ഈ കാറുകൾ ഇനിയില്ല! 2023ൽ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വാങ്ങിയ മോഡലുകൾ
Mail This Article
വില്‍പനയിലെ കുറവു മുതല്‍ പല കാരണങ്ങള്‍ കൊണ്ട് കാറുകളെ വാഹന നിര്‍മാതാക്കള്‍ വിപണിയിൽ നിന്ന് പിന്‍വലിക്കാറുണ്ട്. 2023ല്‍ ഇന്ത്യയില്‍ നിരവധി കാറുകളുടെ അന്ത്യം കുറിച്ചത് ബിഎസ് 6 2.0 മലിനീകരണ നിയന്ത്രണങ്ങളാണ്. 2023ല്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വാങ്ങിയ കാറുകള്‍ ഏതെല്ലാമെന്നു നോക്കാം.
ഹ്യുണ്ടേയ് ഐ20 ഡീസൽ
ഹ്യുണ്ടേയ് ഇന്ത്യയില്‍ പിന്‍വലിച്ച ഡീസല്‍ കാര്‍ മോഡലാണ് ഐ20. 2023 ഏപ്രില്‍ ഒന്നു മുതലാണ് ഹ്യുണ്ടേയ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് ഐ20 ഡീസല്‍ മോഡലിനെ പിന്‍വലിച്ചത്. 1.5 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനായിരുന്നു ഈ കാറിലുണ്ടായിരുന്നത്. ഇതോടെ ഐ20യില്‍ പെട്രോള്‍ വകഭേദങ്ങള്‍ മാത്രമായി മാറി. ഇപ്പോള്‍ 1.2 ലീറ്റര്‍ ഫോര്‍ പോട്ട് നാറ്റ് എഎസ്പി, 1.0 ലീറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനുകളിലാണ് ഐ20 എത്തുന്നത്.
റെനോ ക്വിഡ് 800
ബിഎസ് 6 ഫേസ് 2 മലിനീകരണ നിയന്ത്രണങ്ങള്‍ വന്നതോടെയാണ് റെനോ തങ്ങളുടെ 800 സിസി ക്വിഡ് പിന്‍വലിച്ചത്. 4.69 ലക്ഷം രൂപ മുതല്‍ ലഭ്യമായിരുന്ന ഈ ക്വിഡ് മോഡലില്‍ 0.8 ലീറ്റര്‍ 3 സിലിണ്ടര്‍ എന്‍ജിനാണ് ഉണ്ടായിരുന്നത്. അതേസമയം 1 ലീറ്റർ എൻജിൻ മോഡൽ നിലവിൽ വിൽപനയിലുണ്ട്. ആര്‍എക്‌സ്എല്‍, ആര്‍എക്‌സ്എല്‍(O) വകഭേദങ്ങളിലാണ് ഈ എന്‍ട്രി ലെവല്‍ വാഹനംക്വിഡ് ഇറക്കിയിരുന്നത്. എഎംടി മോഡലിന് 6.12 ലക്ഷം രൂപയായിരുന്നു വില. ഔദ്യോഗികമായ അറിയിപ്പുകളൊന്നുമില്ലാതെ ഏപ്രില്‍ ഒന്നിന് ക്വിഡ് 800നെ റെനോ പിന്‍വലിക്കുകയായിരുന്നു.
മഹീന്ദ്ര കെയുവി100 എന്‍എക്‌സ്ടി
മഹീന്ദ്രയും അവരുടെ ഏറ്റവും ചെറിയ കാറായ കെയുവി100 നെ 2023ല്‍ പിന്‍വലിച്ചു. 6 സീറ്റര്‍ സൗകര്യവുമായി എത്തിയ കെയുവി100ന്റെ ആദ്യ നിര ബെഞ്ച് സീറ്റുകളിലും ലഭ്യമായിരുന്നു. 82 പിഎസ്, 115 എന്‍എം, 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് മഹീന്ദ്ര നല്‍കിയിരുന്നത്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരുന്നത്. 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ, ഫോര്‍ സ്പീക്കര്‍ സൗണ്ട് സിസ്റ്റം, സ്റ്റീറിങ് മൗണ്ടഡ് കണ്‍ട്രോള്‍സ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, പിന്നില്‍ ഡിഫോഗര്‍, കൂള്‍ഡ് ഗ്ലൗബോക്‌സ്, മുന്നില്‍ രണ്ട് എയര്‍ബാഗുകള്‍, എബിഎസ് വിത്ത് ഇബിഡി, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സ്പീഡ് സെന്‍സിങ് ഓട്ടോമാറ്റിക് ഡോര്‍ ലോക്ക് എന്നിങ്ങനെ നിരവധി ഫീച്ചറുകളുള്ള മഹീന്ദ്രയുടെ സിക്‌സ് സീറ്റര്‍ ക്രോസ് ഹാച്ച്ബാക്കായിരുന്നു ഇത്.
ഹോണ്ട സിറ്റി
സിറ്റിയുടെ നാലാം തലമുറയെ ഹോണ്ട 2023 ൽ വിപണിയിൽ നിന്ന് പിൻവലിച്ചു. അഞ്ചാം തലമുറ 2019 ൽ വിപണിയിൽ എത്തിയെങ്കിലും നാലാം തലമുറയെ ഹോണ്ട അന്ന് പിൻവലിച്ചിരുന്നില്ല. 2014 ൽ വിപണിയിലെത്തിയ ഹോണ്ട സിറ്റിയുടെ ഫെയ്സ്‌ലിഫ്റ്റ് വേർഷൻ 2017 ലാണ് എത്തിയത്. ഡീസൽ എന്‍ജിനുകളുടെ മലിനീകരണ നിയന്ത്രണങ്ങളാണ് നാലാം തലമുറ സിറ്റിയെ പിൻവലിച്ചതിനു പിന്നിലെ പ്രധാന കാരണം.
