‘തിരുമ്പി വന്നിട്ടേന്ന് സോല്ല്’: ആദ്യ പത്തിൽ സ്ഥാനം ഉറപ്പിച്ച് സ്കോർപിയോ
Mail This Article
നവംബറിലെ പാസഞ്ചർ കാർ വിൽപനക്കണക്കുകൾ പുറത്തുവന്നപ്പോൾ വൻ മുന്നേറ്റം നടത്തി മഹീന്ദ്ര സ്കോർപിയോ. വിൽപനയിൽ മുൻ വർഷത്തെ അപേക്ഷിച്ച് 88 ശതമാനം വളർച്ച സ്കോർപിയോ നേടി. 12185 യൂണിറ്റാണ് നവംബറിലെ വിൽപന.
ഏറെക്കാലത്തിനു ശേഷം, ഇന്ത്യയിൽ ഏറ്റവും അധികം വിൽപനയുള്ള ആദ്യ പത്തുകാറുകളുടെ പട്ടികയിൽ സ്കോർപിയോ എത്തിയത് ഒക്ടോബറിലായിരുന്നു. 13578 യൂണിറ്റായിരുന്നു ഒക്ടോബറിലെ വിൽപന. നവംബറിൽ വിൽപന 10 ശതമാനം കുറഞ്ഞെങ്കിലും ഒൻപതാം സ്ഥാനം നിലനിർത്താൻ സ്കോർപിയോയ്ക്ക് സാധിച്ചു.
സ്കോർപിയോയുടെ പിൻബലത്തിൽ വിൽപനയിലെ നാലാം സ്ഥാനം മഹീന്ദ്ര നിലനിർത്തി. ഈ വർഷം ആദ്യം വിപണിയിലെത്തിയ സ്കോർപിയോ എൻ എന്ന പുതിയ വാഹനത്തിന് മികച്ച പിന്തുണയാണു വിപണിയിൽ ലഭിക്കുന്നത്. ബുക്ക് ചെയ്ത് ആറുമാസം മുതൽ ഒരു വർഷം വരെ കാത്തിരിക്കണം. പുതിയ മോഡലിനെക്കൂടാതെ പഴയ മോഡലിനെ സ്കോർപിയോ ക്ലാസിക് എന്ന പേരിലും കമ്പനി വിപണിയിലെത്തിക്കുന്നുണ്ട്.
സ്കോർപിയോ എന്നിൽ 203 എച്ച്പി – 380 എൻഎം കരുത്തുള്ള 2.0 ലീറ്റർ ടർബോ പെട്രോൾ എൻജിനും 175 എച്ച്പി – 400 എൻഎം കരുത്തുള്ള 2.2 ലീറ്റർ ഡീസൽ എൻജിനുമാണ് ഉപയോഗിക്കുന്നത്. ഇരു വാഹനങ്ങളിലും 6 സ്പീഡ് ഓട്ടമാറ്റിക് അല്ലെങ്കിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്സിന്റെ പിന്തുണയും ഉണ്ട്. ഫോർവീൽ ഡ്രൈവും നൽകിയിട്ടുണ്ട്. ഡീസൽ എൻജിനോടെ മാത്രമാണ് സ്കോർപിയോ ക്ലാസിക് ലഭിക്കുന്നത്. 2.2 ലീറ്റർ എൻജിന് 97 കിലോവാട്ട് കരുത്തും 300 എൻ എം ടോർക്കുമുണ്ട്.