ADVERTISEMENT

കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി റേഞ്ച് റോവര്‍ സ്‌പോര്‍ട് ഇന്ത്യന്‍ വിപണിയില്‍ വില്‍പനയിലുണ്ട്. 3.0 ലീറ്റര്‍ സിക്‌സ് സിലിണ്ടര്‍ പെട്രോള്‍, ഡീസല്‍, മൈല്‍ഡ് ഹൈബ്രിഡ് എന്‍ജിന്‍ ഓപ്ഷനുകളാണ് റേഞ്ച് റോവര്‍ സ്‌പോര്‍ട്ടിനുള്ളത്. ഇപ്പോഴിതാ റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ് വി വേരിയന്റിനെ ലാന്‍ഡ് റോവര്‍ ഇന്ത്യയില്‍ വില്‍പനക്കുവച്ചിരിക്കുന്നു. 3.0 ലീറ്റര്‍ ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനുള്ള മോഡലും കൂട്ടത്തിലുണ്ട്. ആറുമുതല്‍ എട്ടു മാസത്തിനകം ഇന്ത്യന്‍ റോഡുകളില്‍ റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ് വി വേരിയന്റ് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

റേഞ്ച് റോവറിന്റെ ഏറ്റവും ശക്തമായ 635എച്ച്പി, 800എന്‍എം, 4.4 ലീറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി8 എന്‍ജിനുള്ള കാറാണ് റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ് വി. ഫോര്‍വീല്‍ ഡ്രൈവിനെ പിന്തുണക്കുന്ന കാറില്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് നല്‍കിയിട്ടുള്ളത്. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലേക്ക് കുതിക്കാന്‍ വെറും 3.6 സെക്കന്‍ഡ് മതി ഈ വാഹനത്തിന്. പരമാവധി വേഗത മണിക്കൂറില്‍ 290 കിലോമീറ്റര്‍. 

സാധാരണ സ്‌പോര്‍ട് മോഡലിനെ അപേക്ഷിച്ച് ചെറിയ രീതിയില്‍ മാത്രമേ ഡിസൈനില്‍ മാറ്റങ്ങളുള്ളൂ. കൂടുതല്‍ വലിയ മുന്‍-പിന്‍ഭാഗങ്ങളും പുതിയ മുന്‍- പിന്‍ ബംപറുകളും ഗ്രില്ലിലെ മാറ്റങ്ങളും ഡ്യുല്‍ ട്വിന്‍ എക്‌സ്‌ഹോസ്റ്റും സ്‌പോര്‍ട് എസ് വിയിലുണ്ട്. മുന്നിലെ ഡിസൈനിലെ മാറ്റം വി8 എന്‍ജിനും ബ്രേക്കുകള്‍ക്കും വേണ്ട അധിക കൂളിങ് സംവിധാനത്തെക്കൂടി കണക്കാക്കിയുള്ളതാണ്. 

ഉള്ളിലേക്കു വന്നാല്‍ പുതിയ സീറ്റുകളോടു ചേര്‍ന്നു നില്‍ക്കുന്ന ഹെഡ് റെസ്‌ട്രെയിന്റ്‌സാണ് നല്‍കിയിട്ടുള്ളത്. സ്റ്റിയറിങ് വീലിന്റെ വളയത്തിന്റെ കനം കുറക്കുകയും മൊത്തത്തില്‍ ചെറുതാക്കുകയും ചെയ്തിട്ടുണ്ട്. ഡ്രൈവ് മോഡുകള്‍ മാറ്റുന്നതിനു വേണ്ടി എസ് വി ബട്ടണ്‍ നല്‍കിയിട്ടുണ്ട്. ഇതല്ലാതെ ഉള്ളില്‍ കാര്യമായ മാറ്റങ്ങളില്ല. 

ഹൈബ്രിഡ് വകഭേദത്തില്‍ 3.0 ലീറ്റര്‍ 6 സിലിണ്ടര്‍ എന്‍ജിനു കൂട്ട് 38.2kWh ബാറ്ററി പാക്കാണ്. 460എച്ച് പി കരുത്തും പരമാവധി 660 എന്‍ എം ടോര്‍ക്കും പുറത്തെടുക്കും. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലേക്കെത്താന്‍ 5.5 സെക്കന്‍ഡു മതി. പരമാവധി വേഗത മണിക്കൂറില്‍ 225 കിലോമീറ്റര്‍. 7 കെ ഡബ്ല്യു എസി ചാര്‍ജര്‍ ഉപയോഗിച്ച് ബാറ്ററി പൂര്‍ണമായും ചാര്‍ജു ചെയ്യാന്‍ അഞ്ചു മണിക്കൂര്‍ വേണം. വൈദ്യുതിയില്‍ മാത്രം 123 കിലോമീറ്റര്‍ ഓടാന്‍ ഈ റേഞ്ച് റോവര്‍ ഹൈബ്രിഡിനാവും. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുള്ള വാഹനത്തില്‍ ഫോര്‍വീല്‍ ഡ്രൈവ് സൗകര്യമുണ്ട്. 

ഉയര്‍ന്ന വകഭേദമായ ഓട്ടോബയോഗ്രഫിയില്‍ മാത്രമേ പ്ലഗ് ഇന്‍ ഹൈബ്രിഡ് പവര്‍ട്രെയിന്‍ ലഭ്യമാവൂ. ഡിജിറ്റല്‍ എല്‍ ഇ ഡി ഹെഡ്‌ലൈറ്റ്, പനോരമിക് സണ്‍റൂഫ്, 22 ഇഞ്ച് അലോയ് വീല്‍, ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേഷനും മസാജ് സൗകര്യവുമുള്ള ഫ്രണ്ട് സീറ്റുകള്‍, ഹെഡ് അപ് ഡിസ്ലേ, 360 ഡിഗ്രി ക്യാമറ എന്നിങ്ങനെ പോവുന്നു റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ് വിയുടെ ഫീച്ചറുകള്‍.

English Summary:

Range Rover Sport SV prices start at Rs 2.80 crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com