6 എയർബാഗുകൾ, 70 സുരക്ഷാ സംവിധാനങ്ങൾ; ഫീച്ചറുകൾ നിറച്ച് പുതിയ ക്രേറ്റ
Mail This Article
നിലവിലെ മോഡലിൽ നിന്ന് ഏറെ മാറ്റങ്ങളുമായി എത്തുന്ന പുതിയ ഹ്യുണ്ടേയ് ക്രേറ്റയിൽ എഴുപതിലധികം സുരക്ഷാ സംവിധാനങ്ങളുണ്ടെന്ന് വിവരം. അതിൽ 36 സുരക്ഷാ സംവിധാനങ്ങൾ ബേസ് മോഡൽ മുതലുണ്ട്. വാഹനത്തിന്റെ കൂടുതൽ ഇന്റരീയർ ചിത്രങ്ങളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. പുതിയ മോഡലിന്റെ വില ജനുവരി 16ന് പ്രഖ്യാപിക്കും.
സുരക്ഷയാണ് പ്രധാനം, ആറ് എയർബാഗുകൾ
19 ഹ്യുണ്ടേയ് സ്മാർട്ട് സെൻസ് – ലെവൽ 2 എഡിഎസ് ഫീച്ചറുകൾ പുതിയ ക്രേറ്റയിലുണ്ട്, ബേസ് മോഡൽ മുതൽ ആറ് എയർബാഗുകൾ, എല്ലാ വീൽ ഡിസ്ക് ബ്രേക്, ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ തുടങ്ങി 36 സുരക്ഷാ സംവിധാനങ്ങൾ നൽകുന്നുണ്ട്. ഉയർന്ന മോഡലുകളിലാണ് എഴുപതിലധികം സുരക്ഷ ഫീച്ചറുകൾ.
എക്സ്റ്റീരിയർ മാറ്റങ്ങൾ
2020 ന് ശേഷം എക്സ്റ്റീരിയറിൽ വലിയ മാറ്റമാണ് ക്രേറ്റയിൽ വരുന്നത്. പുതിയ ബോക്സി ഗ്രില്ലും ഹെഡ്‌ലാംപും ബംബറുമാണ് വാഹനത്തിന്. വലുപ്പം കൂടിയ ഗ്രില്ലിനും ബോണറ്റിനും ഇടയിലൂടെ ഫുൾ ലെങ്ത്ത് എൽഇഡി സ്ട്രിപ്പുണ്ട്. ബംപറിലാണ് റെക്റ്റാഗുലർ ഡിസൈനുള്ള ഹെഡ്‌ലാംപ് കൺസോളിന്റെ സ്ഥാനം. പുതിയ ടെയിൽഗേറ്റാണ്. ഫുൾ വിഡ്ത്ത് എൽഇഡി ടെയിൽ ലാംപും റീഡിസൈൻഡ് പിൻ ബംപറുമുണ്ട്.
ഇന്റീരിയറിലും മാറ്റങ്ങളുണ്ട്
ഡാഷ്ബോർഡ് ഡിസൈൻ പുതുക്കിയിട്ടുണ്ട്. കിയ സെൽറ്റോസിന് സമാനമായ 10.25 ഇഞ്ച് കണക്റ്റഡ് സ്ക്രീനാണ്. 26.03 സെന്റിമീറ്ററർ മൾട്ടി ഡിസ്പ്ലെ ഡിജിറ്റൽ ക്ലസ്റ്ററും നൽകിയിരിക്കുന്നു. എസി വെന്റുകൾക്ക് ടച്ച് പാഡിനും ബട്ടനുകൾക്കുമെല്ലാം പുതു രൂപം നൽകി. കൂടാതെ പുതിയ സ്റ്റോറേഡ് സൗകര്യങ്ങളും വന്നിരിക്കുന്നു. ആറു തലത്തിൽ അഡ്ജെസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, പനോരമിക് സൺറൂഫ്, ഡ്യുവൽ സോൺ ഓട്ടമാറ്റിക് ടെമ്പറേച്ചർ കൺട്രോൾ തുടങ്ങിയ ഫീച്ചറുകളും പുതിയ ക്രേറ്റയിലുണ്ട്. ജിയോ സാവന്റെ ഒരു വർഷത്തെ സൗജ്യന സബ്സ്ക്രിബ്ഷൻ അടക്കം 70 അധികം കണക്റ്റഡ് ഫീച്ചറുകളുണ്ട് പുതിയ ക്രേറ്റയുടെ ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിൽ.
എൻജിൻ
രണ്ട് പെട്രോൾ എൻജിൻ വേരിയന്റുകളും ഒരു ഡീസൽ എൻജിൻ മോഡലുമുണ്ടാകും. ഭാവിയിൽ ക്രേറ്റയുടെ ഇലക്ട്രിക് മോഡലും വിപണിയിലെത്തും. 115 ബിഎച്ച്പി കരുത്തുള്ള 1.5 ലീറ്റർ പെട്രോൾ, ഡീസൽ എൻജിനുകള്‍. സിവിടി, ടോർക്ക് കൺവേർട്ടർ, മാനുവൽ ഗിയർബോക്സുകൾ. 1.4 ലീറ്റർ ടർബോ പെട്രോളിന് പകരം 1.5 ലീറ്റർ ടർബോ പെട്രോൾ എൻജിൻ എത്തും. മാനുവൽ, ഡിസിടി ഗിയർബോക്സുകൾ പ്രതീക്ഷിക്കാം.