സുരക്ഷയല്ലേ മെയിൻ? 2023 ൽ ക്രാഷ് ടെസ്റ്റിൽ 5 മാർക്ക് നേടിയ 7 ഇന്ത്യൻ കാറുകൾ!
Mail This Article
വലിയ മാറ്റങ്ങളിലൂടെയാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യന്‍ കാര്‍ വിപണി കടന്നു പോവുന്നത്. കാറുകളുടെ തെരഞ്ഞെടുപ്പില്‍ സുരക്ഷയും പ്രധാന ഘടകമായെന്നതാണ് അതിലൊന്ന്. ഗ്ലോബല്‍ ന്യൂ കാര്‍ അസെസ്മെന്റ് പ്രോഗ്രാം (എന്‍സിഎപി) പോലുള്ള ക്രാഷ് ടെസ്റ്റുകള്‍ക്കും ഇതില്‍ നിര്‍ണായക പങ്കുണ്ട്. 2023ല്‍ 5 സ്റ്റാര്‍ നേടിയ കാറുകളുടെ വിശദാംശങ്ങള്‍ ഗ്ലോബല്‍ എന്‍സിഎപി പുറത്തുവിട്ടിട്ടുണ്ട്. ഒരേസമയം നിര്‍മാണ മികവ് തെളിയിക്കുകയും ഉപഭോക്താക്കളുടെ വിശ്വാസ്യത നേടിയെടുക്കുകയും ചെയ്തവയാണ് ഈ കാറുകള്‍.
ടാറ്റ സഫാരിയും ഹാരിയറും
ഇന്ത്യയില്‍ നിന്നുള്ള വാഹന നിര്‍മാതാക്കളായ ടാറ്റ സുരക്ഷയുടെ കാര്യത്തില്‍ ഏറെ മുന്നോട്ടു പോയ കമ്പനിയാണ്. അവരുടെ ഹാരിയറിന്റേയും സഫാരിയുടേയും പുതിയ മോഡലുകള്‍ സുരക്ഷയുടെ കാര്യത്തിലും മുന്നിലെത്തി. ഈ വര്‍ഷം ടാറ്റ പുറത്തിറക്കി കിങ് സൈസ് എസ്.യു.വികളാണ് ഹാരിയറും സഫാരിയും. ജിഎന്‍സിഎപിയുടെ ക്രാഷ് ടെസ്റ്റില്‍ അഞ്ചു സ്റ്റാറും നേടിയ വാഹനങ്ങളില്‍ മുന്നിലുണ്ട് ഇവ.
മുതിര്‍ന്നവരുടെ സുരക്ഷയില്‍ സാധ്യമായ 34ല്‍ 33.05 പോയിന്റു നേടിയാണ് ടാറ്റ സഫാരിയും ഹാരിയറും സുരക്ഷയില്‍ ഇന്ത്യയില്‍ തന്നെ മുന്നിലെത്തിയത്. യാത്രികരായ കുട്ടികളുടെ സുരക്ഷയിലും ഈ ടാറ്റ വാഹനങ്ങള്‍ ഏറ്റവും മികച്ച പ്രകടനം തന്നെ നടത്തിയ. സാധ്യമായ 49ല്‍ 45 പോയിന്റാണ് ഹാരിയറും സഫാരിയും നേടിയത്.
ഹ്യുണ്ടേയ് വെര്‍ന
ദക്ഷിണകൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടേയ്യും സുരക്ഷ തെളിയിച്ച വര്‍ഷമാണ് 2023. അവരുടെ മികച്ച കാറുകളിലൊന്നായ വെര്‍നയെയാണ് ക്രാഷ് ടെസ്റ്റിന് അയച്ചത്. അഞ്ചു സ്റ്റാര്‍ നേടി വെര്‍ന സുരക്ഷാ പരീക്ഷ ഫുള്‍ മാര്‍ക്കില്‍ വിജയിക്കുകയും ചെയ്തു. പുതു തലമുറ വെര്‍നയെ കഴിഞ്ഞ മാര്‍ച്ചിലാണ് ഹ്യുണ്ടേയ് പുറത്തിറക്കിയത്. 10.96 ലക്ഷം മുതല്‍ 17.38 ലക്ഷം രൂപ വരെയാണ് വെര്‍നയുടെ വില.
ഫോക്സ്വാഗണ് വെര്‍ട്ടസ്, സ്കോഡ സ്ലാവിയ
സുരക്ഷയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ലെന്ന് ഫോക്സ്വാഗണ് വെര്‍ട്ടസും സ്കോഡ സ്ലാവിയയും തെളിയിച്ചതും 2023ലാണ.് ജിഎന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സുരക്ഷ ഈ രണ്ടു മോഡലുകളും നേടി. ഈ നേട്ടത്തില്‍ ആദ്യം നന്ദി പറയേണ്ടത് MQB-A0-IN പ്ലാറ്റ്ഫോമിനാണ്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ സാധ്യമായ 34ല്‍ 29.71 ആണ് വെര്‍ട്ടസ്/സ്ലാവിയ നേടിയത്. കുട്ടികളുടെ സുരക്ഷയിലാവട്ടെ 49ല്‍ 42ഉം ഇവര്‍ സ്വന്തമാക്കി.
ഫോക്സ്വാഗണ് ടിഗ്വാന്/ സ്കോഡ കുഷാക്
മിനി എസ്യുവി വിഭാഗത്തില്‍ 2023ല്‍ ആദ്യം കുഷാകും പിന്നീട് ടൈഗൂണുമാണ് ഇന്ത്യയിലെത്തിയത്. നിര്‍മാണമികവില്‍ 5 സ്റ്റാര്‍ സുരക്ഷ സ്വന്തമാക്കി ഈ ജര്‍മന്‍ മോഡലുകള്‍. മുതിര്‍ന്നവരുടെ സുരക്ഷയില്‍ സാധ്യമായ 34ല്‍ 29.64 പോയിന്റാണ് ടൈഗൂണും കുഷാക്കും നേടിയത്. ഇനി കുട്ടിയാത്രികരുടെ സുരക്ഷയിലാവട്ടെ 49ല്‍ 42ഉം നേടിയാണ് 5 സ്റ്റാര്‍ സ്വന്തമാക്കിയത്.