ഒറ്റ ചാര്‍ജിൽ 738 കി.മീ, വോൾവോയുടെ ചലിക്കുന്ന സ്വീകരണമുറി; ഇതിൽ കൂടുതൽ ആഡംബരം വേണോ?
Mail This Article
'ചലിക്കുന്ന സ്വീകരണമുറി'' എന്നാണ് തങ്ങളുടെ പുതിയ ഇലക്ട്രിക് മിനിവാന്‍ ഇഎം90ക്ക് വോള്‍വോ നല്കുന്ന വിശേഷണം. യാത്രികര്‍ക്ക് ഒരു വീട്ടിലെ സ്വീകരണമുറിയില്‍ ഇരിക്കുന്നതുപോലുള്ള സുഖകരമായ അവസ്ഥയാണ് യാത്രയിലും വോള്‍വോ നല്കുന്ന വാഗ്ദാനം. ഓഫീസ് മുറിയാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും യോജിച്ച വാഹനമാണ് ഇഎം90 എന്നാണ് വോള്‍വോ വിശദീകരിക്കുന്നത്.
റോഡില്‍ നിന്നുള്ള ശബ്ദങ്ങള്‍ തീരെ അകത്തേക്ക് വരാത്ത വിധമാണ് ഇഎം90യുടെ നിര്‍മാണം. ഡ്യുവല്‍ ചേംബര്‍ എയര്‍ സസ്പെന്‍ഷനും ടയറുകളും പരമാവധി ശാന്തമായ യാത്ര ഉറപ്പിക്കും. ഇത്തരം യാത്രകളില്‍ 21 ബോവേഴ്സ് ആന്റ് വൈകിന്‍സ് സ്പീക്കറുകളുള്ള ഓഡിയോ സിസ്റ്റം കൂടുതല്‍ നന്നായി ആസ്വദിക്കാനുമാവും. ഡ്രൈവര്‍ക്ക് 15.4 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സ്ക്രീനും റൂഫ് മൗണ്ടഡായി 15.6 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയും നല്കിയിരിക്കുന്നു. റൂഫ് മൗണ്ടഡ് ഡിസ്പ്ലേയിലൂടെ ഷോകളും സിനിമകളുമെല്ലാം നിങ്ങളുടെ ഫോണ്‍ വഴി ബന്ധിപ്പിച്ച് കാണാനാവും. 5ജി കണക്ടിവിറ്റിയുള്ള ഇതേ സ്ക്രീനുകളെ വിഡിയോ കോളുകള്‍ക്കായും ഉപയോഗിക്കാനാവും.
ശബ്ദം ഉപയോഗിച്ച് നിയന്ത്രിക്കാന്‍ സാധിക്കുന്നതാണ് ഇഎം90യുടെ ഓഡിയോയും ഇന്റീരിയര്‍ ലൈറ്റിങും അടക്കമുള്ള പല ഫീച്ചറുകളും. കാര്‍ സ്ക്രീനുകളും സീറ്റുകളും വിന്‍ഡോയും എയര്‍ കണ്ടീഷണറും ലൈറ്റുകളുമെല്ലാം വോയ്സ് കമാന്‍ഡിനൊപ്പം ഒരു സ്വിച്ച് നീക്കിയാലും പ്രവര്‍ത്തിപ്പിക്കാനാവും. എന്തിനേറെ പിന്‍സീറ്റുകളെ കിടപ്പുമുറിയാക്കാനുള്ള സൗകര്യം അടക്കം ഉള്‍ക്കൊള്ളിച്ചാണ് ഇഎം90യെ വോള്‍വോ എത്തിക്കുന്നത്.
200kW ഇലക്ട്രിക് മോട്ടോറാണുള്ളത്. 100 കിലോമീറ്റര്‍ വേഗത്തിലേക്ക് 8.3 സെക്കന്‍ഡില്‍ ഇഎം90 കുതിച്ചെത്തും. ബൈ ഡയറക്ഷണല്‍ ചാര്‍ജിങ് സാധ്യമായ 116kWh ബാറ്ററി. പത്തു ശതമാനത്തില്‍ നിന്നും 80% ചാര്‍ജിലേക്കെത്താന്‍ അരമണിക്കൂറു മതി. ഇതിനെല്ലാം ഉപരിയായി ഒറ്റ തവണ ചാര്‍ജു ചെയ്താല്‍ 738 കിലോമീറ്റര്‍ ഓടുമെന്ന ഗംഭീര റേഞ്ചും വോള്‍വോ വാഗ്ദാനം ചെയ്യുന്നു. ഇപ്പോള്‍ ചൈനയില്‍ മാത്രമാണ് വോള്‍വോ ഈ വാഹനം പുറത്തിറക്കിയിരിക്കുന്നത്. വില 1,14,000 ഡോളര്‍(ഏകദേശം 94.75 ലക്ഷം രൂപ).