നടുറോഡിൽ കാറിന്റെ റൂഫ് തുറന്ന് പെണ്‍കുട്ടിയുടെ നൃത്തം; നടപടിയെടുക്കണമെന്ന് കാഴ്ചക്കാർ
Mail This Article
ഗതാഗതക്കുരുക്കില്‍ കുറച്ചു സമയം പെട്ടുപോയാല്‍ എത്ര സന്തോഷത്തില്‍ ഇരിക്കുന്നവരുടേയും മുഖം മാറും. ഗതാഗതക്കുരുക്കിനിടെ ഉച്ചത്തില്‍ പാട്ടും കേട്ട് കാറില്‍ എഴുന്നേറ്റു നിന്ന് നൃത്തം ചെയ്യുന്ന യുവതിയുടെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. ഡല്‍ഹിയിലെ നടുറോഡില്‍ വച്ചായിരുന്നു ഈ പെണ്‍കുട്ടിയുടെ ഡാന്‍സ്. മേല്‍ക്കൂര തുറക്കാവുന്ന ഔഡി കണ്‍വെര്‍ട്ടബിളിനുള്ളില്‍ നിന്നുകൊണ്ടായിരുന്നു ട്രാഫിക് നിയമം കാറ്റില്‍ പറത്തിക്കൊണ്ടുള്ള ഡാന്‍സ്. വൈറലായതിനു വിഡിയോയിലെ പെണ്‍കുട്ടിക്കും ഡ്രൈവര്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
ഇന്‍സ്റ്റഗ്രാമില്‍ Epic 69 എന്ന പേജിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഔഡി എ ത്രീ കബ്രിയോളെയുടെ മുന്നിലെ പാസഞ്ചര്‍ സീറ്റില്‍ യാത്ര ചെയ്യുകയായിരുന്നു യുവതി. വാഹനം ഓടിക്കുന്നത് ഒരു യുവാവാണ്. ഗതാഗതക്കുരുക്കിനിടെ പതിയെ വാഹനങ്ങള്‍ നീങ്ങി തുടങ്ങിയപ്പോഴായിരുന്നു യുവതി പിന്‍തിരിഞ്ഞു നിന്നുകൊണ്ട് ഡാന്‍സ് ചെയ്തത്. കാറിനുള്ളില്‍ നിന്നുള്ള നൃത്തത്തിന്റെ വിഡിയോ വഴിയാത്രക്കാര്‍ ചിത്രീകരിച്ചതാണ് പുറത്തുവന്നിരിക്കുന്നത്.
എന്തിനാണ് ഈ പെണ്‍കുട്ടി കാറിനുള്ളില്‍ നിന്നുകൊണ്ട് നൃത്തം ചെയ്തതെന്ന് വ്യക്തമല്ല. മാത്രമല്ല ആരാണ് ഈ പെണ്‍കുട്ടിയെന്നോ ആരുടേതാണ് ഈ ചുവന്ന ഔഡി എ ത്രീ കബ്രിയോളെയെന്നോ പുറത്തുവന്നിട്ടില്ല. കാറിന്റെ നമ്പര്‍ വിഡിയോയില്‍ വ്യക്തമല്ല.
ഇന്‍സ്റ്റഗ്രാമില്‍ 2.67 ലക്ഷത്തിലേറെ ലൈക്കുകളും 9,500ലേറെ കമന്റുകളും ലഭിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്കിനിടെയുള്ള യുവതിയുടെ ഡാന്‍സിനെ വിമര്‍ശിക്കുന്നതാണ്. പൊതുസ്ഥലത്ത് നിയമം പാലിക്കാതെയുള്ള ഇത്തരം പ്രവൃത്തികള്‍ക്കെതിരെ അധികൃതര്‍ നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമാണ്. അതേസമയം ഈ സംഭവത്തെ ലളിതമായി എടുക്കുന്നവരുമുണ്ട്. 'ഒരാളെങ്കിലും സന്തോഷത്തോടെയിരിക്കുന്നുണ്ടല്ലോ' എന്നാണ് വിഡിയോക്കു താഴെ വന്ന കമന്റുകളിലൊന്ന്.
പെണ്‍കുട്ടി നൃത്തം ചെയ്ത ഔഡി എ ത്രീ കബ്രിയോളെയുടെ മുഖം മിനുക്കിയ മോഡൽ 2017ലാണ് ഇന്ത്യയില്‍ ആദ്യമായി ഇറങ്ങുന്നത്. ഹൈഡ്രോളിക് സംവിധാനം കൊണ്ട് നിയന്ത്രിക്കാനാവുന്ന സോഫ്റ്റ് ടോപ്പാണ് ഈ വാഹനത്തിന്റെ സവിശേഷതകളിലൊന്ന്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ പോകുമ്പോൾ വരെ ഈ സോഫ്റ്റ് ടോപ് അടക്കാനും തുറക്കാനും സാധിക്കും.
148 ബിഎച്ച്പി, 250എന്‍എം ടോര്‍ക്കുള്ള 1.4 ലീറ്റര്‍ ടിഎഫ്എസ്‌ഐ പെട്രോള്‍ എന്‍ജിനാണ് ഔഡി എ ത്രീ കബ്രിയോളെയിലുള്ളത്. പുതിയ വാഹനത്തിന് 47.98 ലക്ഷം രൂപയാണ് വില. 2014ല്‍ പുറത്തിറങ്ങിയ ഔഡി എ ത്രീ കബ്രിയോളെയുടെ മുഖംമിനുക്കിയ വാഹനം 2017ലാണ് ഔഡി ഇന്ത്യയിലെത്തിച്ചത്. വിപണിയില്‍ കാര്യമായ ചലമുണ്ടാക്കാത്തതിനെ തുടര്‍ന്ന് ഔഡി ഈ മോഡല്‍ വാഹനത്തെ 2019ല്‍ പിന്‍വലിച്ചിരുന്നു.