കൂടുതൽ റേഞ്ചും കരുത്തും; 450 അപെക്സുമായി ഏഥർ
Mail This Article
ബെംഗളുരു ആസ്ഥാനമായുള്ള ഏഥര്‍ പുതിയ വൈദ്യുത സ്കൂട്ടര്‍ പുറത്തിറക്കുന്നു. ഏഥര്‍ അപെക്സ് എന്നു പേരിട്ടിരിക്കുന്ന ഈ സ്കൂട്ടര്‍ ഏഥര്‍ പുറത്തിറക്കുന്ന ഏറ്റവും വേഗമേറിയ സ്കൂട്ടറാണെന്ന സവിശേഷതയുമുണ്ട്. 450 എക്സില്‍ റാപ് മോഡാണെങ്കില്‍ ഏഥര്‍ അപെക്സില്‍ റാപ് പ്ലസ് മോഡാണുള്ളത്. പ്രീബുക്കിങ് ആരംഭിച്ചിട്ടുള്ള ഏഥര്‍ അപെക്സ് ജനുവരി ആറിനാണ് ലോഞ്ച് ചെയ്യുക.
പത്തുവര്‍ഷം പൂര്‍ത്തിയാക്കുന്ന ഏഥറിന്റെ പുതിയ വാഹനം ഏഥര്‍ 450എസ്, 450എക്സ് എന്നീ മുന്‍ മോഡലുകളോട് സാമ്യം പുലര്‍ത്തുന്നുണ്ട്. ടീസറില്‍ പ്രധാന വ്യത്യാസം പിന്‍ഭാഗത്തുള്ള മാറ്റങ്ങള്‍ മാത്രമാണ് കാണാനാവുക. 450 എക്സിലേതുപോലെ 7 ഇഞ്ച് ടിഎഫ്ടി ടച്ച്സ്ക്രീന്‍ തന്നെയാണ് പുതിയ സ്കൂട്ടറിലും. ബ്ലൂടൂത്ത് കണക്ടിവിറ്റി, ഓണ്‍ബോര്‍ഡ് നാവിഗേഷന്‍, ഹില്‍ഹോള്‍ഡ്, ഫോണ്‍ കോള്‍ എടുക്കാനും സംഗീതം കേള്‍ക്കാനുമുള്ള സംവിധാനം, ഓട്ടോ ഇന്‍ഡിക്കേറ്റര്‍ കട്ട് ഓഫ്, സൈഡ് സ്റ്റാന്‍ഡ് സെന്‍സര്‍, പാര്‍ക്ക് അസിസ്റ്റ് എന്നിവയെല്ലാം ഫീച്ചറുകളില്‍ പ്രതീക്ഷിക്കാം. ഏഥറിന്റെ മറ്റു മോഡലുകളിലേതുപോലെ സിംഗിള്‍ പീസ് സീറ്റായിരിക്കും പുതിയ മോഡലിലുമുണ്ടാവുക.
ടീസറില്‍ ഏഥര്‍ പറയുന്ന മറ്റൊരു കാര്യം 450 അപെക്സ് അധികം ബ്രേക്കു പിടിക്കേണ്ട ആവശ്യം വരില്ലെന്നാണ്. കാറുകളിലേതു പോലെ ഉയര്‍ന്ന തോതിലുള്ള റീജെന്‍ സാങ്കേതികവിദ്യ ഏഥര്‍ 450എക്സിലുണ്ടാവുമോ എന്ന പ്രതീക്ഷയും ഇത് നല്‍കുന്നുണ്ട്. 3.7kWh ബാറ്ററി പാക്കുള്ള 450എക്സിന് 1.45 ലക്ഷംരൂപയാണ് ഏഥര്‍ വിലയിട്ടിരിക്കുന്നത്. ഇതേ വാഹനം തന്നെ പ്രോയിലേക്കു പോവുമ്പോള്‍ വില 1.68ലക്ഷത്തിലേക്കെത്തും. അപെക്സ് മോഡലിന് എക്സിനേക്കാള്‍ വില പ്രതീക്ഷിക്കാം. ഈ മാസം മാര്‍ച്ചില്‍ ഏഥര്‍ 450 അപെക്സ് ഉപഭോക്താക്കളുടെ കൈകളിലെത്തുമെന്നാണ് കമ്പനി അറിയിക്കുന്നത്.
അടുത്തിടെയാണ് ഏഥര്‍ 450എക്സില്‍ ഒടിഎ അപ്ഡേറ്റ്സ് പ്രഖ്യാപിച്ചത്. ഇരുചക്രവാഹനങ്ങള്‍ക്കു വേണ്ടി പ്രത്യേകം ഭൂപടം തന്നെ ഏഥര്‍ ഇതുവഴി അവതരിപ്പിച്ചിരുന്നു. ഇത്തരത്തില്‍ ഇരുചക്രവാഹനങ്ങള്‍ക്കായി പ്രത്യേകം വഴികള്‍ ഉള്‍പ്പെടുന്ന ഭൂപടം ലോകത്ത് ആദ്യമായാണ് അവതരിപ്പിക്കുന്നതെന്ന അവകാശവാദവും ഏഥര്‍ മുന്നോട്ടുവെക്കുന്നുണ്ട്.
450എക്സ്, 450എസ് എന്നീ രണ്ട് മോഡലുകളുമായി എത്തി ഇന്ത്യയിലെ വൈദ്യുത സ്കൂട്ടര്‍ രംഗത്ത് തരംഗം സൃഷ്ടിച്ച കമ്പനിയാണ് ഏഥര്‍. 2024ല്‍ രണ്ട് പുതിയമോഡലുകള്‍ കൂടി അവതരിപ്പിക്കുമെന്ന് ഏഥര്‍ സിഇഒ തരുണ്‍ മേത്ത അറിയിച്ചിരുന്നു. ഏഥര്‍ എക്സിന്റെ പുതിയ പതിപ്പായ അപെക്സാണ് ഇതില്‍ ആദ്യത്തേത്. രണ്ടാമത്തേത് ഒരു ഫാമിലി സ്കൂട്ടറായിരിക്കുമെന്നാണ് തരുണ്‍ മേത്ത സൂചന നല്‍കിയത്.