മാരുതിക്ക് വെറും വാക്കല്ല സുരക്ഷ; ഫ്രോങ്സിൽ നടത്തുന്നത് 50 ക്രാഷ് ടെസ്റ്റുകൾ: വിഡിയോ
Mail This Article
ഭാരത് എന്‍സിഎപി പോലുള്ള ക്രാഷ് ടെസ്റ്റുകള്‍ മാത്രമല്ല വാഹനങ്ങളുടെ സുരക്ഷ ഉറപ്പിക്കുന്നത്. വാഹന നിര്‍മാതാക്കള്‍ യാത്രികരുടെ സുരക്ഷ ഉറപ്പിക്കാന്‍ ആഭ്യന്തരമായും ക്രാഷ് ടെസ്റ്റുകള്‍ നടത്താറുണ്ട്. ഫ്രോങ്സിന്റെ ആഭ്യന്തര ക്രാഷ് ടെസ്റ്റിന്റെ വിഡിയോ മാരുതി സുസുക്കി തന്നെയാണ് അടുത്തിടെ പുറത്തുവിട്ടത്. ഓരോ മോഡലുകളും ഷോറൂമിലെത്തും മുമ്പ് അമ്പതോളം ക്രാഷ് ടെസ്റ്റുകള്‍ നടത്താറുണ്ടെന്നാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്.
ആഭ്യന്തര ക്രാഷ് ടെസ്റ്റുകളിലും മുന്നിലേയും വശങ്ങളിലേയും ഇംപാക്ട് പരിശോധന നടത്താറുണ്ട്. വാഹനം ഇടിക്കുമ്പോള്‍ എങ്ങനെയാണ് ആഘാതം കാബിനിലേക്കും യാത്രികരിലേക്കും എത്താതെ തടയുന്നതെന്ന് വിഡിയോയില്‍ കാണാനാവും. പരമാവധി യാത്രികരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സഹായിക്കുന്നതാണ് ഇത്തരം ക്രാഷ് ടെസ്റ്റുകള്‍. ഓരോ ടെസ്റ്റുകള്‍ക്കും ശേഷം വേണ്ട മാറ്റങ്ങള്‍ മാരുതി സുസുക്കി തങ്ങളുടെ വാഹനങ്ങളില്‍ വരുത്താറുണ്ട്.
ക്രംപിള്‍ സോണുകള്‍ ഉപയോഗിച്ചാണ് കാറുകളുടെ ആഘാതം സുസുക്കി പരമാവധി കുറയ്ക്കുന്നത്. അപകട സമയത്ത് പരമാവധി ആഘാതം ഏറ്റുവാങ്ങാന്‍ വേണ്ടിയുള്ളവയാണ് ഈ ക്രംപിള്‍ സോണുകള്‍. ഇത് വാഹനത്തിനുള്ളിലെ യാത്രികരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നു. വലിയ അപകടങ്ങളില്‍ വാഹനത്തിന് പുറമേ വലിയ കേടുപാടുകള്‍ സംഭവിച്ചതു പോലെ തോന്നുമെങ്കിലും ഉള്ളിലുള്ളവര്‍ സുരക്ഷിതരായിരിക്കും.
ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ള ഭാഗങ്ങളിലാണ് ക്രംപിള്‍ സോണുകള്‍ നിര്‍മിക്കുക. ഇത്തരം ഭാഗങ്ങള്‍ വളരെ എളുപ്പത്തില്‍ ആഘാതം സ്വീകരിക്കുമെങ്കിലും അത് യാത്രികര്‍ ഇരിക്കുന്ന ക്യാബിനിലേക്ക് വരില്ല. പരമാവധി ആഘാതത്തെ പ്രതിരോധിക്കുന്ന രീതിയിലാണ് ക്യാബിനുകള്‍ നിര്‍മിക്കുക.
ഉരുക്കില്‍ നിര്‍മിക്കുന്ന കാബിനുകള്‍ അപകട സമയങ്ങളില്‍ യാത്രികരെ സുരക്ഷിതരായിരിക്കാന്‍ സഹായിക്കും. അപകടത്തിന് കടന്നു ചെല്ലാനാകാത്ത സുരക്ഷിതമായ ഒരു കൂടിന്റെ ആകൃതിയിലാണ് കാബിനുകള്‍ നിര്‍മിക്കുക. എത്ര കരുത്തില്‍ ക്യാബിനുകള്‍ നിര്‍മിച്ചാലും ക്രംപിള്‍ സോണുകള്‍ ഇല്ലെങ്കില്‍ അപകടത്തിന്റെ ആഘാതം യാത്രികരിലേക്കെത്തും.
സുസുക്കിയുടെ ടോട്ടല്‍ എഫക്ടീവ് കണ്ട്രോള് ടെക്നോളജിയുള്ള ബലേനോയില്‍ അടക്കം ഉപയോഗിക്കുന്ന ഹേര്ട്ടെക് പ്ലാറ്റ്ഫോമാണ് ഫ്രോങ്സിലും ഉപയോഗിക്കുന്നത്. ഫ്രണ്ട്, സൈഡ്, കര്ട്ടന് എയര്‍ബാഗുകള്‍ ഫ്രോങ്സിന്റെ സുരക്ഷ വര്‍ധപ്പിക്കുന്നു. ഇതിനൊപ്പം എബിഎസ് വിത്ത് ഇബിഡി, കാല്‍നടയാത്രികരുടെ സുരക്ഷ, കുട്ടികളുടെ സീറ്റ് വയ്ക്കാനുള്ള സംവിധാനം, 360 ഡിഗ്രി പാര്‍ക്കിങ് ക്യാമറ, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഹെഡ് അപ്പ് ഡിസ്പ്ലേ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം എന്നിവയും ഫ്രോങ്സിന് സുരക്ഷ നല്‍കും.
ത്രീ പോയിന്റ് ഇഎല്‍ആര്‍ സീറ്റ് ബെല്‍റ്റുകളാണ് ഫ്രോങ്സില്‍ മാരുതി സുസുക്കി നല്‍കിയിട്ടുള്ളത്. ഓട്ടോ ഡിമ്മിങ് ഇന്‍സൈഡ് റിയര്‍വ്യൂ മിറര്‍, ബ്രേക്ക് ഡൗണ്‍ നോട്ടിഫിക്കേഷന്‍, എമര്‍ജന്‍സി അലര്‍ട്ട്, സ്റ്റോളന്‍ വെഹിക്കിള്‍ നോട്ടിഫിക്കേഷന്‍, ജിയോഫെന്‍സ്, സേഫ് ടൈം അലര്‍ട്ട് എന്നിങ്ങളെ പല സുരക്ഷാ സൗകര്യങ്ങളും ഫ്രോങ്സിലുണ്ട്. ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ താരതമ്യേന മെച്ചപ്പെട്ട പ്രകടനം നടത്തിയത് 4 സ്റ്റാര്‍ നേടിയ വിറ്റാര ബ്രസയാണ്. മാരുതി സുസുക്കിയുടെ പുതിയ മോഡലുകളില്‍ ചിലത് ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റ് നടത്തിയിട്ടുണ്ട്. ഇതിന്റെ ഫലം അടുത്തവര്‍ഷമാണ് പുറത്തുവരിക.