കുറഞ്ഞ വില കൂടുതൽ റേഞ്ച്, ചെറു ഇലട്രിക്ക് കാർ നിർമിക്കാൻ ഫോക്സ്വാഗണ് –റെനോ കൂട്ടുകെട്ട്
Mail This Article
എന്‍ട്രി ലെവല്‍ ഇവി നിര്‍മിക്കാന്‍ പറ്റിയ പങ്കാളിയെ ഫോക്സ്വാഗണ് ഗ്രൂപ്പ് തിരയുന്നു. ഈയൊരു ലക്ഷ്യത്തിനായി ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുമായി പ്രാഥമികഘട്ട ചര്‍ച്ചകള്‍ നടന്നുവെന്ന് ജര്‍മന്‍ മാധ്യമമായ Handelsblatt റിപ്പോര്‍ട്ടു ചെയ്തു. ചര്‍ച്ചകള്‍ വിജയിച്ചാല്‍ പ്രതിവര്‍ഷം രണ്ടു ലക്ഷം മുതല്‍ രണ്ടര ലക്ഷം വരെ കാറുകള്‍ നിര്‍മിക്കാനാണ് ഇവരുടെ പദ്ധതി. അതേസമയം ചര്‍ച്ചകളെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ റെനോയും ഫോക്സ്വാഗണ് ഗ്രൂപ്പും തയ്യാറായിട്ടില്ല.
വൈദ്യുത കാര്‍ വിപണിയില്‍ എന്‍ട്രി ലെവല്‍ മോഡലിനുള്ള വലിയ സാധ്യതകള്‍ നേരത്തെ തന്നെ ഇരു കമ്പനികളും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതുവരെ സ്വതന്ത്രമായ പദ്ധതികളുമായി പോവുകയായിരുന്ന റെനോയും ഫോക്സ്വാഗണും സമാന ലക്ഷ്യത്തിനായി ഒരുമിക്കാനുള്ള സാധ്യതകളാണ് തെളിയുന്നത്. ഫോക്സ്വാഗണ് ID1 എന്ന മോഡലും റെനോ ട്വിന്‍ഗോയുടെ ഇ.വി മോഡലുമാണ് ഈ വിഭാഗത്തില്‍ പുറത്തിറക്കാന്‍ ലക്ഷ്യം വെച്ചിരുന്നത്.
20,000 പൗണ്ട്(ഏകദേശം 18 ലക്ഷം രൂപ) വിലയില്‍ വൈദ്യുതകാര്‍ പുറത്തിറക്കാനുള്ള പദ്ധതികളുമായി മുന്നോട്ടു പോകുന്നുവെന്ന് ഫോക്സ്വാഗണ് ഗ്രൂപ്പ് സി.എഫ്.ഒ അര്‍ണോ ആന്റ്ലിറ്റ്സ് തന്നെ നേരത്തെ അറിയിച്ചിരുന്നു. ID1 ആണ് ഫോക്സ്വാഗണ് ഈയൊരു ലക്ഷ്യത്തിലേക്കായി വികസിപ്പിച്ചിരുന്നത്. 2025നു ശേഷം ഈ കാര്‍ പുറത്തിറക്കാന്‍ ലക്ഷ്യമുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ലെന്ന സൂചനയാണ് കമ്പനി നല്‍കിയിരുന്നത്. മൂന്നു വര്‍ഷം കൊണ്ട് 87,000 കോടി രൂപ ചെലവു കുറക്കാനുള്ള പദ്ധതിയുമായി ഫോക്സ്വാഗണ് മുന്നോട്ടു പോവുന്നതും ID 1 വികസിപ്പിക്കുന്നതിനെ ബാധിച്ചേക്കാമെന്നും സൂചനകളുണ്ടായിരുന്നു.
റെനോയാവട്ടെ അവരുടെ ജനപ്രിയ വാഹനമായ ട്വിന്‍ഗോയുടെ വൈദ്യുത പതിപ്പ് 2026ല്‍ ഇറക്കാന്‍ ലക്ഷ്യമിട്ട് മുന്നോട്ടുപോവുകയാണ്. യൂറോപിനു വേണ്ടി ഒരു ബജറ്റ് ഇവി എന്ന ആശയമാണ് ട്വിന്‍ഗോ ഇ.വിക്കു പിന്നില്‍. കരുത്തിനേക്കാള്‍ കാര്യക്ഷമതക്ക് പ്രാധാന്യം നല്കുന്ന വാഹനമായിരിക്കും ട്വിന്‍ഗോ ഇ.വി. റെനോ 5, റെനോ 4, നിസാന്‍ മൈക്ര ഇവി എന്നിവയുടെ അടിസ്ഥാനമായ Ampr പ്ലാറ്റ്ഫോമാണ് ട്വിന്‍ഗോ ഇ.വിക്കും ഉപയോഗിക്കുക. രണ്ടു പദ്ധതികളുമായി ഒരേ ലക്ഷ്യത്തിന് പരിശ്രമിക്കുന്ന റെനോയും ഫോക്സ്വാഗണും ഒരുമിക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ ഉയരുന്നത്.