്. എട്ട് സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്സ് വേഗം 100 കിലോമീറ്റർ കടക്കാൻ ഈ സൂപ്പർകാറിന് വെറും 2.9 സെക്കൻഡ് മാത്രം മതി. ഉയർന്ന വേഗം 330 കിലോമീറ്ററാണ്.