ADVERTISEMENT

ഇന്ത്യന്‍ വൈദ്യുത സ്‌കൂട്ടര്‍ വിപണിയിലെ മത്സരം കടുപ്പിച്ച് ഏഥര്‍ 450എക്‌സ് അപെക്‌സ് പുറത്തിറങ്ങി. ഒലയുടെ പ്രീമിയം സ്കൂട്ടർ എസ്1 എക്‌സ് ജെന്‍ 2 മോഡലിനുള്ള മറുപടിയാണ് ഏഥറിന്റെ അപെക്‌സ്. 1.89 ലക്ഷം രൂപയാണ് ഈ വൈദ്യുത സ്‌കൂട്ടറിന്റെ വില. ഇന്‍ഷുറന്‍സും റജിസ്‌ട്രേഷനും കൂടിയാകുമ്പോള്‍ കൊച്ചി പോലുള്ള നഗരങ്ങളില്‍ വില 2.06 ലക്ഷത്തിലെത്തും.

ഒരു പ്രീമിയം സ്‌കൂട്ടറായാണ് ഏഥര്‍ 450 അപെക്‌സിനെ അവതരിപ്പിച്ചിരിക്കുന്നത്. രൂപത്തില്‍ അപെക്‌സിന് മുന്‍ഗാമിയായ ഏഥര്‍ 450എക്‌സുമായി വലിയ മാറ്റമില്ല. വശങ്ങളില്‍ ട്രാന്‍സ്പരന്റ് പാനലുകള്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്പരന്റ് ഡിസൈനുള്ള സ്‌കൂട്ടറെന്നാണ് ഏഥറിന്റെ അവകാശവാദം. ഉള്ളില്‍ വയറുകളോ ഏച്ചുകെട്ടിയ ഭാഗങ്ങളോ ഒന്നുമില്ലെന്നു കൂടി ഈ സുതാര്യമായ ഡിസൈന്‍ വഴി ഏഥര്‍ പ്രഖ്യാപിക്കുന്നു. നീല, ഓറഞ്ച് നിറങ്ങള്‍ ചേര്‍ത്തുള്ളതാണ് പുതിയ സ്റ്റൈലിഷ് കളര്‍ ഓപ്ഷന്‍.

റേഞ്ച് 157 കിലോമീറ്റർ

450എക്‌സിന്റെ സമാനമായ 3.7kWh ബാറ്ററി പാക്കാണ് 450 അപെക്‌സിന് ഏഥര്‍ നല്‍കിയിരിക്കുന്നത്. റേഞ്ച് 157 കിലോമീറ്ററായി വര്‍ധിച്ചിരിക്കുന്നു. അതേസമയം യഥാര്‍ഥ ഡ്രൈവിങ് സാഹചര്യങ്ങളില്‍ 110 കിലോമീറ്റര്‍ വരെയായി റേഞ്ച് കുറയാനും ഇടയുണ്ട്. 17.7 സെന്റിമീറ്റര്‍ ടിഎഫ്ടി ടച്ച് സ്‌ക്രീനിലാണ് വിവരങ്ങള്‍ തെളിയുക. ഗൂഗിള്‍ മാപ്പിന്റെ നാവിഗേഷനുള്ള അപെക്‌സ് മുഴുവനായും ചാര്‍ജു ചെയ്യാന്‍ അഞ്ചു മണിക്കൂറും 45 മിനുറ്റും വേണ്ടി വരും. അഞ്ച് റൈഡിഡ് മോഡുകളുണ്ടെങ്കിലും റാപ് പ്ലസ് മോഡിലാണ് അപെക്‌സിന്റെ ഏറ്റവും മികച്ച പെര്‍ഫോമെന്‍സ് ലഭിക്കുക. എന്നാല്‍ അപ്പോള്‍ റേഞ്ച് 75 കിലോമീറ്ററായി മാറും. 

സിറ്റി റൈഡുകളില്‍ മുതല്‍ക്കൂട്ട്

450എക്‌സിനേക്കാള്‍ പല ഫീച്ചറുകളിലും മുന്നിലാണ് ഏഥര്‍ 450 അപെക്‌സ്. 7.0kW/26Nm മോട്ടോറുള്ള 450 അപെക്‌സിന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കാനാകും. 450 എക്‌സിന്റെ പരമാവധി വേഗം മണിക്കൂറില്‍ 90 കിലോമീറ്ററായിരുന്നു. വെറും 2.9 സെക്കന്‍ഡുകൊണ്ട് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തിലേക്കു കുതിക്കാന്‍ അപെക്‌സിനാവും. ട്രാഫിക് സിഗ്നലുകളില്‍ വേഗത്തില്‍ കുതിച്ചു മുന്നേറുന്ന അപെക്‌സ് സിറ്റി റൈഡുകളില്‍ മുതല്‍ക്കൂട്ടാവും.

'മാജിക്ക് ട്വിസ്റ്റ്'

ബ്രേക്കില്ലാ ബ്രേക്കാണ് മറ്റൊരു പ്രധാന ഫീച്ചറായി ഏഥര്‍ അവതരിപ്പിച്ചിരിക്കുന്ന 'മാജിക്ക് ട്വിസ്റ്റ്'. ബ്രേക്ക് പിടിക്കേണ്ട ആവശ്യം തന്നെയില്ലെന്നാണ് ഏഥര്‍ അറിയിക്കുന്നത്. ബ്രേക്കിന് പകരം ആക്‌സിലറേറ്റര്‍ കുറക്കുമ്പോള്‍ തന്നെ വാഹനത്തിന്റെ വേഗതയും കുറയും. പരമ്പരാഗത ബ്രേക്കുകള്‍ക്ക് പകരം വയ്ക്കുന്നവയാണ് തങ്ങളുടെ റീജെന്‍ സാങ്കേതികവിദ്യയെന്നാണ് ഏഥര്‍ അവകാശപ്പെടുന്നത്. 

പ്രത്യേകം കിറ്റ്

പ്രത്യേകം കിറ്റും അപെക്‌സ് വാങ്ങുന്നവര്‍ക്ക് ഏഥര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 450 അപെക്‌സിന്റെ നിറങ്ങളില്‍ ഹാന്‍ഡ് ക്രാഫ്റ്റഡ് ഹെല്‍മെറ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, നെക് കേറ്റര്‍, കീചെയിന്‍ എന്നിവയെല്ലാം കിറ്റില്‍ പ്രതീക്ഷിക്കാം. അഞ്ചു വര്‍ഷം അല്ലെങ്കില്‍ 60,000 കിലോമീറ്ററാണ് അപെക്‌സ് വാഗ്ദാനം ചെയ്യുന്ന വാറണ്ടി. ഏഥര്‍ കണക്ട് മൂന്നു വര്‍ഷവും 450 അപെക്‌സ് ഉടമകള്‍ക്ക് ലഭിക്കും.

കഴിഞ്ഞ മാസം മുതല്‍ ഏഥര്‍ അപെക്‌സിന്റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 2,500 രൂപ മുടക്കിയാല്‍ ഏഥര്‍ അപെക്‌സ് ബുക്കു ചെയ്യാനാവും. ഫെബ്രുവരി മുതല്‍ ഏഥര്‍ അപെക്‌സ് ടെസ്റ്റ് ഡ്രൈവ് നടത്താനാവും. മാര്‍ച്ച് മുതല്‍ ഏഥര്‍ അപെക്‌സ് ഉടമകളുടെ കൈകളിലെത്തുമെന്നാണ് ഏഥര്‍ അറിയിച്ചിട്ടുള്ളത്.

English Summary:

Auto News, Ather 450 Apex launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com