ADVERTISEMENT

ഒരിക്കല്‍ ഇലോണ്‍ മസ്‌ക് ചിരിച്ചു തള്ളിയ ചൈനീസ് കാര്‍ നിര്‍മാതാക്കളായിരുന്നു ബിവൈഡി. എന്നാല്‍ ഇന്ന് മസ്‌കിന്റെ ടെസ്‌ലയേയും വില്‍പനയില്‍ മറികടന്ന് ഞെട്ടിക്കുകയാണ് ബിവൈഡി. 2023ലെ അവസാന പാദത്തിലെ വില്‍പനയിലാണ് ബിവൈഡി ലോകത്തെ ഏറ്റവും വില്‍പനയുള്ള വൈദ്യുതകാര്‍ നിര്‍മാണ കമ്പനിയായി മാറിയിരിക്കുന്നത്. ഈ കാലയളവില്‍ ബിവൈഡി 5,26,400 വൈദ്യുത കാറുകള്‍ വിറ്റപ്പോള്‍ ടെസ്‌ലക്ക് 4,84,500 കാറുകളാണ് വില്‍ക്കാനായത്. 

2011ല്‍ ബ്ലൂംബര്‍ഗിന് നല്‍കിയ അഭിമുഖത്തിനിടെയാണ് മസ്‌ക് ബിവൈഡിയില്‍ നിന്നുള്ള മത്സരത്തെ ചിരിച്ചു തള്ളിയത്. ബിവൈഡിയെ പോലുള്ള കമ്പനികളില്‍ നിന്നുള്ള കമ്പനികളില്‍ നിന്നുള്ള മത്സരത്തെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിനു പിന്നാലെയാണ് മസ്‌ക് ചിരിച്ചത്. ബിവൈഡിയെ കളിയാക്കിയാണ് ചിരിക്കുന്നതെന്നു തിരിച്ചറിഞ്ഞ അവതാരക ഇക്കാര്യം ആവര്‍ത്തിച്ചു ചോദിക്കുന്നുണ്ട്. അഭിമുഖത്തില്‍ തുടര്‍ന്നുള്ള സമയത്തും ബിവൈഡിയുടെ കാറുകളേയും സാങ്കേതികവിദ്യയേയും പുച്ഛിക്കുന്ന സമീപനമാണ് മസ്‌ക് സ്വീകരിച്ചത്. 

ആദ്യമായാണ് ഒരു പാദവാര്‍ഷിക കാലത്ത് ബിവൈഡി ടെസ്‌ലയെ മറികടക്കുന്നത്. അമേരിക്കയെ അപേക്ഷിച്ച് 100 കോടി ജനസംഖ്യയുള്ള ചൈനയിലെ വിപണിയില്‍ ശക്തമായ സാന്നിധ്യമാണ് ബിവൈഡി. ടെസ്‌ലയേക്കാള്‍ കൂടുതല്‍ വിലയിലും സൗകര്യങ്ങളിലും വൈവിധ്യം ബിവൈഡി ഉപഭോക്താക്കള്‍ക്കു നല്‍കുന്നുണ്ട്. പ്രീമിയം കാര്‍ വിഭാഗത്തിലാണ് ടെസ്‌യെങ്കില്‍ കുറച്ചുകൂടി വില കുറഞ്ഞ മോഡലുകളും ബിവൈഡി വാഗ്ദാനം ചെയ്യുന്നു. ഇതെല്ലാം അവരുടെ വില്‍പനയേയും വര്‍ധിപ്പിച്ചു. 

പാദ വാര്‍ഷിക കണക്കില്‍ ബിവൈഡി മുന്നിലെത്തിയെങ്കിലും വാര്‍ഷിക കണക്കില്‍ ഇപ്പോഴും ടെസ്‌ല തന്നെയാണ് ഏറ്റവും വലിയ വൈദ്യുത കാര്‍ കമ്പനി. 2023ല്‍ 18 ലക്ഷം വൈദ്യുത കാറുകളാണ് ടെസ്‌ല വിറ്റത്. എന്നാല്‍ ബിവൈഡിയാവട്ടെ 16 ലക്ഷം കാറുകളില്‍ ഒതുങ്ങി. ടെസ്‌ലയുടെ സ്വാധീനത്തില്‍ സാങ്കേതികവിദ്യ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ബിവൈഡി നിര്‍ബന്ധിതരായിരുന്നു. ബിവൈഡിയുടെ സ്വാധീനത്തില്‍ ടെസ്‌ല 20,000 ഡോളറിന്(ഏകദേശം 20 ലക്ഷം രൂപ) വൈദ്യുത കാര്‍ പുറത്തിറക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. 

ടെസ്‌ല തുടക്കം മുതല്‍ വൈദ്യുത കാറുകളില്‍ മാത്രമാണ് ശ്രദ്ധ വെച്ചിരുന്നതെങ്കില്‍ ബിവൈഡി അങ്ങനെയായിരുന്നില്ല. വൈദ്യുത കാറുകള്‍ക്കൊപ്പം ഹൈബ്രിഡ് കാറുകള്‍ക്കും ബിവൈഡി പ്രാധാന്യം നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ ടെസ്‌ലയെ മറികടന്ന നേട്ടം ബിവൈഡിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. 2023ല്‍ 16 ലക്ഷം വൈദ്യുത കാറുകള്‍ വിറ്റിട്ടുള്ള ബിവൈഡി 14 ലക്ഷം ഹൈബ്രിഡ് കാറുകളും വിറ്റിട്ടുണ്ട്. 

മസ്‌കും ടെസ്‌ലയും വൈദ്യുത കാര്‍ വില്‍പനയില്‍ ചരിത്രം രചിക്കുമ്പോള്‍ സമാന്തരമായ നേട്ടങ്ങള്‍ ബിവൈഡിയും സ്വന്തമാക്കുന്നുണ്ടായിരുന്നു. ഒടുവില്‍ ബിവൈഡിയുടെ കാര്യത്തില്‍ പിന്നീട് മസ്‌കിനു പോലും നിലപാട് മാറ്റേണ്ടി വന്നു. 2011ലെ അഭിമുഖത്തിന്റെ വിഡിയോ കാണിച്ച് ബിവൈഡിയെക്കുറിച്ച് ഇതേ അഭിപ്രായമാണോ ഇപ്പോഴുമെന്ന് എക്‌സില്‍ ഒരാള്‍ ചോദിച്ചിരുന്നു. ഈ പോസ്റ്റിന് മസ്‌ക് തന്നെ മറുപടി നല്‍കി. 'അത് പല വര്‍ഷങ്ങള്‍ക്കു മുമ്പുള്ളതാണ്. ഇന്ന് അവരുടെ കാറുകള്‍ വളരെയധികം മികച്ചതും ടെസ്‌ലയുമായി മത്സരിക്കുന്നവയുമാണ്' എന്നാണ് മക്‌സ് തിരുത്തിയത്. 

English Summary:

Auto New, BYD Overtakes Tesla As World’s Top EV Maker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com