ഹോണ്ട ജാസ്
ഹോണ്ടയുടെ ഹാച്ച്ബാക്കിയ ജാസിനെ 2023 ൽ വിപണിയിൽ നിന്ന് പിൻവലിച്ചു. ഡീസൽ എന്‍ജിനുകളുടെ മലിനീകരണ നിയന്ത്രണങ്ങള്‍ തന്നെയാണ് ജാസിനെ വിപണിയിൽ നിന്ന് പിൻ വലിക്കാൻ ഹോണ്ടയെ പ്രേരിപ്പിച്ച പ്രധാന ഘടകം.
ഹോണ്ട ഡബ്ല്യുആര്‍-വി
ഇന്ത്യയില്‍ 2023ല്‍ ഏറ്റവും കൂടുതല്‍ മോഡലുകള്‍ പിന്‍വലിച്ച കാര്‍ നിര്‍മാതാക്കള്‍ ഹോണ്ടയായിരുന്നു. കോംപാക്ട് എസ്.യു.വി വിഭാഗത്തിലെ മോശം പ്രകടനമാണ് ഡബ്ല്യുആര്‍ -വിയെ പിന്‍വലിപ്പിച്ചത്. പകരം കൂടുതല്‍ സൗകര്യങ്ങളുള്ള എലിവേറ്റിനെ ഹോണ്ട അവതരിപ്പിക്കുകയും.
നിസാന്‍ കിക്‌സ്
മലിനീകരണ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമായതോടെ ഇന്ത്യയില്‍ നിന്നും വിടവാങ്ങിയ മറ്റൊരു കാര്‍ മോഡല്‍. ഇതോടെ നിസാന്‍ ഇന്ത്യയില്‍ മാഗ്നൈറ്റില്‍ ഒതുങ്ങി. ക്രേറ്റ അടക്കമുള്ള മിഡ് സൈസ് എസ്യയുവികള്‍ക്ക് വെല്ലുവിളിയാവാനായി 2019ലാണ് കിക്‌സിനെ നിസാന്‍ അവതരിപ്പിച്ചത്. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ ലഭ്യമായിരുന്നു. കിക്‌സിന്റെ 1.3 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ഈ സെഗ്മെന്റിലെ തന്നെ ഏറ്റവും കരുത്തുറ്റ വാഹനമായിരുന്നു.
സ്‌കോഡ സൂപ്പര്‍ബ്, ഒക്ടാവിയ
190എച്ച്പി, 2.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിനായിരുന്നു സ്‌കോഡ ഈ രണ്ടു മോഡലുകളിലും നല്‍കിയിരുന്നത്. ഈ വാഹനങ്ങള്‍ പിന്‍വലിച്ചെങ്കിലും 2.0ലീറ്റര്‍ ടിഎസ്‌ഐ എന്‍ജിന്‍ കോഡിയാക് എസ് യു വിയില്‍ തുടരുന്നു. ഹൈബ്രിഡ് രൂപത്തില്‍ സ്‌കോഡ ഒക്ടാവിയയെ തിരിച്ചുകൊണ്ടുവരുമെന്ന സൂചനകളുണ്ട്. അങ്ങനെയെങ്കില്‍ വിദേശത്തു നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന രീതിയിലായിരിക്കും ഇനി ഇന്ത്യയിലേക്ക് ഒക്ടാവിയയുടെ വരവ്.
കിയ കാര്‍ണിവല്‍
2023ല്‍ ഏറ്റവും അവസാനം പിന്‍വലിച്ച കാറുകളിലൊന്നാണ് കിയ കാര്‍ണിവല്‍. ഏതാണ്ട് ജൂണ്‍ വരെ കാര്‍ണിവെല്‍ ഇന്ത്യയില്‍ വിറ്റിട്ടുണ്ട് കിയ. അടിമുടി മാറ്റി കാര്‍ണിവലിനെ അടുത്തവര്‍ഷം പകുതിയോടെ ഇറക്കാനാണ് കിയയുടെ പദ്ധതി. നിലവിലെ കാര്‍ണിവെലില്‍ ഉണ്ടായിരുന്ന ജെനറേഷന്‍ ഗ്യാപ്പും കിയ പുതിയ മോഡലില്‍ പരിഹരിച്ചേക്കും. 2020 മുതല്‍ ഇന്ത്യയില്‍ വില്‍പനയിലുള്ള വാഹനമായിരുന്നു മൂന്നാം തലമുറ കിയ കാര്‍ണിവല്‍. കോവിഡിന്റെ സമയത്താണ് എത്തിയതെന്നത് കാര്‍ണിവെലിന്റെ വില്‍പനയെ ബാധിച്ചിരുന്നു. 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിനായിരുന്നു കാര്‍ണിവെലില്‍ ഉണ്ടായിരുന്നത്. ഏതാണ്ട് 30.99 ലക്ഷം രൂപ വിലയുണ്ടായിരുന്ന കാര്‍ണിവെലിന്റെ മൂന്നാം തലമുറക്ക് പകരം നാലാം തലമുറ എത്തുമ്പോള്‍ വിലയിലും സൗകര്യങ്ങളിലും വര്‍ധനവുണ്ടാവും.