ആദ്യമായാണ് പണം മുടക്കി ടെസ്ല ഇങ്ങനെയൊരു പരസ്യം നൽകുന്നത്; സുരക്ഷയാണ് പ്രധാനം!
Mail This Article
പണം മുടക്കി പരസ്യം നല്‍കില്ലെന്നത് ടെസ്ലയുടെ കാര്യത്തില്‍ എലോണ്‍ മസ്ക് തുടക്കം മുതല്‍ സ്വീകരിച്ച നിലപാടായിരുന്നു. അതിനു വേണ്ടി മുടക്കുന്ന പണം കൂടി ടെസ്ലയെ കൂടുതല്‍ മികവുള്ളതാക്കാന്‍ ഉപയോഗിക്കുമെന്ന് പല തവണ മസ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഉത്പന്നവും ഉപഭോക്താക്കളുമാണ് പ്രചാരകരെന്ന നയം ഒടുവില്‍ മസ്ക് തിരുത്തിയിരിക്കുന്നു. ടെസ്ലയുടെ സുരക്ഷയെ എടുത്തു കാണിക്കുന്നതാണ് ആദ്യ പരസ്യം.
പലതവണ നേരത്തെ ടെസ്ലയുടെ നിക്ഷേപകര്‍ സവിശേഷതകള്‍ എടുക്കു പറഞ്ഞുകൊണ്ടുള്ള പരസ്യം വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ അപ്പോഴെല്ലാം അത് തള്ളിക്കളയുകയാണ് സി.ഇ.ഒയായ എലോണ്‍ മസ്ക് ചെയ്തത്. ഒടുവില്‍ ഈ വര്‍ഷം തുടക്കത്തില്‍ നടന്ന വാര്‍ഷിക സമ്മേളനത്തിനിടെയാണ് ടെസ്ലയും പരസ്യം നല്‍കുമെന്ന സൂചന മസ്ക് നല്‍കുന്നത്.
ജൂണ്‍ മുതല്‍ തന്നെ ചെറിയ രീതിയില്‍ ഗൂഗിള്‍ വഴി പരസ്യം ടെസ്ല നല്കി തുടങ്ങിയിരുന്നു. എന്നാല്‍ ആദ്യമായി ഒരു വിഡിയോ പരസ്യം തന്നെ ഇപ്പോള്‍ കമ്പനി പുറത്തിറക്കിയിരിക്കുകയാണ്. ഇന്റര്‍നെറ്റിലും ടെലിവിഷനിലും പ്രദര്‍ശിപ്പിക്കാന്‍ അനുയോജ്യമായ ഒരു പരസ്യം ആദ്യമായാണ് ടെസ്ല ഇറക്കുന്നത്.
റോഡിലുള്ള ഓരോ ടെസ്ല വാഹനങ്ങളുടേയും സൂഷ്മ വിവരങ്ങള്‍ വരെ കമ്പനിയുടെ പക്കലുണ്ട്. എത്ര ദൂരത്തിലാണ് ഡ്രൈവര്‍ സീറ്റുകളുള്ളതെന്നും അപകടം സംഭവിച്ചാല്‍ എത്രാമത്തെ മില്ലിസെക്കന്‍ഡിലാണ് എയര്‍ബാഗ് പുറത്തേക്കു വരുന്നതെന്നതും അടക്കമുള്ള വിവരങ്ങള്‍ ടെസ്ലക്ക് അറിയാം. ഈ വിവരങ്ങളുടെ കരുത്തില്‍ ഏറ്റവും സുരക്ഷിതമായ രീതിയില്‍ വാഹനം രൂപകല്പന ചെയ്യാനാവുമെന്നാണ് ടെസ്ലയുടെ പരസ്യം പറയുന്നത്. 32 സെക്കന്‍ഡ് നീണ്ട യുട്യൂബ് വിഡിയോ അവസാനിക്കുന്നത് ടെസ്ലയുടെ മോഡല്‍ 3 ടെസ്റ്റ് ഡ്രൈവ് ചെയ്യാനുള്ള സ്ക്രീനിലാണ്.
തുടക്കം മുതല്‍ യാത്രികരുടെ സുരക്ഷയുടെ കാര്യത്തില്‍ ഏറെ മുന്നിലുള്ള കമ്പനിയാണ് ടെസ്ല. ഇപ്പോഴാകട്ടെ ലക്ഷക്കണക്കിന് ടെസ്ല വാഹനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ കൂടി കമ്പനിക്ക് കൂടുതല്‍ സുരക്ഷിതമായി വാഹനങ്ങള്‍ നിര്‍മിക്കാന്‍ സഹായിക്കുന്നു. മറ്റു വാഹന നിര്‍മാതാക്കള്‍ക്ക് അവകാശപ്പെടാനാവാത്ത കാര്യമാണിത്. തങ്ങളുടെ ഏറ്റവും പ്രധാന സവിശേഷതകള്‍ എടുത്തു കാണിച്ചുകൊണ്ടുള്ള പരസ്യം തന്നെയാണ് ടെസ്ല പുറത്തിറക്കിയിരിക്കുന്നത്.