ADVERTISEMENT

ചീറി പാഞ്ഞു വരുന്ന വെടിയുണ്ടകള്‍ക്കു നേരെ വിരിമാറു കാണിക്കാന്‍ മടിയില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ടെസ്‌ലയുടെ സൈബര്‍ ട്രക്ക്. മെഷീന്‍ ഗണ്ണില്‍ നിന്നും തുരുതുരെവരുന്ന വെടിയുണ്ടകള്‍ പോലും ഒന്നിനു പിന്നാലെ മറ്റൊന്നായി സൈബര്‍ ട്രക്കിന്റെ ബോഡിയില്‍ തട്ടി പൊടിഞ്ഞു ചിതറി പോവുകയാണ്. ഒരൊറ്റ വെടിയുണ്ട പോലും സൈബര്‍ ട്രക്കിന്റെ ബോഡിയുടെ പ്രതിരോധം മറികടന്ന് ഉള്ളിലേക്കെത്തിയില്ല. സൈബര്‍ ട്രക്കിന്റെ ബുള്ളറ്റ് പ്രൂഫ് മികവിന്റെ വിഡിയോ ടെസ്‌ല തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. 

മൂന്നു തോക്കുകള്‍ ഉപയോഗിച്ച് സൈബര്‍ ട്രക്കിനു നേരെ വെടിവെക്കുന്നുണ്ട്. 0.45 കാലിബര്‍ ടോമി ഗണ്‍ സബ് മെഷീന്‍ ഗണ്‍, 9എംഎം ഗ്ലോക്ക് ഹാന്‍ഡ്ഗണ്‍, 9എംഎം എംപി5-എസ്ഡി സബ് മെഷീന്‍ഗണ്‍ എന്നിവയാണ് സൈബര്‍ട്രക്കിന്റെ കരുത്തു പരീക്ഷിക്കുന്നത്. വാഹനത്തിന്റെ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ബോഡിയില്‍ വന്നിടിക്കുന്ന വെടിയുണ്ട ചുറ്റും അലകളുയര്‍ത്തിയ ശേഷം ചിതറി പോവുകയാണ് ചെയ്യുന്നത്. ഇതിന്റെ ദൃശ്യഭംഗി സ്ലോമോഷന്‍ വഴി പകര്‍ത്തി വിശദമായി തന്നെ വിഡിയോയില്‍ കാണിക്കുന്നുണ്ട്. ആകെ 29 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോയാണ് ടെസ്‌ല പങ്കുവെച്ചിരിക്കുന്നത്. 

വിഡിയോയില്‍ വെടിയുണ്ട സൈബര്‍ ട്രക്കിനുള്ളിലേക്കു കയറുന്നില്ലെങ്കിലും എത്രത്തോളം ഈ വാഹനത്തിന് വെടിയുണ്ട തടയാനാവുമെന്ന കാര്യത്തില്‍ സംശയങ്ങളുയരുന്നുമുണ്ട്. പ്രത്യേകിച്ച് കൂടുതല്‍ കൃത്യതയോടെയും കരുത്തോടെയും വെടിവെക്കാനാവുന്ന ഹാന്‍ഡ് ഗണ്ണുകള്‍ ഉപയോഗിക്കുമ്പോള്‍. സൈബര്‍ ട്രക്കിന്റെ ബോഡിയുടെ സമാനമായ കനത്തിലുള്ള സ്‌റ്റെയിന്‍ലെസ് സ്റ്റീലിനെ വെടിയുണ്ട തുളച്ചുപോവുന്ന വിഡിയോകള്‍ ഇന്റര്‍നെറ്റില്‍ തന്നെ ലഭ്യമാണ്. 

അള്‍ട്രാ ഹാര്‍ട് 30എക്‌സ് കോള്‍ഡ് റോള്‍ഡ് സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ ബോഡിയാണ് സൈബര്‍ ട്രക്കിന് നല്‍കിയിട്ടുള്ളത്. സാധാരണ കാറുകളുടെ ഡോര്‍ പാനലുകള്‍ക്ക് 0.7-1 മില്ലിമീറ്റര്‍ വരെ കനമാണെങ്കില്‍ സൈബര്‍ ട്രക്കിന്റെ ഡോര്‍ പാനലുകള്‍ക്ക് 3 എംഎം കനമുണ്ട്. അതുകൊണ്ട് ഒറ്റ നോട്ടത്തില്‍ തന്നെ അധിക സുരക്ഷയും കരുത്തും സൈബര്‍ ട്രക്കിന്റെ ബോഡിക്കുണ്ടെന്ന് ഉറപ്പിക്കാം. സാധാരണ സ്റ്റീല്‍ ഡോറുകളെ അപേക്ഷിച്ച് സ്റ്റെയിന്‍ലെസ് സ്റ്റീലിന് കരുത്തു കൂടുതലുമാണ്. മറ്റു കാറുകളെ പോലെ വെടിയുണ്ടകള്‍ക്ക് ഒരിക്കലും എളുപ്പമാവില്‍ സൈബര്‍ ട്രക്കിനുള്ളിലേക്കു തുളച്ചു കയറാന്‍.

English Summary:

Watch The Tesla Cybertruck Stop Bullets Fired From Three Different Guns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com