ഒന്നല്ല, അടുത്ത വർഷം രണ്ട് ഏഥര്‍ സ്കൂട്ടറുകൾ; കൂടുതൽ റേഞ്ചും ഫീച്ചറുകളും
Mail This Article
അടുത്തവര്‍ഷം പുതിയ രണ്ട് വൈദ്യുത സ്കൂട്ടറുകള് കൂടി അവതരിപ്പിക്കാനൊരുങ്ങുകയാണ് ഏഥര്‍. കമ്പനി സിഇഒയും സ്ഥാപകനുമായ തരുണ്‍ മേത്ത തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. കുടുംബയാത്രികര്‍ക്ക് കൂടുതല്‍ അനുയോജ്യമായ വൈദ്യുത സ്കൂട്ടറും നിലവിലെ 450എക്സിന്റെ പുതിയ പതിപ്പുമായിരിക്കും അടുത്തവര്‍ഷം ഇറങ്ങുക.
നിലവില്‍ വിപണിയിലുള്ള ഏഥര്‍ 450 എസ്, 450 എക്സ് മോഡലുകളെ കുടുംബത്തോടെ യാത്ര ചെയ്യുന്നവര്‍ തെരഞ്ഞെടുക്കാതിരിക്കാന്‍ പല കാരണങ്ങളുമുണ്ട്. ഈയൊരു തിരിച്ചറിവില്‍ നിന്നാണ് കുടുംബയാത്രികര്ക്കു കൂടി അനുയോജ്യമായ സൗകര്യങ്ങളോടെ പുതിയ ഇലക്ട്രിക്ക് സ്കൂട്ടര്‍ ഏഥര്‍ പുറത്തിറക്കുന്നത്. കൂടുതല്‍ വിശാലമായ ഫ്ളോര്‍ബോര്‍ഡും, വലിയ സീറ്റുകളും, മടക്കിവെക്കാവുന്ന പിന്നിലെ ഫൂട്ട്റെസ്റ്റും, വിശാലമായ ബൂട്ട് സ്പേസുമെല്ലാം പുതിയ വൈദ്യുത സ്കൂട്ടറില്‍ പ്രതീക്ഷിക്കാം.
450 എസിലേതിനു സമാനമായ 2.9kWh ബാറ്ററി പാക്ക്, എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയടക്കമുള്ള മറ്റു സൗകര്യങ്ങളും പ്രതീക്ഷിക്കാം. തുടക്കത്തില്‍ കുറഞ്ഞ റേഞ്ചിലുള്ള മോഡലും പിന്നീട് ഉയര്‍ന്ന റേഞ്ചിലുള്ള മോഡലുമായിരിക്കും ഇറക്കുക. അടുത്തവര്‍ഷം മധ്യത്തോടെ ഇറങ്ങുന്ന ഏഥര്‍ ഫാമിലി സ്കൂട്ടറിന് 1.3 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന വില. ടിവിഎസ് ഐക്യൂബ്, ബജാജ് ചേത്തക്, ഹീറോ വിഡ വി1 പ്രൊ എന്നിവയാവും പ്രധാന എതിരാളികള്‍.
'മൊത്തം കുടുംബത്തേയും മനസില്‍ വെച്ചുകൊണ്ടാണ് ഈ വാഹനം രൂപകല്പന ചെയ്തിരിക്കുന്നത്. കൂടുതല്‍ താങ്ങാവുന്ന വിലയിലായിരിക്കും വാഹനം എത്തുക. ഇതോടെ ഏഥര്‍ കുടുബത്തിലേക്ക് കൂടുതല്‍ പേരെത്തുമെന്നാണ് പ്രതീക്ഷ' എന്നും ഏഥര്‍ സിഇഒ തരുണ്‍ മേത്ത പറഞ്ഞു.
നിലവിലെ ഏഥര്‍ സീരീസിലുള്ള സ്കൂട്ടറുകള്‍ക്ക് മണിക്കൂറില്‍ പരമാവധി 90 കിലോമീറ്ററാണ് വേഗം. ഏഥറിന്റെ 450 സീരീസിലെ പുതിയ മോഡലില്‍ 100 കിലോമീറ്ററായേക്കും. ഇതിനൊപ്പം നിലവിലെ 450എക്സില്‍ ഇല്ലാത്ത ക്രൂസ് കണ്ട്രോളും ഡ്യുവല്‍ ചാനല്‍ എബിഎസും അടക്കമുള്ള പല അധിക ഫീച്ചറുകളും പ്രതീക്ഷിക്കാം. അടുത്ത വര്‍ഷം തുടക്കത്തില്‍ തന്നെ പുതിയ 450 സീരീസിലെ സ്കൂട്ടറും വിപണിയിലെത്തും. വില ഏതാണ്ട് 1.6 ലക്ഷം രൂപ. പ്രീമിയം സൗകര്യങ്ങളോടെ എത്തുന്ന പുതിയ 450 സീരീസിലെ സ്കൂട്ടറിന് നല്കുന്ന പണത്തിനൊത്ത മൂല്യമാണ് ഏഥര്‍ സ്ഥാപകന്‍ തരുണ്‍ മേത്തയുടെ വാഗ്ദാനം.