ADVERTISEMENT

വിലകൂടുതലാണ് എന്ന ഒരൊറ്റ കാരണം കൊണ്ട് മാത്രം വൈദ്യുത കാറുകള്‍ വാങ്ങാത്ത നിരവധി പേര്‍ ഇന്ത്യയിലുണ്ട്. അങ്ങനെയുള്ളവരെ കൂടി വൈകാതെ ഇവികള്‍ കൂടെ കൂട്ടുന്നതോടെ പരമ്പരാഗത ഐസിഇ വാഹനങ്ങളുടെ പിന്‍വാങ്ങല്‍ വേഗത്തിലാവും. 12-18 മാസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രധാന ഐസിഇ വാഹനങ്ങളുടെ വിലയില്‍ തന്നെ ഇവികള്‍ പുറത്തിറക്കുമെന്ന സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ് എംഡി ശൈലേഷ് ചന്ദ്ര. 

നിരവധി പേര്‍ കാത്തിരുന്ന ഒരു പ്രഖ്യാപനമാണ് ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി എം.ഡിയില്‍ നിന്നും വന്നിരിക്കുന്നത്. വൈദ്യുത വാഹനങ്ങളുടെ വില കുറയാനുള്ള പ്രധാന കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് ബാറ്ററി വിലയിലുണ്ടാവുന്ന കുറവാണ്. ഒരു കിലോവാട്ട് അവറിന് 100 ഡോളര്‍(ഏകദേശം 8,322 രൂപ) എന്ന നിലയിലേക്ക് ബാറ്ററി വില കുറയുമെന്നാണ് ശൈലേഷ് ചന്ദ്ര കണക്കുകൂട്ടുന്നത്. 

തമിഴ്‌നാട് സര്‍ക്കാരുമായി സഹകരിച്ച് നടത്തിയ ഓട്ടോകാര്‍ പ്രൊഫഷണല്‍സ് ഇന്ത്യ ഇവി കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ശൈലേഷ് ചന്ദ്ര ഈ പ്രവചനം നടത്തിയിരിക്കുന്നത്. 200-250 കിലോമീറ്റര്‍ റേഞ്ചുള്ള കൂടുതല്‍ ജനകീയമായ ഇവി മോഡലുകളായിരിക്കും ഐസിഇ കാറുകളുടെ തന്നെ വിലയില്‍ വിപണിയിലേക്കെത്തുക. തുടക്കകാലത്ത് വൈദ്യുത കാറുകള്‍ വാങ്ങുന്നവര്‍ക്ക് പരമ്പരാഗത ഐ.സി.ഇ കാറുകളേക്കാള്‍ 20-30 ശതമാനം കൂടുതല്‍ നല്‍കേണ്ടി വന്നിരുന്നു. ഐസിഇ വാഹനങ്ങള്‍ക്ക് മലിനീകരണ നിയന്ത്രണങ്ങള്‍ പാലിക്കുന്നതിന്റേയും വിലവര്‍ധനവിന്റേയും ഫലമായി വിലയില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ബന്ധിതരാവുമെന്നും കരുതപ്പെടുന്നു. അതേസമയം വില കുറയുന്നതോടെ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് ഇ.വികള്‍ എത്തുകയും ചെയ്യും. 

ഇന്ത്യന്‍ വൈദ്യുത കാര്‍ വിപണിയില്‍ 85 ശതമാനവും ടാറ്റ മോട്ടോഴ്‌സിന് സ്വന്തമാണ്. 2025 ആവുമ്പോഴേക്കും പത്ത് വൈദ്യുത കാറുകള്‍ കൂടി പുറത്തിറക്കി കരുത്തു വിപുലപ്പെടുത്താനുള്ള ശ്രമങ്ങളും ടാറ്റ മോട്ടോവ്‌സ് നടത്തുന്നുണ്ട്. ടാറ്റ മോട്ടോഴ്‌സിന്റെ ആകെ വാഹന വില്‍പനയുടെ 15 ശതമാനം ഇതിനകം തന്നെ വൈദ്യുത വാഹന വില്‍പനയാണ്. 2026-27 ആവുമ്പോഴേക്കും ഇത് 30 ശതമാനമായി മാറുമെന്നാണ് കമ്പനി കരുതുന്നത്. ഏറെ കാത്തിരിക്കുന്ന ടാറ്റ പഞ്ച് ഇവി 2024 തുടക്കത്തില്‍ തന്നെ ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കും. ടാറ്റയുടെ നെക്‌സോണ്‍.ഇവിയുടേതിന് സമാനമായ റേഞ്ച് പഞ്ച് ഇവിക്കുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടിയാഗോക്കും നെക്‌സോണ്‍ ഇവിക്കും ഇടയിലായിരിക്കും പഞ്ച് ഇവിയുടെ സ്ഥാനം. 

English Summary:

Auto News, EVs to cost the same as mass market ICE cars in 12-18 months

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com